- ഇന്ത്യൻ ടീം ക്യാമ്പിന് സമീപം സിറിഞ്ചുകൾ
- ഒരു താരത്തിന് വൈറ്റമിൻ കുത്തിവെപ്പ് നൽകിയെന്ന് ബോക്‌സിംഗ് കോച്ച്
ഗോൾഡ് കോസ്റ്റ് (ഓസ്‌ട്രേലിയ)- കോമൺവെൽത്ത് ഗെയിംസിന് നാളെ തിരി തെളിയാനിരിക്കെ, ഇന്ത്യൻ ക്യാമ്പിനെ ചുറ്റിപ്പറ്റി മരുന്നടിയുടെ കരിനിഴൽ. ഗോൾഡ് കോസ്റ്റിലെ ഗെയിംസ് അത്‌ലറ്റ്‌സ് വില്ലേജിൽ ഇന്ത്യൻ ക്യാമ്പിന് സമീപം കഴിഞ്ഞ ദിവസം സിറിഞ്ചുകൾ കണ്ടെത്തിയതിനെ തുടർന്നാണിത്. എന്നാൽ താരങ്ങളാരും മരുന്നടിച്ചിട്ടില്ലെന്ന് ഇന്ത്യൻ പുരുഷ ബോക്‌സിംഗ് കോച്ച് സാന്തായഗോ നീവ വെളിപ്പെടുത്തി. സുഖമില്ലാതിരുന്ന ഒരു താരത്തിന് വൈറ്റമിൻ കുത്തിവെപ്പ് നൽകുകയാണ് ചെയ്തതെന്ന് അദ്ദേഹം ഒരു ഓസ്‌ട്രേലിയൻ മാധ്യമത്തോട് വ്യക്തമാക്കി.
പക്ഷെ സംഭവം സംഘാടകരിൽ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. 'സൂചിയില്ലാത്ത ഗെയിംസ്' എന്ന ലക്ഷ്യമാണ് ഇതോടെ പാളിയത്. സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ച സംഘാടകർ, ഒരു ടീമിന്റെ ഒഫീഷ്യലുകളെ വിശദീകരണത്തിനായി വിളിച്ചു വരുത്തിയെന്ന് അറിയിച്ചു. ഏത് ടീമിന്റേതെന്ന് ഔദ്യോഗികമായി പുറത്തുവിട്ടില്ലെന്ന് മാത്രം.
എന്നാൽ ഇന്ത്യൻ ബോക്‌സർമാരാരും മരുന്നടിച്ചിട്ടില്ലെന്ന കാര്യത്തിൽ തനിക്ക് ഉറപ്പുണ്ടെന്ന് നീവ പറഞ്ഞു. ഒരു ബോക്‌സർക്ക് നല്ല സുഖമില്ലാതിരുന്നതിനാൽ ഡോക്ടർ തന്നെയാണ് കുത്തിവെപ്പ് നൽകിയത്. പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള മരുന്നായിരുന്നോ അതെന്ന ചോദ്യത്തിന്, അല്ല വൈറ്റമിൻ എന്നായിരുന്നു മറുപടി.
എന്നാൽ ഇതുസംബന്ധിച്ച് ഇന്ത്യൻ ടീം മാനേജർ അജയ് നരംഗ് കഴിഞ്ഞ ദിവസം നൽകിയ വിശദീകരണത്തെ ഖണ്ഡിക്കുന്നതായി നീവയുടെ വിശദീകരണം. കണ്ടെത്തിയ സൂചികൾക്ക് ഇന്ത്യൻ ടീമുമായി ഒരു ബന്ധവുമില്ലെന്നായിരുന്നു നരംഗ് പറഞ്ഞത്. ടീം അക്കോമഡേഷന് പുറത്ത് പാതയോരത്ത് വെള്ളക്കുപ്പിക്കുള്ളിലാണ് സൂചികൾ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. നീവയുടെ വിശദീകരണം വന്നതോടെ സിറിഞ്ചുകൾ ഇന്ത്യൻ ടീം തന്നെയാണ് ഉപയോഗിച്ചതെന്ന് വ്യക്തമായി.
കണ്ടെത്തിയ സിറിഞ്ചുകൾ ഗെയിംസ് സംഘാടകർ പരിശോധിച്ചുവരികയാണ്. സൂചിരഹിത ഗെയിംസ് നയം ലംഘിക്കരുതെന്ന് അവർ ടീമുകൾക്കും കായികതാരങ്ങൾക്കും ആവർത്തിച്ച് താക്കീത് നൽകി. ലംഘിക്കുന്നവർക്കുള്ള ശിക്ഷ കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷൻ കോർട്ടാവും തീരുമാനിക്കുക.
എങ്കിലും സംശയമുള്ള ടീം ഏതാണെന്ന് വെളിപ്പെടുത്താൻ ഫെഡറേഷൻ ചീഫ് എക്‌സിക്യുട്ടീവ് ഡേവിഡ് ഗ്രീവംബർഗ് ഇന്നലെയും വിസമ്മതിച്ചു. ഒരു ടീമിലെ ഒഫീഷ്യലുകളെ കോമൺവെൽത്ത് ഗെയിംസ് മെഡിക്കൽ കമ്മീഷൻ വിളിച്ചുവരുത്തി എന്നു മാത്രമാണ് അദ്ദേഹം പറഞ്ഞത്.