കുവൈത്ത് സിറ്റി - വിസറ്റ് വിസകള്‍ തൊഴില്‍ വിസകളാക്കി മാറ്റാന്‍ കമ്പനികളെ അനുവദിക്കുന്ന കരടു ഇഖാമ നിയമം കുവൈത്ത് പാര്‍ലമെന്റ് ആഭ്യന്തര, പ്രതിരോധകാര്യ കമ്മിറ്റി അംഗീകരിച്ചു. വിസിറ്റ് വിസാ കാലാവധി മൂന്നു മാസമായി നിയമം നിര്‍ണയിക്കുന്നു. ഇത് ദീര്‍ഘിപ്പിക്കാന്‍ കഴിയില്ല. എന്നാല്‍ വിസിറ്റ് വിസകള്‍ തൊഴില്‍ വിസകളാക്കി മാറ്റാന്‍ കമ്പനികളെ നിയമം അനുവദിക്കുന്നതായി ആഭ്യന്തര, പ്രതിരോധകാര്യ കമ്മിറ്റി പ്രസിഡന്റും എം.പിയുമായ സഅദൂന്‍ ഹമാദ് പറഞ്ഞു.
നിയമത്തിലെ ചില വകുപ്പുകളെ കുറിച്ച് പ്രചരിക്കുന്ന പല വിവരങ്ങളും ശരിയല്ല. വിസിറ്റ് വിസയില്‍ രാജ്യത്ത് പ്രവേശിക്കുന്ന വിദേശിക്ക് മൂന്നു മാസത്തില്‍ കവിയാത്ത കാലം രാജ്യത്ത് താമസിക്കാമെന്ന് നിയമത്തിലെ 11-ാം വകുപ്പ് അനുശാസിക്കുന്നു. വിസിറ്റ് വിസാ കാലാവധി ഒരു വര്‍ഷമായി ദീര്‍ഘിപ്പിക്കാന്‍ കരടു നിയമം അനുവദിക്കുന്നു എന്നനിലയില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ല.
വിദേശികള്‍ക്ക് അഞ്ചു വര്‍ഷത്തില്‍ കവിയാത്ത കാലം കുവൈത്തില്‍ കഴിയാന്‍ അനുമതി നല്‍കാവുന്നതാണെന്നും ഇവരുടെ ഇഖാമകള്‍ അഞ്ചു വര്‍ഷത്തിനു ശേഷം ദീര്‍ഘിപ്പിക്കാവുന്നതാണെന്നും കരടു നിയമത്തിലെ 13-ാം വകുപ്പ് അനുശാസിക്കുന്നു. വിദേശികളുടെ ഇഖാമകള്‍ അഞ്ചു വര്‍ഷത്തിനു ശേഷം ദീര്‍ഘിപ്പിക്കാന്‍ കഴിയില്ലെന്ന് ചിലര്‍ തെറ്റായി മനസ്സിലാക്കിയിട്ടുണ്ട്. ഇതും ശരിയല്ല.
കുവൈത്തി വനിതകള്‍ക്ക് വിദേശികളുമായുള്ള വിവാഹ ബന്ധങ്ങളില്‍ പിറക്കുന്ന മക്കള്‍ക്കും റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ക്കും പത്തു വര്‍ത്തില്‍ കവിയാത്ത കാലവും നിക്ഷേപകര്‍ക്ക് പതിനഞ്ചു വര്‍ഷത്തില്‍ കവിയാത്ത കാലവും കുവൈത്തില്‍ കഴിയാന്‍ ഇഖാമകള്‍ അനുവദിക്കാവുന്നതാണെന്ന് നിയമം വ്യക്തമാക്കുന്നു. ഇത്തരക്കാരുടെ ഇഖാമകളും പിന്നീട് ദീര്‍ഘിപ്പിക്കാവുന്നതാണ്. വിസിറ്റ് വിസകള്‍ മാത്രമാണ് ദീര്‍ഘിപ്പിക്കാന്‍ നിയമം അനുവദിക്കാത്തത്.
സ്‌പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടുന്ന വിദേശികളെ സ്വന്തം ചെലവില്‍ കുവൈത്തില്‍ നിന്ന് നാടുകടത്തുന്നതിന് ഉത്തരവിടാന്‍ നിര്‍ദിഷ്ട കരടു നിയമം ആഭ്യന്തര മന്ത്രിയെ അനുവദിക്കുന്നു. തടവും പിഴയും അടക്കം കൂടുതല്‍ കടുത്ത ശിക്ഷകള്‍ വ്യവസ്ഥ ചെയ്ത് ഇഖാമ കച്ചവടക്കാരെ ചെറുക്കാനാണ് പുതിയ നിയമത്തിലൂടെ മുഖ്യമായും ലക്ഷ്യമിടുന്നത്. ഇഖാമ കച്ചവടക്കാര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും 10,000 കുവൈത്തി ദീനാര്‍ പിഴയുമാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്. നിയമ ലംഘകരായ വിദേശ തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് ഇഖാമ കച്ചവടക്കാര്‍ക്ക് ഇരട്ടി തുക പിഴ ചുമത്തും. സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് ഇഖാമ കച്ചവടം നടത്തി കുടുങ്ങുന്നതെങ്കിലും പുതിയ നിയമം അനുസരിച്ച് ഇരട്ടി ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര, പ്രതിരോധകാര്യ കമ്മിറ്റി പ്രസിഡന്റും എം.പിയുമായ സഅദൂന്‍ ഹമാദ് പറഞ്ഞു.