തിരുവനന്തപുരം- കേരളം അടുത്തയാഴ്ച 1000 കോടി രൂപ കടമെടുക്കും. ജൂണ്‍ ആദ്യം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കുന്നത് ഈ വായ്പയും ചേര്‍ത്തായിരിക്കും.
ഈ സാമ്പത്തികവര്‍ഷം കേരളം ആദ്യമായാണ് കേന്ദ്രം അനുവദിച്ച കടമെടുക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ വായ്പ കൂടി സംസ്ഥാനസര്‍ക്കാരിന്റെ കടത്തില്‍ കൂട്ടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം കടമെടുപ്പ് തടഞ്ഞിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമാകുന്നതുവരെ, സംസ്ഥാനത്തിന്റെ അഭ്യര്‍ഥന മാനിച്ച് 5000 കോടി തത്കാലം എടുക്കാന്‍ അനുവദിച്ചു. അതില്‍നിന്നാണ് ഇപ്പോള്‍ ആയിരം കോടി എടുക്കുന്നത്. എന്നാല്‍, കടമെടുക്കാന്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തോട് കേന്ദ്രം ഇതുവരെ അനുകൂല നിലപാട് എടുത്തിട്ടില്ല.