കൊണ്ടോട്ടി- പരിമിതികൾക്കിടയിലും ചിറകടിച്ച് പറന്ന കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിലും കാർഗോ കയറ്റുമതിയിലും വൻവർധന. 2016-17 സാമ്പത്തിക വർഷത്തിലെ വരുമാനം ഏഴ് കോടി ആയിരുന്നെങ്കിൽ 2017-18 വർഷത്തിൽ 92 കോടിയായി.
2017-18 സാമ്പത്തിക വർഷം 226.54 ലക്ഷത്തിന്റെ വരുമാനമാണ് കരിപ്പൂരിലുണ്ടായത്. തൊട്ടുമുമ്പുളള വർഷമിത് 133.62 ലക്ഷം മാത്രമായിരുന്നു. ഏഴ് കോടിയുടെ വരുമാന നേട്ടം മാത്രമാണ് 2016-17 വർഷത്തിലുണ്ടായത്. ചെറിയ വിമാനങ്ങൾക്ക് മാത്രം അനുമതിയുളള കരിപ്പൂരിൽ നിലവിലുളള സർവ്വീസുകൾ വർധിപ്പിച്ചതും പുതിയ വിമാനങ്ങൾ സർവീസിനെത്തിച്ചതുമാണ് സാമ്പത്തിക വർഷത്തിൽ കോടികളുടെ വരുമാന നേട്ടമുണ്ടാക്കാനായത്. വരും വർഷം 162 കോടിയുടെ നേട്ടമാണ് കരിപ്പൂരിൽ പ്രതീക്ഷിക്കുന്നതെന്ന് എയർപോർട്ട് ഡയറക്ടർ ജെ.ടി രാധാകൃഷ്ണ പറഞ്ഞു.
വിമാന യാത്രക്കാരുടെ എണ്ണത്തിൽ 18 ശതമാനത്തിന്റെ വർധനവാണ് കരിപ്പൂരിലുണ്ടായത്. കഴിഞ്ഞ സാമ്പത്തിക വർഷം 26,28000 അന്താരാഷ്ട്ര യാത്രക്കാരും 51,3700 ആഭ്യന്തര യാത്രക്കാരും ഉൾപ്പടെ 3141700 യാത്രക്കാരാണ് കരിപ്പൂർ വഴി യാത്രയായത്. എന്നാൽ തൊട്ടുമ്പുളള 2016-17 വർഷം 2211108 അന്താരാഷ്ട്ര യാത്രക്കാരും 439980 ആഭ്യന്തര യാത്രക്കാരും ഉൾപ്പടെ 2651088 യാത്രക്കാർ മാത്രമായിരുന്നു സഞ്ചരിച്ചത്.
കാർഗോ കയറ്റുമതിയിൽ 35 ശതമാനത്തിന്റെ വർധനവുണ്ടായിട്ടുണ്ട്.17900 മെട്രിക് ടൺ ചരക്കുകൾ വിദേശ രാജ്യങ്ങളിലേക്കും 900 മെട്രിക് ടൺ ഉൽപ്പന്നങ്ങൾ ആഭ്യന്തരമേഖലയിലേക്കും അടക്കം 18800 മെട്രിക് ടൺ ഉൽപ്പന്നങ്ങളാണ് കഴിഞ്ഞ വർഷം കയറ്റി അയച്ചത്.എന്നാൽ 2016-17 വർഷത്തിൽ വിദേശത്തേക്ക് 13220 മെട്രിക് ടണ്ണും ആഭ്യന്തര മേഖലയിലേക്ക് 700 മെട്രിക് ടണ്ണും ഉൾപ്പടെ 13920 മെട്രിക് ടൺ ആണ് ആകെ കയറ്റി അയച്ചത്.
റിസ നിർമ്മാണം,120 കോടിയുടെ ടെർമിനൽ, ഇടത്തരം വിമാനങ്ങളുടെ സർവ്വീസ് തുടങ്ങിയവയാണ് ഈവർഷം പ്രതീക്ഷക്കുന്നത്. ഇടത്തരം വിമാനങ്ങളുടെ സർവീസ് ആരംഭിക്കുക വഴി വരുമാനം ഇരട്ടി വർധിക്കുമെന്നാണ് അഥോറിറ്റി പ്രതീക്ഷിക്കുന്നത്. ടെർമിനൽ അടുത്തമാസവും,റിസ ജൂണിലുമാണ് പൂർത്തിയാവുക. ഇടത്തരം വിമാനങ്ങൾക്കുളള സർവ്വീസിന് ഡി.ജി.സി.എയിൽ നിന്നുളള അനുമതിക്കായി കാത്തിരിക്കുകയാണ്. ഇന്ത്യയിൽ എയർപോർട്ട് അഥോറിറ്റിക്ക് കീഴിലുളള വിമാനത്താവളങ്ങളിൽ വരുമാനത്തിൽ മുൻനിരയിലുളള കരിപ്പൂരിൽ 2015 മുതൽ വലിയ വിമാനങ്ങളുടെ സർവ്വീസ് നിർത്തലാക്കിയതാണ് വരുമാനത്തിൽ ഇടിവുണ്ടാക്കിയത്.