Sorry, you need to enable JavaScript to visit this website.

വംശീയതയുടെ വേരുകൾ

സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുമായി ബന്ധപ്പെട്ട് നൈജീരിയൻ നടൻ സാമുവൽ റോബിൻസൺ ഉന്നയിച്ച ആരോപണങ്ങൾ കത്തിപ്പടരുകയാണ്. അദ്ദേഹത്തിനു ഇപ്പോഴും കൃത്യമായ ഒരു മറുപടി നൽകാൻ സിനിമാ നിർമ്മാതാക്കൾക്കായിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. കരാറനുസരിച്ച പണം നൽകിയെന്ന മറുപടി സാങ്കേതികമായി മാത്രം ശരിയാണ്. പേക്ഷ പ്രശ്‌നം സാങ്കേതികമല്ല, ധാർമ്മികവും രാഷ്ട്രീയവുമാണ്. 
താനെന്തുകൊണ്ട് അത്തരമൊരു കരാറിനു സമ്മതിച്ചു എന്നതിന് കൃത്യമായ മറുപടി തന്നെയാണ് സാമുവൽ പറയുന്നത്. പലവട്ടം അദ്ദേഹമത് ആവർത്തിച്ചു. തന്റെ ധാരണ, കോൺട്രാക്റ്റിൽ പറഞ്ഞ പ്രകാരം, ഇത് തീരെ കുറഞ്ഞ ബജറ്റിൽ തീർക്കുന്ന വാണിജ്യപരമല്ലാത്ത പ്രോജക്റ്റാണ് എന്നായിരുന്നു എന്നും അതുകൊണ്ടാണ് 1,80,000 എന്ന കുറഞ്ഞ തുകക്ക് സമ്മതിച്ചതെന്നും അദ്ദേഹം പറയുന്നു. അപ്പോൾ  സാമാന്യം തരക്കേടില്ലാത്ത ബജറ്റിൽ ഒരുക്കുന്ന പ്രോജക്റ്റാണെന്നോ കേരളത്തിന് പുറമെ ഇന്ത്യയുടെ ഇതര ഭാഗങ്ങളിലും യു.എ.ഇ, ആഫ്രിക്ക, ലോകത്തിന്റെ മറ്റു ഭാഗങ്ങൾ ഇവിടെയെല്ലാം പ്രദർശിപ്പിക്കാൻ ഉദ്ദേശിക്കുന്നുവെന്നോ തനിക്കപ്പോൾ അറിയില്ലായിരുന്നു. 
ഷൂട്ടിംഗിനായി സെറ്റിലെത്തിയപ്പോഴാണ് ഇത് അത്യാവശ്യം കാശ് പൊട്ടിക്കുന്ന പടമാണെന്ന്  മനസ്സിലായത്. അപ്പോൾ തന്നെ നിർമ്മാതാക്കളോട് തന്റേത് വളരെ കുറഞ്ഞ പ്രതിഫലമാണല്ലോ എന്ന് ഉണർത്തിയതാണ്. പടം വിജയിക്കുമെന്ന് കണ്ടാൽ  നൈജീരിയയിലേക്ക് തിരിച്ച് പോകുന്നതിന് മുമ്പ് തന്നെ അതീവ സന്തുഷ്ടനാക്കുന്ന ഒരു തുക തന്നിരിക്കും എന്നവർ വാക്കാൽ ഉറപ്പു നൽകി. ആ ഉറപ്പും നിർമ്മാതാക്കളോട് അതിനകം രൂപപ്പെട്ട സൗഹൃദവും തന്റെ പരമാവധി ഈ സിനിമക്ക് വേണ്ടി അർപ്പിക്കാൻ പ്രേരകമായതായി സാമുവൽ ആവർത്തിക്കുന്നു. എന്നാലൊടുക്കം, ആദ്യം പറഞ്ഞ തുക മാത്രമേ തന്നുവെന്നുള്ളതും  വാഗ്ദാനം പാലിക്കാനോ പിന്നീട് തരാമെന്നതിന് രേഖാമൂലമായ ഒരുറപ്പു നൽകാനോ ശ്രമമുണ്ടായില്ല. അതാണ് താനിത് പൊതുജനങ്ങൾക്ക് മുമ്പാകെ ഉന്നയിക്കാൻ കാരണമായത്. 
