കണ്ണൂർ - ദേശീയ തലത്തിൽ തന്നെ ശ്രദ്ധേയമായ കീഴാറ്റൂർ സമരം പൂർണമായും ഹൈജാക്ക് ചെയ്ത് ബി.ജെ.പി. ദേശീയ നേതൃത്വത്തിന്റെ നിർദേശപ്രകാരം കേരളത്തിലെത്തിയ നന്ദിഗ്രാം സമര നായകൻ രാഹുൽ സിൻഹ ഈ ദൗത്യം കൃത്യമായി നടപ്പാക്കുകയും ചെയ്തു. ഇതുവരെ രാഷ്ട്രീയത്തിനതീതമായി നിലകൊണ്ട വയൽക്കിളികളെ ബി.ജെ.പിയുടെ വേദിയിലെത്തിച്ച രാഹുൽ സിൻഹ ബി.ജെ.പിയുടെ ലക്ഷ്യമെന്തെന്ന് കൃത്യമായി വ്യക്തമാക്കുകയും ചെയ്തു.
സ്വന്തം ഭൂമി സംരക്ഷിക്കാനുള്ള കർഷക സമരമെന്ന നിലയിലാണ് കീഴാറ്റൂരിലെ വയൽക്കിളികളുടെ പ്രക്ഷോഭം ദേശീയ ശ്രദ്ധ ആകർഷിച്ചത്. സി.പി.എമ്മിന്റെ പാർട്ടി ഗ്രാമത്തിൽ നടന്ന ഈ സമരത്തിനെതിരെ പാർട്ടി നിലപാടെടുത്തതോടെ സംസ്ഥാന തലത്തിലും പിന്നീട് ബി.ജെ.പിയും മറ്റു പാർട്ടികളും പിന്തുണ നൽകിയതോടെ ദേശീയ തലത്തിൽ തന്നെ സ്രദ്ധ നേടുകയായിരുന്നു. ഇതുവരെ നടന്ന വയൽക്കിളികളുടെ പ്രക്ഷോഭത്തിൽ ബി.ജെ.പി മുതൽ എസ്.ഡി.പി.ഐ വരെയുള്ള രാഷ്ട്രീയ പാർട്ടികളും നിരവധി പരിസ്ഥിതി സംഘടനകളും പിന്തുണ നൽകുകയും പങ്കെടുക്കുകയും ചെയ്തിരുന്നു. ഏറ്റവുമൊടുവിൽ വയൽക്കിളികൾ നടത്തിയ കേരളം കീഴാറ്റൂരിലേക്ക് എന്ന മാർച്ചിൽ സംഘാടകരെ പോലും അത്ഭുതപ്പെടുത്തുന്ന ജനപങ്കാളിത്തമാണ് ഉണ്ടായത്. സുരേഷ് ഗോപി അടക്കമുള്ള ബി.ജെ.പി നേതാക്കൾ ഇതിൽ പങ്കെടുത്തുവെങ്കിലും കൂട്ടായ്മ എന്ന നിലയിലാണ് പരിപാടി നടന്നത്.
എന്നാൽ അതിനു ശേഷം, ബി.ജെ.പി സ്വന്തം നിലയിൽ സമരം സംഘടിപ്പിക്കുകയും പാർട്ടിയുടെ ദേശീയ നിർവാഹക സമിതി അംഗം തന്നെ ഇതിനു നേതൃത്വം നൽകുകയും ചെയ്തതോടെ ബി.ജെ.പിയുടെ ലക്ഷ്യത്തെക്കുറിച്ച് സൂചന ലഭിച്ചിരുന്നുവെങ്കിലും രാഹുൽ സിൻഹയുടെ പ്രസംഗത്തോടെ ഇക്കാര്യം കൂടുതൽ വ്യക്തമാവുകയായിരുന്നു. ഇതുവരെ സമരത്തിൽ പങ്കെടുത്തവരെ മുഴുവൻ തള്ളിപ്പറയുകയും ബി.ജെ.പിക്കു മാത്രമാണ് വയൽക്കിളികളുടെ സമരെത്തയും പ്രവർത്തകരെയും രക്ഷിക്കാൻ കഴിയുകയെന്നുമുള്ള ഇദ്ദേഹത്തിന്റെ പ്രസംഗം, വയൽക്കിളികളോട് അനുഭാവം പ്രകടിപ്പിച്ചവരെ പോലും അകറ്റുന്നതായിരുന്നു. ഇപ്പോൾ സമരത്തിലുള്ള പരിസ്ഥിതി സംഘടനകളും എൻ.ജി.ഒ സംഘടനകളും ഈ സമരത്തെ പാതി വഴിയിൽ ഉപേക്ഷിക്കുമെന്നും എന്നാൽ ബി.