കോട്ടയം- തന്റെ അറസ്റ്റിനു ഞായറാഴ്ച തൃക്കാക്കരയില്‍ മറുപടി നല്‍കുമെന്ന് പി.സി ജോര്‍ജ് പ്രഖ്യാപിച്ചതിന് പിന്നാലെ പോലീസിന്റെ അപ്രതീക്ഷിത നീക്കം. ജോര്‍ജ് ചോദ്യം ചെയ്യലിനായി ഇന്ന് ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനിലെത്തണമെന്നു നോട്ടീസ് നല്‍കി. 11 മണിക്കാണ് ചോദ്യം ചെയ്യാന്‍ ഹാജരാകാനുളള കത്ത് കൈമാറിയത്. വിവര ശേഖരണത്തിനായി എത്തണമെന്നു കാണിച്ച്്് അസിസ്റ്റന്റ് കമ്മീഷണര്‍ ഷാജിയാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ ഞായറാഴ്ച എത്താന്‍ കഴിയില്ലെന്ന് തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറെ ജോര്‍ജ് അറിയിച്ചു. രാവിലെ 6.30ന് വീട്ടില്‍നിന്നു തൃക്കാക്കരക്കു പോകുമെന്ന് ജോര്‍ജ് പറഞ്ഞു.
ഇന്ന് ബി.ജെ.പിക്കായി തൃക്കാക്കരയില്‍ പ്രചാരണം നടത്താനിരിക്കുകയായിരുന്നു ജോര്‍ജ്. തിരുവനന്തപുരത്ത് പോലീസ് വിളിപ്പിച്ചിടത്ത് എത്തുന്നില്ലെങ്കില്‍ ജാമ്യവ്യവസ്ഥ ലംഘനമാകും. ജോര്‍ജ് ജയില്‍ മോചിതനായ ശേഷം പലതവണ മാധ്യമങ്ങള്‍ പ്രതികരണം തേടിയെങ്കിലും തൃക്കാക്കരയില്‍ പറയാമെന്നായിരുന്നു മറുപടി. തിരുവനന്തപുരത്തെ വിദ്വേഷ പ്രസംഗ കേസിന്റെ അന്വേഷണ വിവര ശേഖരണത്തിനാണ് ജോര്‍ജിനു നോട്ടീസ് നല്‍കിയത്. പി.സി ജോര്‍ജ് തൃക്കാക്കര എത്തുമെന്ന അറിയിച്ച ദിവസം നല്‍കിയ നോട്ടീസ് അദ്ദേഹത്തിന്റെ അറസ്റ്റിനു പിന്നിലെ നാടകം വ്യക്തമാക്കുന്നതാണെന്ന് ജില്ലാ പഞ്ചായത്ത് അംഗവും മകനുമായ ഷോണ്‍ ജോര്‍ജ് ആരോപിച്ചു.