മലപ്പുറം- തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് ചരിത്ര വിഭാഗം തലവനായിരുന്ന പ്രൊഫ. എന്‍.കെ. മുസ്തഫ കമാല്‍പാഷ നിര്യാതനായി. അസുഖബാധിതനായി വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു അദ്ദേഹം. ഇസ്‌ലാമിക ചരിത്രത്തിലും മധ്യ പൗരസ്ത്യ ദേശ ചരിത്രത്തിലും പാണ്ഡിത്യമുള്ള കമാല്‍പാഷ സാമൂഹിക, സാംസ്‌കാരിക മണ്ഡലങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.
32 വര്‍ഷം തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് ചരിത്ര വിഭാഗം തലവനായിരുന്നു. കാലിക്കറ്റ് യൂനിവേഴ്‌സ്റ്റി ഇസ്‌ലാമിക് സ്റ്റഡീസിന്റെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍, ഇസ്‌ലാമിക് സ്റ്റഡീസ് ചെയറില്‍ പ്രൊഫസര്‍, പടിഞ്ഞാറങ്ങാടി എം.എ.എസ് കോളജ് പ്രിന്‍സിപ്പല്‍, അഡള്‍ട്ട് എജുക്കേഷന്‍ ഡയറക്ടര്‍, കോഴിക്കോട് ഫണ്ടമെന്റല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിരുന്നു.
പി.കെ. അബ്ദുറസാഖ് സുല്ലമിയുമായി ചേര്‍ന്ന് നിര്‍മിച്ച 'ഖുര്‍ആന്‍ ചരിത്ര ഭൂമികളിലൂടെ' വീഡിയോ സി.ഡി ശ്രദ്ധേയമായിരുന്നു. അടുത്തിടെ അദ്ദേഹത്തിന്റെ ജീവചരിത്ര ഡോകുമെന്ററി 'ഹിസ് സ്‌റ്റോറി' പുറത്തിറങ്ങിയിരുന്നു.
ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വളാഞ്ചേരി പൂക്കാട്ടിരി ജുമാമസ്ജ്ദ് ഖബര്‍സ്ഥാനില്‍.