നായയുടെ നഖം കൊണ്ട് കൈയ്യില്‍ പോറലേറ്റു,  2 മാസങ്ങള്‍ക്ക് ശേഷം 9 വയസുകാരന്‍ മരിച്ചു 

തിരുവനന്തപുരം- പേവിഷബാധയേറ്റ് പോരുവഴി സ്വദേശിയായ ഒന്‍പതുവയസുകാരന്‍ മരിച്ചു. നാടുവിലേമുറിയില്‍ ജിഷ സുഹൈല്‍ ദമ്പതികളുടെ മകന്‍ ഫൈസലാണ് മരിച്ചത്. ഇവരുടെ വീട്ടിലെ വളര്‍ത്തുന്ന നായുടെ നഖം കൊണ്ട് കുട്ടിയുടെ ശരീരത്തില്‍ പോറലേറ്റിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഇത് കാര്യമാക്കിയില്ല. പേവിഷബാധക്കുള്ള കുത്തിവെപ്പ് കുട്ടിക്ക് എടുത്തില്ല. ഇതാണ് മരണകാരണമായത്.
ഒരു മാസം പ്രായമുള്ള നായയുടെ നഖമാണ് കുട്ടിയുടെ ശരീരത്തില്‍ പോറലുണ്ടാക്കിയത്. കൈത്തണ്ടയിലാണ് പോറലേറ്റത്. കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം നടന്നത്. ഫൈസല്‍ നായയെ കളിപ്പിക്കുന്നതിനിടയില്‍ കൈത്തണ്ടയില്‍ പോറലേല്‍ക്കുകയായിരുന്നു. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ഫൈസല്‍. ഒരിക്കല്‍ നായ കുട്ടിയുടെ മുത്തച്ഛനെ കടിച്ചുവെങ്കിലും പ്രതിരോധ കുത്തിവെപ്പ് എടുത്തു. എന്നാല്‍, ഫൈസലിന് ചെറിയ പോറല്‍ മാത്രമല്ലേയുള്ളുവെന്ന് കരുതി കുത്തിവെപ്പ് എടുത്തിരുന്നില്ല.
രണ്ട് മാസത്തോളം ഫൈസല്‍ കളയിക്കാവിളയില്‍ പിതാവിന്റെ വീട്ടിലായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് അമ്മയുടെ വീട്ടില്‍ മടങ്ങിയെത്തിയപ്പോഴേക്കും പനിയും ശാരീരികാസ്വസ്ഥതയും ഉണ്ടായി. തുടര്‍ന്ന് ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലെ ശിശുരോഗവിദഗ്ധന് സംശയം തോന്നിയപ്പോള്‍ നടത്തിയ രക്തപരിശോധനയിലാണ് പേവിഷബാധയേറ്റതായി കണ്ടെത്തിയത്. തുടര്‍ന്ന് ഫൈസലിനെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
 

Latest News