ജിദ്ദ- വേറിട്ട പ്രഭാഷണശൈലി കൊണ്ട് ജിദ്ദയിലെ മലയാളികള്‍ക്കിടയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ശുക്കൂര്‍ സാഹിബ് നാട്ടിലേക്ക് മടങ്ങുന്നു. സൗദിയില്‍ നൂറുകണക്കിനു ക്ലാസുകള്‍ക്കു പുറമെ, അനേകം ചരിത്ര പഠന യാത്രകള്‍ക്കും നേതൃത്വം നല്‍കിയാണ് അദ്ദേഹം ജനമനസ്സുകള്‍ കീഴടക്കിയത്.
സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ നിറസാന്നിധ്യമായ നാല് പതിറ്റാണ്ട് പ്രവാസ ജീവിതം ധന്യമാക്കിയാണ് നാട്ടിലേക്കുള്ള മടക്കം. മലപ്പുറം കോടൂര്‍ ചെമ്മങ്കടവ് സ്വദേശിയായ അബ്ദു ശുക്കൂര്‍ അലിയാണ് ജിദ്ദ മലയാളികളുടെ പ്രിയപ്പെട്ട ശുക്കൂര്‍ സാഹിബ്.
വായനയിലൂടെ ഏറ്റവും പുതിയ അറിവുകളും സമകാലിക സംഭവങ്ങളും ചേര്‍ത്ത് ക്ലാസുകള്‍ വിജ്ഞാന പ്രദമാക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. ഇടുങ്ങിയ ചിന്താഗതികള്‍ അവസാനിപ്പിക്കാനും വിശാലമായ സൗഹൃദങ്ങളിലെത്താനും വായനയിലൂടെ ഏറ്റവും അപ്‌ഡേറ്റാവുകയാണ് മരുന്നെന്ന് അദ്ദേഹം പ്രവാസികളെ ഉണര്‍ത്തുന്നു.
അബ്ദുശുക്കൂര്‍ അലിയുടെ നേതൃത്വത്തില്‍ സൗദിയില്‍ നടത്തിയ ചരിത്ര പഠനയാത്രകള്‍ ഇപ്പോഴും ധാരാളം പേരുടെ മനസ്സുകളില്‍ തങ്ങിനില്‍ക്കുന്നു.
പ്രവാസ ജീവതത്തില്‍ യു.എ.ഇ, ഈജിപ്ത്, ജോര്‍ദാന്‍, സിറിയ, ഒമാന്‍, ഫലസ്തീന്‍, തുര്‍ക്കി, ഫ്രാന്‍സ്, സ്‌പെയിന്‍, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതായി അദ്ദേഹം പറഞ്ഞു.
യാംബുവിലും ജിദ്ദയിലുമായി ഒട്ടേറെ സാമൂഹിക സംരംഭങ്ങളുമായി സഹകരിക്കാന്‍ സാധിച്ചതും പ്രവാസികളെ ചെറുതെങ്കിലും നിക്ഷേപ സംസ്‌കാരത്തിലേക്ക് നയിക്കാന്‍ കഴിഞ്ഞതും എപ്പോഴും ഓര്‍മിക്കാന്‍ അവശേഷിക്കുന്നുവെന്ന് അദ്ദേഹം മലയാളം ന്യൂസിനോട് പറഞ്ഞു.
തനിമ സാംസ്‌കാരിക വേദി സൗദി കേന്ദ്ര സമിതിയംഗമായ ഇദ്ദേഹം മൂന്നു തവണ തനിമ ജിദ്ദ നോര്‍ത്ത് സോണ്‍ പ്രസിഡന്റായിരുന്നു. ഖുര്‍ആന്‍ സ്റ്റഡി സെന്ററിനു നേതൃത്വം നല്‍കി ഒട്ടേറെ പേരെ ഖുര്‍ആന്‍ പഠനത്തിലെത്തിക്കാനും സാധിച്ചു. ധാരാളം വിദ്യാര്‍ഥികള്‍ക്ക് മതപഠനത്തിനു സൗകര്യമൊരുക്കിയ മദ്രസകള്‍ക്ക് നേതൃത്വം നല്‍കാനും കഴിഞ്ഞു.