നൈജീരിയയിലേക്ക് തിരിച്ചപ്പോൾ എയർപോർട്ടിലെ ചെലവുകൾക്കായി ഏഴായിരം രൂപ മാത്രമാണ് തന്നതെന്നും സാമുവൽ കൂട്ടിച്ചേർക്കുന്നു. അയച്ച മെയിലിനു മറുപടിയും ലഭിച്ചില്ല. കേരളത്തിനോ  കേരള ജനതക്കോ എതിരായല്ല തന്റെ മുൻ പ്രസ്താവനകൾ; മറിച്ച് സുഡാനിയിലെ അഭിനയത്തിന് മാന്യമായ പ്രതിഫലം ഉറപ്പു വരുത്താൻ കേരള സർക്കാറിന്റെയും കേരള സിനിമാ മേഖലയുടെയും പിന്തുണ നേടാൻ ലക്ഷ്യമാക്കിയായിരുന്നു. തന്റെ പ്രായവും തൊലിയുടെ നിറവും കാരണം  ചൂഷണം ചെയ്യപ്പെട്ടു എന്ന് കരുതുകയായിരുന്നു എന്നും ഒരു പൊതുവിഷയം എന്ന രീതിയിൽ അതിലേക്ക് ശ്രദ്ധ ക്ഷണിക്കുകയായിരുന്നു താൻ ചെയ്തതെന്നും സാമുവൽ കൂട്ടിച്ചേർത്തു. 70 ദിവസത്തേക്കായിരുന്നു കരാറെങ്കിലും അതിന്റെ ഇരട്ടി ദിനം കഴിഞ്ഞാണ് സാമുവലിനെ നാട്ടിലേക്കയച്ചത് എന്നതും ശ്രദ്ധേയമാണ്. അതും കരാറിന്റെ ലംഘനമല്ലേ? കഥ പറച്ചിൽ, അവതരണം ഇവ ചെറിയ ബജറ്റ് സ്വതന്ത്ര പരീക്ഷണ ചിത്രത്തിന്റേതാകുമ്പോഴും സാങ്കേതിക നിലവാരം, മാർക്കറ്റിംഗ് തുടങ്ങിയവയിൽ ചെറിയ ബജറ്റ് സിനിമയിൽ നിന്നും വ്യത്യസ്തമായി തികഞ്ഞ പ്രൊഫഷണലിസത്തോടെയാണ് ഈ സിനിമ പ്രേക്ഷകന് അനുഭവപ്പെടുക.
തീർച്ചയായും ഷൈജു ഖാലിദും സമീർ താഹിറും  വംശീയ വിവേചനം കാണിക്കുന്നവരാകാൻ സാധ്യതയില്ല. എന്നാൽ അത്തരം വിവേചനം പൊതുവിൽ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. കറുപ്പിനോടുള്ള നമ്മുടെ മനോഭാവം രക്തത്തിൽ അലിഞ്ഞതാണ്. വിനായകൻ, അശാന്തൻ, ആരതി, മധു തുടങ്ങിയവരുടെ അനുഭവങ്ങൾ ആ മനോഭാവം ശക്തമാകുന്നതിന്റെ സൂചനയുമാണ്. സിനിമയിലാകട്ടെ, അത്തരം അനുഭവങ്ങൾ വളരെ കൂടുതലാണെന്ന് ആർക്കാണറിയാത്തത്. കലാഭവൻ മണിയൊക്കെ അതു തുറന്നു പറഞ്ഞിട്ടുമുണ്ട്. അതാകട്ടെ, മലയാളത്തിലെ ആദ്യ സിനിമയായ വിഗതകുമാരൻ  മുതൽ ആരംഭിച്ചിട്ടുമുണ്ട്. പി കെ റോസിയെ പറ്റി നാമറിഞ്ഞത് അടുത്ത കാലത്താണല്ലോ. പിന്നീട് അൽപം മെച്ചപ്പെട്ടെങ്കിലും കഴിഞ്ഞ ഏതാനും ദശകങ്ങളിൽ അവസ്ഥ മഹാമോശമായി. സിനിമയെ ഒന്നടങ്കം തമ്പുരാക്കന്മാർ കയ്യടക്കി. അതിൽ നിന്നു കുതറാനുള്ള ശ്രമം നടക്കുമ്പോഴാണ് ഇത്തരമൊരു സംഭവം ഉണ്ടായിരിക്കുന്നതെന്നത് ഗൗരവമായി കാണുന്നതിനു പകരം അദ്ദേഹത്തെ അധിക്ഷേപിക്കുന്ന സമീപനമാണ് പ്രമുഖരായ പലരും സ്വീകരിച്ചിരിക്കുന്നത്. അതു വഴി സ്‌നേഹത്തെ മഹത്വവൽക്കരിക്കുന്ന ആ നല്ല സിനിമക്കു തന്നെയാണ് മോശപ്പേരുണ്ടാകുന്നത് എന്നതു പോലും മറന്ന്.  കുറഞ്ഞ കൂലിക്ക് ബംഗാളിയെ പണിയെടുപ്പിക്കുന്ന നമുക്ക് ഇതു തിരിച്ചറിയാൻ അൽപം കാലമെടുക്കും. 
