അബുദബി- വാഹന ലൈസന്‍സും രജിസ്‌ട്രേഷനും ഏപ്രില്‍ 15-നകം പുതുക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകുമെന്ന് അബുദബി പോലീസ് മുന്നറിയിപ്പു നല്‍കി. ഗതാഗത യോഗ്യമല്ലാത്തവയും സുരക്ഷാ മാദണ്ഡങ്ങള്‍ പാലിക്കാത്തതുമായി മുഴുവന്‍ വാഹനങ്ങളും നിരത്തില്‍ നിന്നൊഴിവാക്കാന്‍ പുതിയ റഡാര്‍ സംവിധാനം നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്. ഈ സംവിധാനം ഏപ്രില്‍ 15 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ശേഷം പിടിക്കപ്പെടുന്ന വാഹനങ്ങള്‍ കടുത്ത പിഴ ഒടുക്കേണ്ടി വരും.
പിഴ ഒഴിവാക്കാന്‍ കാര്‍ ഉടമകള്‍ എത്രയും വേഗം തങ്ങളുടെ വാഹനത്തിന്റെ ലൈസന്‍സും രജിസ്‌ട്രേഷനു പുതുക്കണമെന്ന് അബുദബി പോലീസിലെ ട്രാഫിക് ആന്റ് പട്രോള്‍ വകുപ്പ് മേധാവി ബ്രിഗേഡിയര്‍ അഹ്മദ് അല്‍ ഷെഹി അറിയിച്ചു. യുഎഇ ട്രാഫിക് നിയമ പ്രകാരം ലൈസന്‍സില്ലാത്ത വാഹനം നിരത്തിലിറക്കിയാല്‍ 500 ദിര്‍ഹം പിഴയൊടുക്കണം. കൂടാതെ നാലു ബ്ലാക്ക് പോയിന്റുകളും ഒരാഴ്ചത്തേക്ക് വാഹനം പിടിച്ചു വയ്ക്കുകയും ചെയ്യും.
വാഹന, റോഡു സുരക്ഷ ശകതമാക്കുന്നതിന്റെ ഭാഗമായാണ് റഡാര്‍ ഉപയോഗിച്ച് ലൈസന്‍സ് പുതുക്കാത്ത വാഹനങ്ങളെ പിടികൂടുന്നത്.