18 വര്‍ഷം യാംബുവില്‍ ജോലി ചെയ്ത ശേഷമാണ് ജിദ്ദയിലെത്തിയത്. തനിമ സാംസ്‌കാരിക വേദിയിലൂടെയായിരുന്നു യാംബുവിലെയും ജിദ്ദയിലെയും സാമൂഹിക സാംസ്‌കാരിക മേഖലയിലുള്ള പ്രവര്‍ത്തനം. ഇതര മത, സാംസ്‌കാരിക, സന്നദ്ധ സംഘടനകളുമായി നല്ല ബന്ധം ഉണ്ടാക്കിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍നിന്ന് ബി.എ അറബി ബിരുദവും കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് എം.എയും കരസ്ഥമാക്കിയ ശേഷം 1982 ല്‍ കിംഗ് സഊദ് യൂനിവേഴ്‌സിറ്റിയില്‍ ഉപരിപഠനത്തിനായി ചേര്‍ന്നതോടെയാണ് പ്രവാസ ജീവിതം ആരംഭിച്ചത്.
സൗദിയില്‍നിന്ന് അറബി ഭാഷയില്‍ രണ്ടു വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സ് പൂര്‍ത്തിയാക്കി ഒരു വര്‍ഷം മുംബൈയില്‍ ഗൂഡ് മാന്‍സ് ഇന്റര്‍നാഷനല്‍ കമ്പനിയില്‍ പരിഭാഷകനായി ജോലി ചെയ്തു. 1985 ല്‍ ജിദ്ദയിലെത്തി ഒരു കണ്‍സ്ട്രക് ഷന്‍ കമ്പനിയില്‍ അഡ് മിനിസ്‌ട്രേഷന്‍ അസിസ്റ്റന്റ് ആയി ജോലി ആരംഭിച്ചു.
1986 ല്‍ വ്യവസായ നഗരിയായ യാംബുവിലേക്ക് മാറി ലൂബ്രിസോള്‍ കമ്പനിയില്‍ പരിഭാഷകനും പേഴ്‌സനല്‍ ഓഫിസറുമായി ജോലി ചെയ്തു. 1996 ല്‍ പ്രമുഖ പെട്രോ കെമിക്കല്‍ കമ്പനിയായ ഇബ്‌നു റുഷ്ദില്‍ എക്‌സിക്യൂട്ടിവ് സെക്രട്ടറിയായും 1998 ല്‍ യാന്‍പെറ്റ് പെട്രോ കെമിക്കല്‍ കമ്പനിയില്‍ ഹ്യൂമന്‍ റിസോഴ്‌സസ് സ്‌പെഷലിസ്റ്റ് ആയും ജോലി ചെയ്തു.
18 വര്‍ഷം യാംബുവില്‍ ജോലി ചെയ്തതിനു ശേഷം 2004 മുതല്‍ ജിദ്ദയിലായിരുന്നു. ഇബ്‌നു മഹ്ഫൂസിന്റെ സെഡ്‌കോ ഹോള്‍ഡിങ് കമ്പനിയില്‍ സി.ഇ.ഒ ഓഫിസ് മാനേജര്‍ തസ്തികയില്‍നിന്ന് വിരമിച്ചാണ് നാട്ടിലേക്ക് മടങ്ങുന്നത്.
സൗദയാണ് ഭാര്യ. മക്കള്‍: സല്‍വ, നജ്‌വ, മുഹമ്മദ്, മര്‍വ. മരുമക്കൾ : നജീബ് (ദമ്മാം), മുനീർ (ജിദ്ദ), അഫ്സൽ (ദുബായ്). ജൂണ്‍ 11 ന് നാട്ടിലേക്ക് മടങ്ങുന്ന അബ്ദു ശുക്കൂര്‍ അലിയുമായി 0508671674 എന്ന നമ്പറില്‍ ബന്ധപ്പെടാം.