Sorry, you need to enable JavaScript to visit this website.

വെസ്റ്റ്‌നൈല്‍ പനി മരണം തൃശൂരിലെ സ്വകാര്യ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം

തൃശൂര്‍- പാണഞ്ചേരിയില്‍ വെസ്റ്റ്‌നൈല്‍ പനി ബാധിച്ച് രോഗിമരിക്കാനിടയായ സംഭവത്തില്‍ ചികില്‍സിച്ച തൃശൂരിലെ സ്വകാര്യ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. പാണഞ്ചേരി പയ്യനം പുത്തന്‍പുരയില്‍ വീട്ടില്‍ ജോബി ആണ്   തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍  ചികില്‍സയിലിരിക്കെ മരിച്ചത്. അസുഖ ബാധിതനായി ഒന്നര മാസത്തോളമായി ആശുപത്രികളിലായിരുന്നിട്ടും ചികിത്സ നടത്തിയ സ്വകാര്യ ആശുപത്രിക്ക് രോഗം കണ്ട് പിടിക്കാനായില്ലെന്ന് കുടുംബം ആരോപിക്കുന്നു. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ജോബിക്ക് ശനിയാഴ്ചയാണ് വെസ്റ്റ് നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചത്. ഏപ്രില്‍ 19 നാണ് ജോബിക്ക് പനി ബാധിച്ചത്. തുടര്‍ന്ന് തൃശൂര്‍ സണ്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഒരു മാസത്തിലധികം നീണ്ട ചികിത്സക്ക് ശേഷവും രോഗം കണ്ടെത്താനായില്ല. രണ്ട് ദിവസം മുന്‍പ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചപ്പോഴാണ് വെസ്റ്റ് നൈല്‍ പനിയാണ് കണ്ട് പിടിച്ചത്.
എട്ടര ലക്ഷം രൂപ ചികിത്സക്കായി ഈടാക്കിയ സ്വകാര്യ ആശുപത്രിയാണ് ജോബിയുടെ മരണത്തിന് കാരണക്കാരെന്ന് ജോബിയുടെ സഹോദരന്‍ ജിമ്മി പറയുന്നു. ജോബിയെ പരിചരിച്ച രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കം മൂന്ന് പേര്‍ നിരീക്ഷണത്തിലാണ്.  രോഗമറിയാതെ ചികില്‍സയുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുക്കുക മാത്രമല്ല, രോഗിയെ മരണത്തിലേക്കും തള്ളിവിട്ടുവെന്നാണ് ആക്ഷേപം. ആശുപത്രിക്കെതിരെ അന്വേഷണവും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.

 

Latest News