റിയാദ് - ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് കരാറുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്ന മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ മൂന്നു കമ്പനികള്‍ക്ക് സൗദി സെന്‍ട്രല്‍ ബാങ്ക് ലൈസന്‍സുകള്‍ അനുവദിച്ചു. പോളിസി നിരക്ക് എത്രയായിരിക്കുമെന്ന് കമ്പനികള്‍ അറിയിച്ചിട്ടില്ല. ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് കരാറുകള്‍ക്കുള്ള ഇന്‍ഷുറന്‍സ് സേവനം കമ്പനികള്‍ നല്‍കാനും തുടങ്ങിയിട്ടില്ല.
എയിഡ്‌സ്, ജീവന് ഭീഷണിയായി മാറുന്ന ക്യാന്‍സര്‍, കൈകാലുകള്‍ക്ക് സ്ഥിരമായ തളര്‍ച്ച എന്നീ രോഗങ്ങള്‍ സ്ഥിരീകരിക്കുന്ന പക്ഷം ഇന്‍ഷുറന്‍സ് കമ്പനികള്‍ തൊഴിലുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന്, ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് കരാര്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ ലൈസന്‍സുകള്‍ അനുവദിക്കാന്‍ സെന്‍ട്രല്‍ ബാങ്ക് അംഗീകരിച്ച മാതൃകാ നിര്‍ദേശങ്ങള്‍ അനുശാസിക്കുന്നു. ആകെ പതിനാലു മാറാരോഗങ്ങള്‍ സ്ഥിരീകരിക്കുന്ന പക്ഷം ഇതേപോലെ കമ്പനികള്‍ തൊഴിലുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കും.