നെടുമ്പാശ്ശേരി - ലുക്കൗട്ട് നോട്ടീസിനെ തുടര്‍ന്ന് ഉത്തരഖണ്ഡ് ബി.ജെ.പി എം.എല്‍.എയുടെ ഭാര്യാ സഹോദരിയെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞു വച്ചു. തെഹ്‌രി എം.എല്‍.എ കിഷോര്‍ ഉപാധ്യായയുടെ ഭാര്യാ സഹോദരി നാസിയ യൂസഫ് ഇസുദ്ദീനാണ് വിമാനത്താവളത്തില്‍ പിടിയിലായത്. ഭൂമി തട്ടിപ്പ് കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നത്. കഴിഞ്ഞ ദിവസം നാസിയ സിംഗപ്പൂരിലേക്ക് യാത്രയാകാന്‍ എത്തിയപ്പോഴായിരുന്നു വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു വെച്ചത്. കസ്റ്റഡിയിലെടുത്ത ഇവരെ പിന്നീട് നെടുമ്പാശ്ശേരി പോലിസിന് കൈമാറി. എന്നാല്‍ ഇതിനിടെ അറസ്റ്റില്‍നിന്നും സംരക്ഷണമാവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ അടിയന്തരമായി സമര്‍പ്പിച്ച ഹരജിയില്‍ കോടതി അനുകൂലമായി ഉത്തരവ് നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലിസിന് ഇവരെ വിട്ടയക്കേണ്ടി വന്നു. ഇതിനിടെ നാസിയ പിടിയിലായ വിവരത്തെ തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുക്കാന്‍ ഡെറാഡൂണ്‍ പോലിസ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ടിരുന്നു. എന്നാല്‍ ഇവര്‍ എത്തുന്നതിന് മുന്‍പ് തന്നെ ഹൈക്കോടതി ഉത്തവിന്റെ ബലത്തില്‍ നാസിയ സിംഗപ്പൂരിലേക്ക് പറന്നിരുന്നു. ഇതേതുടര്‍ന്ന് അവര്‍ക്ക് നിരാശരായി മടങ്ങേണ്ടിവന്നു. 2017 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നാസിയക്കും ഭര്‍ത്താവ് സച്ചിന്‍ ഉപാധ്യായക്കുമെതിരെ അവരുടെ ബിസിനസ് പങ്കാളിയും ഡെറാഡൂണ്‍ സ്വദേശിയുമായ മുകേഷ് ജോഷി എന്നയാളാണ് ഭൂമി തട്ടിപ്പ് കേസ് ഫയല്‍ ചെയ്തത്. രാജ്പൂര്‍ റോഡ് പ്രദേശത്താണ് പ്രസ്തുത ഭൂമി സ്ഥിതി ചെയ്യുന്നത്. ഇതിന് 26 കോടി രൂപ വിലവരും. കേസില്‍ സച്ചിന്‍ അറസ്റ്റിലായെങ്കിലും ഭാര്യ നാസിയ ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ക്കെതിരെ പോലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ഒളിവില്‍പോയ പ്രതികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. ഈ ലുക്കൗട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഇവരെ തടഞ്ഞു വെച്ചത്.