ജെ.പി അവസാന കാലം വരെ ഒപ്പമുണ്ടാകുമെന്നുമായിരുന്നു രാഹുൽ സിൻഹയുടെ വാക്കുകൾ. എന്നാൽ ഇതിനു ശേഷമാണ് ബി.ജെ.പിയുടെ നിലപാട് അദ്ദേഹം വ്യക്തമാക്കിയത്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും നമുക്ക് ഒരുമിച്ചു പ്രവർത്തിക്കാമെന്നും സി.പി.എമ്മിനേയും യു.ഡി.എഫിനേയും പരാജയപ്പെടുത്താമെന്നും അങ്ങനെ കർഷകരുടെയും പാവപ്പെട്ടവരുടെയും ചോരയാൽ ചുവന്ന ചെങ്കൊടി ഈ മണ്ണിൽ നിന്നും തുടച്ചു മാറ്റാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വയൽക്കിളികളോടുള്ള ആഹ്വാനം.
നൂറു ശതമാനവും സി.പി.എം പ്രവർത്തകർ മാത്രമുള്ള പ്രദേശമാണ് കീഴാറ്റൂർ, സാധാരണ നിലയിൽ ബി.ജെ.പിക്കു സംഘടനാ പ്രവർത്തനത്തിനു തീർത്തും അപ്രാപ്യമായ ഒരു സ്ഥലമാണിത്. അവിടെ പാർട്ടിക്കു ഒരു തുടക്കം ലഭിക്കുന്നുവെന്നതാണ് ബി.ജെ.പി അഖിലേന്ത്യാ നേതൃത്വത്തിനു പോലും കീഴാറ്റൂർ ഇത്രയേറെ പ്രിയപ്പെട്ട പ്രദേശമാവാൻ കാരണം. എന്നാൽ വയൽക്കിളി പ്രവർത്തകരായ 11 പേരെ സി.പിഎമ്മിൽ നിന്നും പുറത്താക്കിയെങ്കിലും ഇവർ ഇപ്പോഴും കമ്യുണിസ്റ്റ് അനുഭാവം പുലർത്തുന്നവരാണ്. സമരം ഹൈജാക്ക് ചെയ്യുന്നതിലൂടെ കൂടുതൽ പ്രവർത്തകരെ ബി.ജെ.പി പാളയത്തിൽ എത്തിക്കാൻ സാധിക്കുമെന്നാണ് നേതൃത്വത്തിന്റെ കണക്കു കൂട്ടൽ. ബി.ജെ.പി സമരം ഹൈജാക്ക് ചെയ്യുന്നതോടെ കീഴാറ്റൂർ സമരത്തിന്റെ ഗതി എന്താവുമെന്ന് കണ്ടറിയണം. പരിസ്ഥിതി പ്രവർത്തകർ അടക്കമുള്ളവർ സമരത്തിൽ നിന്നും പിന്തിരിഞ്ഞാൽ സമരം സ്വാഭാവികമായും ഇല്ലാതാവും. കീഴാറ്റൂരിൽ മാത്രം നടക്കുന്ന പ്രാദേശികമായ ചെറുത്തു നിൽപ് എത്ര കാലം തുടരാനാവുമെന്നതും സംശയമാണ്.
അതേസമയം, നിലനിൽപിനായുള്ള സമരമാണ് വയൽക്കിളികൾ നടത്തുന്നതെന്നും ഇതിനു ദേശവിരുദ്ധ ശക്തികളൊഴിച്ച് ആരു പിന്തുണ നൽകിയാലും സ്വീകരിക്കുമെന്നു നേരത്തെ വ്യക്തമാക്കിയതാണെന്നും വയൽക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂർ പറഞ്ഞു. നാളെ മറ്റൊരു രാഷ്ട്രീയ പാർട്ടി ഇത്തരമൊരു സമരത്തിനു തയ്യാറായാൽ അതേ വേദിയിലും വയൽക്കിളികൾ പങ്കെടുക്കുമെന്നതിൽ സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.