തിരുവനന്തപുരം- കേരളത്തില്‍ കാലവര്‍ഷമെത്തിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സാധാരണഗതിയില്‍ ജൂണ്‍ ഒന്നിനാണ് കേരളത്തില്‍ കാലവര്‍ഷമെത്തുക. ഇത്തവണ മൂന്ന് ദിവസം നേരത്തെയാണ് കാലവര്‍ഷമെത്തിയത്. ഞായറാഴ്ചയോടെ അറബിക്കടലിന്റെ കിഴക്കും ലക്ഷദ്വീപിലും കേരളത്തില്‍ മിക്കയിടങ്ങളിലും തമിഴ്‌നാടിന്റെ തെക്കന്‍ മേഖലയിലും ഗള്‍ഫ് ഓഫ് മാന്നാറിലും ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തും കാലവര്‍ഷമെത്തി.
വരുന്ന മൂന്നു നാല് ദിവസങ്ങള്‍ക്കകം മധ്യ അറേബ്യന്‍ കടലിലും കേരളത്തിലാകെയും തമിഴ്‌നാട്ടിലും കര്‍ണാടകയിലുമുള്ള ചിലയിടങ്ങളിലും കാലവര്‍ഷമെത്തും. എന്നാല്‍ ആദ്യ ആഴ്ചകളില്‍ മഴ കനക്കില്ല. ജൂണ്‍ പകുതിയോടെ മാത്രമേ സംസ്ഥാനത്ത് മഴ ശക്തമാകൂ എന്നാണ് പ്രതീക്ഷിക്കുന്നത്. മേയ് 27ന് കാലവര്‍ഷമെത്തിയേക്കാമെന്ന് മുമ്പ് കാലവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു. പടിഞ്ഞാറന്‍ കാറ്റിന്റെ സജീവ സാന്നിധ്യം കൊണ്ടും മഴമേഘങ്ങളുടെ സാന്നിധ്യം കൊണ്ടും മേയ് 27ന് മഴക്കാലം ആരംഭിക്കുമെന്നായിരുന്നു ആദ്യ പ്രവചനം. എന്നാല്‍ അതുണ്ടായില്ല.
കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ കേരളത്തിലെ എല്ലാ ജില്ലകളിലെയും മഴമാപിനിയില്‍ രണ്ടര മില്ലീമീറ്റര്‍ മഴപെയ്തതായി രേഖപ്പെടുത്തിയതോടെയാണ് മഴക്കാലമായത് സ്ഥിരീകരിച്ചത്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ബുധനാഴ്ചവരെ ഒറ്റപ്പെട്ട ശക്തമായ മഴക്കു സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.