ജോഹന്നസ്ബർഗ്- വെർനൺ ഫിലാന്ററുടെ പെയ്‌സ് കൊടുങ്കാറ്റിനു മുന്നിൽ ഓസ്‌ട്രേലിയൻ ബാറ്റിംഗ് നിര തകർന്നടിഞ്ഞതോടെ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്ക് 492 റൺസിന്റെ റെക്കോർഡ് ജയം. കരിയർ ബെസ്റ്റ് പ്രകടനം കാഴ്ചവെച്ച ഫിലാന്റർ 21 റൺസ് മാത്രം വിട്ടുനൽകി ആറ് വിക്കറ്റ് വീഴ്ത്തിയപ്പോൾ, ഓസീസിന്റെ രണ്ടാമിന്നിംഗ്‌സ് വെറും 119 റൺസിന് അവസാനിച്ചു.
ഈ വിജയത്തോടെ 3-1ന് പരമ്പര സ്വന്തമാക്കിയ പ്രോട്ടീസ് മറ്റൊരു ചരിത്ര നേട്ടവും കുറിച്ചു. അര നൂറ്റാണ്ടിനിടെ ആദ്യമായി സ്വന്തം നാട്ടിൽ ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പര വിജയമെന്ന നേട്ടം. ഇതിനു മുമ്പ് 1969-70 ലാണ് ദക്ഷിണാഫ്രിക്കക്ക് സ്വന്തം നാട്ടിൽ ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പര നേടാനായത്.
മൂന്നാം ടെസ്റ്റിനിടെ ഉണ്ടായ പന്തു ചുരണ്ടൽ വിവാദത്തോടെ ആടിയുലഞ്ഞ ഓസ്‌ട്രേലിയ ഒരു ചെറുത്തുനിൽപ്പ് പോലും നടത്താതെയാണ് നാലാം ടെസ്റ്റിൽ കീഴടക്കിയത്. വിവാദത്തെത്തുടർന്ന് ടീമിൽനിന്ന് പുറത്താക്കപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാണർ, കാമറൂൺ ബാൻക്രോഫ്റ്റ് എന്നിവർക്ക് പിന്നീട് ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കേർപ്പെടുത്തുകയും ചെയ്തു. വിവാദം ടീമിന്റെ പ്രകടനത്തെ ബാധിച്ചുവെന്ന് പുതിയ ഓസീസ് ക്യാപ്റ്റൻ ടിം പെയ്ൻ മത്സരത്തിനുശേഷം സമ്മതിച്ചു.
വെറും 16.4 ഓവറാണ് ഇന്നലെ ഓസ്‌ട്രേലിയ പിടിച്ചുനിന്നത്. തലേദിവസത്തെ മൂന്നിന് 88 എന്ന സ്‌കോറിൽ ബാറ്റിംഗ് പുനരാരംഭിച്ച സന്ദർശകരെ ആദ്യ ഓവറിൽതന്നെ ഫിലാന്റർ ഞെട്ടിച്ചു. ആദ്യ പന്തിൽ ഷോൺ മാർഷിനെ (7) ടെംബ ബൗമ ഗല്ലിയിൽ പിടിച്ചു. നാലാമത്തെ പന്തിൽ സഹോദരൻ മിച്ചൽ മാർഷിനെ (0) ഫിലാന്റർ ക്വിന്റൺ ഡിക്കോക്കിന്റെ കൈകളിലെത്തിച്ചു. ഇതോടെ ഫിലാന്റർ ടെസ്റ്റ് ക്രിക്കറ്റിൽ 200 വിക്കറ്റ് തികച്ചു. പിടിച്ചുനിൽക്കാൻ ശ്രമിച്ച പീറ്റർ ഹാൻസ്‌കോംബായിരുന്നു (24) അടുത്ത ഇര.
ആദ്യ ഇന്നിംഗ്‌സിൽ ടീമിന്റെ രക്ഷകരായ ടിം പെയ്ൻ (7), പാറ്റ് കമിൻസ് (1) എന്നിവരെയും ഫിലാന്റർ അതിവേഗം മടക്കി. ഛാഡ് സായേഴ്‌സിനെ (0) പുറത്താക്കിക്കൊണ്ടാണ് ഫാസ്റ്റ് ബൗളർ ആറാം വിക്കറ്റ് തികക്കുന്നത്.ഓസ്‌ട്രേലിയയുടെ ഒമ്പത് വിക്കറ്റുകൾ വീണതോടെ വിടവാങ്ങൽ ടെസ്റ്റ് കളിക്കുന്ന മോണി മോർക്കലിന് ക്യാപ്റ്റൻ പന്ത് നൽകിയെങ്കിലും വിക്കറ്റ് വീഴ്ത്താൻ ഫാസ്റ്റ് ബൗളർക്കായില്ല. നഥാൻ ലിയോൺ (9) റണ്ണൗട്ടായതോടെയാണ് ഓസീസ് ഇന്നിംഗ്‌സിന് വിരാമമാവുന്നത്.