പത്തനംതിട്ട - വെസ്റ്റ് നൈല്‍ പനി പ്രതിരോധിക്കാന്‍ കൊതുക് നിവാരണവും ഉറവിട നശീകരണവും അനിവാര്യമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് . ആശങ്കപ്പെടേണ്ട സാഹചര്യമില്ല . ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട് . ജപ്പാന്‍ ജ്വരത്തിന് സമാനമായ രോഗ ലക്ഷണങ്ങളോടെയാണ് വെസ്റ്റ് നൈല്‍ പനിയും കാണാറുള്ളത് . എന്നാല്‍ ജപ്പാന്‍ ജ്വരം പോലെ രോഗം ഗുരുതരമാകാറില്ല . എങ്കിലും ജാഗ്രത പാലിക്കണം . കാലാവസ്ഥാ വ്യതിയാനം കാരണം പകര്‍ച്ച വ്യാധികള്‍ക്ക് സാധ്യതയുള്ളതിനാല്‍ സംസ്ഥാനം നേരത്തെ തന്നെ ജാഗ്രതാ നിര്‍ദേശം നല്‍കി . പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം . കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം . വ്യക്തികള്‍ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം . വെള്ളം കെട്ടിനില്‍ക്കാതെ നോക്കണം . പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു . മന്ത്രിയുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വലിയിരുത്തി .
തൃശൂര്‍ ജില്ലയില്‍ വൈസ്റ്റ് നൈല്‍ രോഗബാധ സംശയിച്ചപ്പോള്‍ തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നുള്ള പ്രത്യേക സംഘം രോഗിയുടെ പ്രദേശമായ കണ്ണറ സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി . ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് വിവിധ ഭാഗങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കയയ്ച്ചു . കൊതുകുജന്യ രോഗങ്ങള്‍ക്ക് സാധ്യതയുള്ള പ്രദേശമാണെന്ന് കണ്ടെത്തിയതിനാല്‍ എല്ലാ ടീം അംഗങ്ങളും രോഗിയുടെ വീട്ടിലും പരിസരത്തും കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി . വെള്ളാനിക്കര സി.എച്ച്.സി.യിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൃത്യമായ ഫീല്‍ഡ് വര്‍ക്ക് , ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ , പനി സര്‍വേ , പ്രദേശത്ത് ആരോഗ്യ വിദ്യാഭ്യാസ ക്ലാസുകള്‍ എന്നിവ നടത്തുന്നതിന് നിര്‍ദേശങ്ങള്‍ നല്‍കി . ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി .
എന്താണ് വെസ്റ്റ് നൈല്‍ ?
ക്യൂലക്‌സ് കൊതുക് വഴി പരത്തുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍ . ജപ്പാന്‍ ജ്വരത്തെപ്പോലെ അപകടകരമല്ല . ജപ്പാന്‍ ജ്വരം സാധാരണ 18 വയസിന് താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നതെങ്കില്‍ വൈസ്റ്റ് നൈല്‍ പനി മുതിര്‍ന്നവരിലാണ് കാണുന്നത് . രണ്ടും കൊതുകുവഴി പകരുന്ന രോഗമാണ് . ജപ്പാന്‍ ജ്വരത്തിന് വാക്‌സിന്‍ ലഭ്യമാണ് .
രോഗപ്പകര്‍ച്ച
ക്യൂലക്‌സ് വിഭാഗത്തില്‍പ്പെട്ട കൊതുകാണ് വെസ്റ്റ് നൈല്‍ പനി പ്രധാനമായും പരത്തുന്നത് . പക്ഷികളിലും രോഗബാധയുണ്ടാകാറുണ്ട് . 1937 ല്‍ ഉഗാണ്ടയിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത് . 2011 ല്‍ ആലപ്പുഴയിലാണ് സംസ്ഥാനത്ത് ആദ്യമായി ഈ രോഗം റിപ്പോര്‍ട്ട് ചെയ്തത് . 2019 ല്‍ മലപ്പുറം ജില്ലയില്‍ 6 വയസകാരന്‍ വെസ്റ്റ് നല്‍ ബാധിച്ച് മരണമടഞ്ഞിരുന്നു .
രോഗലക്ഷണങ്ങള്‍
തലവേദന , പനി , പേശിവേദന , തലചുറ്റല്‍ , ഓര്‍മ്മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍ . രോഗബാധയുണ്ടായ ഭൂരിപക്ഷം പേരിലും പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമായി അനുഭവപ്പെടാറില്ല . ചിലര്‍ക്ക് പനി , തലവേദനഛര്‍ദ്ദി , ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം . ഒരു ശതമാനം ആളുകളില്‍ തലച്ചോറിനെ ബാധിക്കുന്നതുമൂലം ബോധക്ഷയവും ചിലപ്പോള്‍ മരണം വരെയും സംഭവിക്കാം . എന്നാല്‍ ജപ്പാന്‍ ജ്വരത്തെ അപേക്ഷിച്ച് താരതമ്യേന മരണ നിരക്ക് കുറവാണ് . രോഗപ്രതിരോധവും ചികിത്സയും വൈസ്റ്റ് നൈല്‍ രോഗത്തിന് ശരിയായ ചികിത്സയോ വാക്‌സിനോ ലഭ്യമല്ലാത്തതിനാല്‍ പ്രതിരോധമാണ് പ്രധാനം . കൊതുകുകടി എല്‍ക്കാതിരിക്കുകയാണ് എറ്റവും നല്ല പ്രതിരോധ മാര്‍ഗം . ശരീരം മൂടുന്ന വിധത്തില്‍ വസ്ത്രം ധരിക്കുക , കൊതകു വല ഉപയോഗിക്കുക , കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ പുരട്ടുക , കൊതുകുതിരി , കറണ്ടില്‍ പ്രവര്‍ത്തിക്കുന്ന കൊതുക് നശീകരണ ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് ഫലപ്രദമാണ് . കൂടാതെ കൊതുകിന്റെ ഉറവിട നശീകരണവും പ്രധാനമാണ് . സ്വയം ചികിത്സ രോഗത്തെ സങ്കീര്‍ണമാക്കും . ആരംഭത്തില്‍ തന്നെ ചികിത്സിച്ചാല്‍ ഭേദമാക്കാവുന്നതാണ് .