ആലപ്പുഴ- പോപുലര്‍ ഫ്രണ്ട് ആലപ്പുഴയില്‍ സംഘടിപ്പിച്ച ജനമഹാസമ്മേളനത്തിന്റെ ഭാഗമായി നടന്ന റാലിക്കിടെ കൊച്ചുകുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍പോപുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാപ്രസിഡന്റ് നവാസ് വണ്ടാനത്തെ പോലീസ് കസ്റ്റഡിയിലെടുത്തു്.
കുട്ടിയെ തോളിലേറ്റി ജാഥയില്‍ നടന്ന പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ഈരാറ്റുപേട്ട നടക്കല്‍ പാറനാനിയില്‍ അന്‍സാര്‍ നജീബ് (30)നെ ആലപ്പുഴ സൗത്ത് പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്നവര്‍ക്കെതിരേയാണ് കേസെടുത്തിട്ടുള്ളതെന്നും മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ജില്ലാ പോലീസ് മേധാവി ജി. ജയദേവ് പറഞ്ഞു. കുട്ടിയെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇതിന് ശേഷം മാതാപിതാക്കളെ ചോദ്യം ചെയ്യും. റാലിയില്‍ മുദ്രാവാക്യം ഏറ്റുവിളിക്കുന്നതായി കാണുന്നവരെ തിരിച്ചറിഞ്ഞ ശേഷം ഇവര്‍ക്കെതിരേയും പോലീസ് നടപടി സ്വീകരിക്കും.
തിങ്കളാഴ്ച രാത്രി പത്തോടെ മറ്റക്കാടുള്ള സുഹൃത്തിന്റെ വീട്ടില്‍നിന്നാണ് അന്‍സാറിനെ കസ്റ്റഡിയിലെടുത്തത്. വിശദമായി ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റു രേഖപ്പെടുത്തി. സൗത്ത് സി.ഐ എസ്. അരുണിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്.
അന്‍സാറിനേയും നവാസ് വണ്ടാനത്തേയും അറസ്റ്റ് ചെയ്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാകോടതി പാലത്തിന് സമീപത്ത് നിന്ന് ആരംഭിച്ച പ്രകടനത്തില്‍ സ്ത്രീകളുള്‍പ്പടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. പ്രകടനം സക്കറിയാബസാറില്‍ സമാപിച്ചു. സമ്മേളനത്തില്‍ പോപ്പുലര്‍ ഫ്രണ്ട് തിരുവനന്തപുരം റീജണല്‍ പ്രസിഡന്റ് നവാസ് ഷിഹാബ് പ്രസംഗിച്ചു.
മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ആലപ്പുഴ ജില്ലാ നേതൃത്വം പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. മുദ്രാവാക്യം കുട്ടി സ്വയമേ വിളിച്ചതാണോ അതോ പറഞ്ഞു പഠിപ്പിച്ചതാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് ഈരാറ്റുപേട്ടയില്‍ പ്രകടനം നടന്നു. നിരവധി പേര്‍ പങ്കെടുത്തു. പി.സി ജോര്‍ജിനെ അറസ്റ്റു ചെയ്യാന്‍ മുട്ടുവിറക്കുന്ന പോലീസ് പി.എഫ്.ഐ പ്രവര്‍ത്തകരെ പിടികൂടാന്‍ അമിത താല്‍പര്യം കാട്ടുന്നതായി അവര്‍ ആരോപിച്ചു.