Sorry, you need to enable JavaScript to visit this website.

തുര്‍ക്കി അടക്കം അഞ്ചു രാജ്യങ്ങള്‍ കിരീടാവകാശി സന്ദര്‍ശിക്കുന്നു

റിയാദ് - സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വൈകാതെ അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. തുര്‍ക്കി, ഈജിപ്ത്, സൈപ്രസ്, ഗ്രീസ്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളാണ് സന്ദര്‍ശിക്കുക. മേഖലാ, ആഗോള പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യാനും ഊര്‍ജ, വ്യാപാര മേഖലകളില്‍ കരാറുകള്‍ ഒപ്പുവെക്കാനും ലക്ഷ്യമിട്ടാണ് കിരീടാവകാശി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്. കിരീടാവകാശിയുടെ സന്ദര്‍ശനത്തിന്റെ കൃത്യമായ തീയതികള്‍ നിര്‍ണയിക്കാന്‍ സൗദി അധികൃതര്‍ അഞ്ചു രാജ്യങ്ങളുമായും ചര്‍ച്ചകള്‍ തുടരുകയാണ്. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അടുത്ത മാസാദ്യം ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്നാണ് കരുതുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ കഴിഞ്ഞ മാസം സൗദി അറേബ്യ സന്ദര്‍ശിച്ച് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തുകയും കിരീടാവകാശിയുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. വര്‍ഷങ്ങളുടെ ഇടവേളക്കു ശേഷമാണ് സൗദി-തുര്‍ക്കി ബന്ധം സാധാരണ നിലയിലാകുന്നത്. ഖത്തറില്‍ തുര്‍ക്കി സൈനിക താവളം സ്ഥാപിച്ചത് അടക്കമുള്ള കാരണങ്ങള്‍ സൗദി, തുര്‍ക്കി ബന്ധം വഷളാക്കാന്‍ ഇടയാക്കുകയായിരുന്നു. അഞ്ചു വര്‍ഷം മുമ്പ് സൗദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചപ്പോള്‍ ബന്ധം പുനഃസ്ഥാപിക്കാന്‍ മുന്നോട്ടുവെച്ച പ്രധാന ഉപാധികളില്‍ ഒന്ന് ഖത്തറിലെ തുര്‍ക്കി സൈനിക താവളം അടച്ചുപൂട്ടണം എന്നതായിരുന്നു.
പ്രമുഖ സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗി ഇസ്താംബൂള്‍ സൗദി കോണ്‍സുലേറ്റില്‍ വെച്ച് കൊല്ലപ്പെട്ട സംഭവത്തെ ആഗോള തലത്തില്‍ സൗദി അറേബ്യക്കെതിരായ രാഷ്ട്രീയ ആയുധമായി മുതലെടുക്കാന്‍ തുര്‍ക്കി കിണഞ്ഞുശ്രമിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കി. ഖശോഗി വധക്കേസ് വിചാരണ പൂര്‍ണമായും സൗദിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചതായി ഉര്‍ദുഗാന്റെ സൗദി സന്ദര്‍ശനത്തിനു മുന്നോടിയായി തുര്‍ക്കി അറിയിച്ചിരുന്നു.

 

Latest News