ഗോൾഡ് കോസ്റ്റ്- മരുന്നടി അഭ്യൂഹം അന്തരീക്ഷത്തിൽ കനം തൂങ്ങി നിൽക്കുമ്പോഴും വിവാദം ലവലേശം ഏശാതെ കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ താരങ്ങൾ. ഇന്നലെ അത്‌ലറ്റ്‌സ് വില്ലേജിൽ നടന്ന പതാക ഉയർത്തൽ ചടങ്ങിൽ ഇന്ത്യൻ താരങ്ങളെല്ലാം ആഹ്ലാദത്തോടെയാണ് പങ്കെടുത്തത്. സംശയത്തിന്റെ കുന്തമുന നീണ്ടുനിന്ന ബോക്‌സിംഗ് ടീമംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു. ലോക ചാമ്പ്യൻ എം.സി മേരികോം ആഹ്ലാദവതിയായിരുന്നു. ജാവലിൻ താരം നീരജ് ചോപ്ര ഫോട്ടൊ എടുക്കുന്ന തിരക്കിലായിരുന്നു.
തങ്ങൾ പരിശീലനത്തില്ലാതെ മറ്റൊന്നിലും ശ്രദ്ധിക്കുന്നില്ലെന്ന് ഒരു ബോക്‌സിംഗ് കോച്ച് പറഞ്ഞു. മറ്റൊന്നിനെക്കുറിച്ചും നമുക്ക് അറിയുകയുമില്ലെന്ന് അദ്ദേഹം തുടർന്നു.
സിറിഞ്ചുകൾ കണ്ടെത്തിയ സംഭവത്തെക്കുറിച്ച് മാധ്യമങ്ങളുമായി എന്തെങ്കിലും സംസാരിക്കാൻ ഇന്ത്യൻ സംഘത്തലവൻ വിക്രം സിസോദിയ വിസമ്മതിച്ചു.
നാളെയാണ് ഗെയിംഗിന്റെ ഉദ്ഘാടന ചടങ്ങ്. മറ്റന്നാൾ മുതൽ മത്സരങ്ങൾ ആരംഭിക്കും.