മലയാള സിനിമയിൽ നിറത്തിന്റേയും ജാതിയുടേയും സ്വാധീനം വ്യക്തമാകാൻ റോസിക്കു ശേഷമുള്ള നായിക നടിമാരെ മാത്രം നോക്കിയാൽ മതി. ജെനി റൊ വിനോ ചൂണ്ടിക്കാട്ടിയ പോലെ പിന്നീട് മലയാള സിനിമാ ചരിത്രത്തിലൊരിടത്തും മറ്റൊരു ദളിത് നായിക പ്രത്യക്ഷപ്പെടുന്നില്ല. ഉന്നതകുല ജാതരായ ഹൈന്ദവ - ക്രൈസ്തവ നടികൾ മാത്രം! നായർ നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ആദ്യ കാലങ്ങളിൽ തമിഴിൽ നിന്ന് മിസ് കുമാരിയെയും ഷീലയെയും പോലുള്ള സിറിയൻ ക്രിസ്ത്യൻ നായികമാരെയാണ് ഇറക്കുമതി ചെയ്തിരുന്നത് എങ്കിൽ പത്മിനി രാഗിണി നായർ സഹോദരികളിലേക്കും ജയഭാരതി, സീമ, ജയഭാരതി നമ്പ്യാർ നടികളിലേക്കും ആയി അതിന്റെ തുടർച്ച. സീമയ്ക്കു ശേഷം സവർണ നായികമാരുടെ കുത്തൊഴുക്കായിരുന്നു മലയാള സിനിമയിൽ. അംബിക, ശോഭന, രേവതി, ഉർവ്വശി, കാർത്തിക, പാർവതി തുടങ്ങി എത്രയോ നായികമാർ! 
ഇക്കഴിഞ്ഞ ദശകങ്ങളിൽ മലയാള സിനിമയിലെ നായികാ നടിമാർക്കുണ്ടായ മറ്റൊരു ശ്രദ്ധേയമായ മാറ്റം തങ്ങളുടെ പേരിനൊപ്പം ജാതി വാലുകൂട്ടിച്ചേർത്തുപയോഗിക്കുന്ന രീതിയിൽ ഉണ്ടായ 'പുരോഗമന'മാണ്. മഞ്ജു വാര്യർ, സംയുക്താ വർമ്മ, നവ്യാ നായർ, ശ്വേതാ മേനോൻ, പ്രിയാ പിള്ള, നിത്യാ മേനോൻ, കാർത്തികാ നായർ തുടങ്ങി എത്രയോ ജാതി നായികമാർ! ദളിത്, കീഴാള സ്ത്രീ കഥാപാത്രങ്ങളെ തിരശ്ശീലയിൽ അവതരിപ്പിക്കുമ്പോൾ പോലും തങ്ങൾ ആരെന്നും എവിടെ നിൽക്കുന്നുവെന്നും അവർ തങ്ങളുടെ പേരിലൂടെ വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കുന്നു. മുക്കാൽ നൂറ്റാണ്ടിനിപ്പുറവും സവർണ ഹിന്ദു / സിറിയൻ ക്രിസ്ത്യൻ നടിമാർക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ടിരുന്ന മലയാളത്തിലെ നായികാ പദവിയിലേക്ക് ഈഴവരോ മറ്റു പിന്നോക്ക സമുദായ അംഗങ്ങളോ ആയ നടിമാർക്ക് പോലും പ്രവേശനം കിട്ടുന്നത് ഈ അടുത്ത കാലത്താണ്. 
ദളിത് - മുസ്‌ലിം വിഭാഗങ്ങൾക്ക് ഇപ്പോഴും കാര്യമായ പ്രവേശനമില്ല. തീർച്ചയായും അതിൽ പ്രേക്ഷകരും ഉത്തരവാദികൾ തന്നെ. പ്രകടമായ ഈ വിവേചനം നിലനിൽക്കുമ്പോൾ സാമുവലിനുണ്ടായ അനുഭവത്തിൽ അത്ഭുതപ്പെടാനില്ല. സിനിമയിലും സാക്ഷാൽ ജീവിതത്തിലും വംശീയ ചിന്തകൡ നിന്നു നാം പുറത്തു കടന്നിട്ടില്ല എന്നതു തന്നെയാണ് പച്ചയായ യാഥാർത്ഥ്യം.
 

Latest News