കണ്ണൂര്‍- ഹണിട്രാപ് വഴി അരക്കോടിയിലേറെ രൂപ തട്ടിയെടുത്തെന്ന ബില്‍ഡറുടെ പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം കേസെടുത്ത കണ്ണൂര്‍ ടൗണ്‍ പോലീസ് അന്വേഷണമാരംഭിച്ചു. കണ്ണൂര്‍ തളാപ്പിലെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന 52 കാരന്റെ പരാതിയിലാണ് കോടതി നിര്‍ദേശ പ്രകാരം ടൗണ്‍ പോലീസ് കേസെടുത്തത്. ബിസിനസ് സ്ഥാപനത്തിലെ വാറ്റ് നികുതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയായിരുന്ന യുവതി കണ്ണൂരിലെയും തിരുവനന്തപുരത്തെയും അപ്പാര്‍ട്ട്‌മെന്റില്‍ തടങ്കലില്‍ താമസിപ്പിച്ച് ഹണി ട്രാപ്പില്‍പ്പെടുത്തി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു എന്നാണ് പരാതി.
2015 ഡിസംബര്‍ മുതല്‍ 2019 ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 50,72,010 രൂപ യുവതിയും പിതാവും തട്ടിയെടുക്കുകയും പറഞ്ഞതനുസരിച്ച് രേഖകള്‍ ശരിയാക്കി നല്‍കാതെ ഭീഷണിപ്പെടുത്തി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. വാങ്ങിയ പണം തിരിച്ചുനല്‍കാതെ വിശ്വാസ വഞ്ചന നടത്തിയെന്ന പരാതിയിലാണ് കോടതി നിര്‍ദേശ പ്രകാരം ടൗണ്‍ പോലീസ് കേസെടുത്തത്. യോഗശാലയ്ക്കടുത്തുള്ള ബില്‍ഡറുടെ പരാതിയിലാണ് തലശേരി സ്വദേശിനിയായ യുവതിക്കെതിരേ കേസെടുത്തത്.
സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നപ്പോള്‍ രാഷ്ട്രീയബന്ധം ഉപയോഗിച്ച് നികുതിയിളവു വാങ്ങി തരാമെന്ന് പറഞ്ഞ് യുവതി തിരുവനന്തപുരത്തേക്ക് കൂട്ടികൊണ്ട് പോയതായും അവിടെ താമസിച്ചതായും പരാതിയില്‍ പറയുന്നു. ഈ ബന്ധത്തില്‍ കുട്ടിയുണ്ടെന്ന് ഭീഷണിപെടുത്തിയാണ് 50.72 ലക്ഷം രൂപ തട്ടിയെടുത്തത്. പിന്നീട് തുക നല്‍കിയ ശേഷവും ഇതേ കാരണം പറഞ്ഞ് പണം ആവശ്യപ്പെട്ടു. നിരന്തരം ഭീഷണി വന്നതോടെയാണ് തലശേരി കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കേസ് കണ്ണൂര്‍ ടൗണ്‍ പോലീസിനു കൈമാറുകയായിരുന്നു.