ആലപ്പുഴ- ആലപ്പുഴയില്‍ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ കുട്ടിയുടെ പിതാവ് അടക്കം നാല് പേരുടെ കൂടെ അറസ്റ്റ് രേഖപ്പെടുത്തി. ആലപ്പുഴ സൗത്ത് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആലപ്പുഴ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തിലാണ് അറസ്റ്റ്.
കുട്ടിയുടെ പിതാവ് അഷ്‌കര്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പള്ളുരുത്തി ഡിവിഷന്‍ ഭാരവാഹികളായ ഷമീര്‍, സുധീര്‍, മരട് ഡിവിഷന്‍ സെക്രട്ടറി നിയാസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരെ ഇന്ന് മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കും.
കൊച്ചി തോപ്പുംപടി പള്ളുരുത്തിയിലെ വീട്ടിലെത്തിയാണ് വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കുട്ടിയുടെ പിതാവ് അസ്‌ക്കര്‍ മുസാഫറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മുദ്രാവാക്യം ആരും പഠിപ്പിച്ചതല്ലെന്നും പരിപാടികളില്‍ പങ്കെടുത്തപ്പോള്‍ കേട്ട് പഠിച്ചതാണെന്നുമാണ് പത്ത് വയസുകാരന്‍ പറയുന്നത്.
ആലപ്പുഴയില്‍ എസ്ഡിപിഐ പ്രകടനത്തിനിടെ നടത്തിയ വിദ്വേഷ മുദ്രാവാക്യം വിളിച്ച പത്ത് വയസുകാരനും രക്ഷിതാക്കളും ഇന്നലെ രാവിലെയാണ് പള്ളുരുത്തിയിലെ വീട്ടില്‍ എത്തിയത്.പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടും പത്ത് വയസുകാരനിലേക്ക് എത്താന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. വീട്ടിലെത്തിയ ഉടന്‍ അസ്‌ക്കര്‍ മുസാഫിര്‍ മാധ്യമങ്ങളെ കണ്ട് സംസാരിച്ചിരുന്നു.
മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന പിന്നാലെ പള്ളുരുത്തി പോലീസ് വീട്ടിലെത്തി അസ്‌ക്കറിനെ കസ്റ്റഡിയില്‍ എടുത്തു. സ്‌റ്റേഷനില്‍ എത്തിച്ച ശേഷം ചേര്‍ത്തല പോലീസിന് അസ്‌ക്കറിനെ കൈമാറി. അസ്‌ക്കര്‍ കീഴടങ്ങിയെന്ന് പിഎഫ്‌ഐ പ്രവര്‍ത്തകര്‍ പറയുമ്പോള്‍ പിടികൂടിയെന്നാണ് പോലീസ് ഭാഷ്യം. അസ്‌ക്കറിന്റെ കസ്റ്റഡിയില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട്ഓഫ് ഇന്ത്യ പ്രവര്‍ത്തകര്‍ പള്ളുരുത്തിയില്‍ പ്രകടനം നടത്തിയിരുന്നു.
അതേസമയം ആലപ്പുഴയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ചത് തെറ്റാണെന്ന് ആ കുട്ടിയുടെ രക്ഷിതാക്കള്‍ പറയാതിരുന്നത് വേദനിപ്പിച്ചു എന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വിദ്വേഷ മുദ്രാവാക്യത്തില്‍ സര്‍ക്കാര്‍ നിയമപരമായി ചെയ്യേണ്ടത് ചെയ്തിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.