വിദ്വേഷ പ്രസംഗകേസില്‍ അറസ്റ്റിലായയിന് പിന്നാലെ പോലീസിനെതിരെ പി സി ജോര്‍ജ്. എനിക്കറിയില്ല, നോട്ടീസ് കിട്ടിയത് അനുസരിച്ച് എന്റെ മര്യാദയ്ക്ക് ഇന്നലെ പാലാരിവട്ടം പോലീസ് സ്‌റ്റേഷനില്‍ ഹാജരായതാണ്. എന്തിനാണ് എന്നെ ഇങ്ങനെ ദേഹണ്ഡിച്ചു കൊണ്ട് നടക്കുന്നതെന്ന് പോലീസിനോടും ഭരണകര്‍ത്താക്കളോടും ചോദിക്ക് പി സി ജോര്‍ജ് പറഞ്ഞു. വൈദ്യപരിശോധനക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പി സി ജോര്‍ജ് ഇപ്രകാരം പറഞ്ഞത്.
'വേറൊന്നും പറയാന്‍ കോടതി അനുവാദം തന്നിട്ടില്ല. കോടതി അനുവാദം തരാത്തതിനാല്‍ വേറൊന്നും പറയാന്‍ ഇപ്പോഴില്ല. ജാമ്യം ലഭിച്ചശേഷം എല്ലാം പറയാം'. ആരോഗ്യപ്രശ്‌നങ്ങളുണ്ടോയെന്ന ചോദ്യത്തിന് 'അതൊന്നും സാരമില്ലെ'ന്നായിരുന്നു മറുപടി. 'പോലീസിന്റെ നടപടികള്‍ കാണുമ്പോള്‍ തമാശയാണ് തോന്നുന്നത്. നടപടി രാഷ്ട്രീയ പ്രേരിതമാണെന്നതില്‍ എന്താ സംശയം. എല്ലാം സമൂഹം വിലയിരുത്തട്ടെ' എന്നും പി സി ജോര്‍ജ് പറഞ്ഞു. അറസ്റ്റിലായ പി സി ജോര്‍ജിനെ കോടതി റിമാന്‍ഡ് ചെയ്തു. വഞ്ചിയൂര്‍ കോടതിയാണ് ജോര്‍ജിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. വഞ്ചിയൂര്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ചേംബറിലാണ് പി സി ജോര്‍ജിനെ രാവിലെ ഹാജരാക്കിയത്. റിമാന്‍ഡ് ചെയ്തതിന് പിന്നാലെ പോലീസ് കസ്റ്റഡി അപേക്ഷയും നല്‍കിയിട്ടുണ്ട്. പി സി ജോര്‍ജിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കുമെന്ന് സര്‍ക്കാര്‍ അഭിഭാഷക അറിയിച്ചു. പി സി ജോര്‍ജിനെ പൂജപ്പുര ജില്ലാ ജയിലില്‍ അടയ്ക്കുമെന്നാണ് വിവരം.