കൊച്ചി- ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടി വിളിച്ച മുദ്രാവാക്യം ആദ്യമായല്ലെന്ന് പിതാവ്. ഇത് പുതിയ മുദ്രാവാക്യമൊന്നുമല്ലെന്നും എന്‍.ആര്‍.സി, സി.എ.എ പ്രതിഷേധത്തിലും ഇതേ മുദ്രാവാക്യം അവന്‍ വിളിച്ചിട്ടുണ്ടെന്നും പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. കുട്ടിയുടെ പിതാവിനെ കൊച്ചിയില്‍നിന്ന് പോലീസ് ശനിയാഴ്ച രാവിലെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെയാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
'ഇപ്പോള്‍ വിവാദമായത് എന്തുകൊണ്ടാണെന്ന് അറിയില്ല. എന്‍.ആര്‍.സി, സി.എ.എ റാലിക്കിടെ പഠിച്ച മുദ്രാവാക്യമാണത്. ആരും പഠിപ്പിച്ചതല്ല. അതില്‍ ഏതെങ്കിലും മതത്തേ കുറിച്ചോ മറ്റോ ഒന്നും പറഞ്ഞിട്ടില്ല. സംഘപരിവാറിനെ മാത്രമാണ് വിമര്‍ശിച്ചത്. എന്തിനാണ് ചെറിയ കുട്ടിയെ ഇങ്ങനെ ഉപദ്രവിക്കുന്നത് ? വിവാദങ്ങളില്‍ ഒരു കഴമ്പുമില്ല. എന്താണ് ഉദ്ദേശ്യമെന്നും അറിയില്ല. താന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാവൊന്നുമല്ലെന്നും എന്തെങ്കിലും പരിപാടികള്‍ ഉണ്ടെങ്കില്‍ പങ്കെടുക്കുക മാത്രമാണ് ചെയ്യാറുള്ളത്' പിതാവ് പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്നാണ് പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച 18 പേരെ അറസ്റ്റു ചെയ്തിരുന്നു. 20 പേരെയാണ് വെള്ളിയാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യലിനുശേഷം ഇതില്‍ 18 പേരുടെ അറസ്റ്റാണു രേഖപ്പെടുത്തിയത്. വിവിധയിടങ്ങളില്‍നിന്ന് ആളുകളെ സംഘടിപ്പിച്ച് റാലിക്ക് എത്തിച്ചവരാണ് അറസ്റ്റിലായത്. അതിനിടെ, കഴിഞ്ഞദിവസം അറസ്റ്റിലായ ഒന്നാംപ്രതി പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് അമ്പലപ്പുഴ വണ്ടാനം പുതുവന്‍ പി.എ. നവാസ് (40), മൂന്നാംപ്രതി ഈരാറ്റുപേട്ട നടക്കല്‍ പാറനാനി അന്‍സാര്‍ നജീബ് (30) എന്നിവരെ കോടതി നാലുദിവസത്തേക്കു കൂടി പോലീസ് കസ്റ്റഡിയില്‍ വിട്ടു.