റിയാദ് - പ്രശസ്തമായ ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റ് ശൃംഖലക്കു കീഴിലെ ശാഖയിലെ വിദേശ തൊഴിലാളി ആരോഗ്യ, മുന്‍കരുതല്‍ വ്യവസ്ഥകള്‍ ലംഘിച്ച് ഭക്ഷണം പേക്ക് ചെയ്തതില്‍ സാമൂഹികമാധ്യമ ഉപയോക്താക്കള്‍ക്കിടയില്‍ രോഷം പുകയുന്നു. ഹെര്‍ഫി ഫുഡ് സര്‍വീസ് കമ്പനി ശാഖയിലെ തൊഴിലാളി കുഴമ്പു രൂപത്തിലുള്ള ഭക്ഷണം സ്പൂണ്‍ ഉപയോഗിച്ച് കപ്പില്‍ നിറക്കുന്നതിന്റെയും കപ്പിന്റെ വക്കില്‍ പരന്ന ഭക്ഷണം ഗ്ലൗസ് ധരിക്കാതെ വിരലുകള്‍ ഉപയോഗിച്ച് തുടച്ച് കപ്പിനകത്താക്കുന്നതിന്റെയും ഇതിനിടെ കൈ കൊണ്ട് മൂക്കില്‍ സ്പര്‍ശിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികളില്‍ ഒരാള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നു.
ആരോഗ്യ, മുന്‍കരുതല്‍ വ്യവസ്ഥകള്‍ ലംഘിച്ച തൊഴിലാളിക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും നിരവധി ഉപയോക്താക്കള്‍ ദിവസേന എത്തുന്ന പ്രശസ്തമായ റെസ്റ്റോറന്റുകളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ നിരീക്ഷണം ശക്തമാക്കണമെന്നും സാമൂഹികമാധ്യമ ഉപയോക്താക്കള്‍ ആവശ്യപ്പെട്ടു. അതേസമയം, തൊഴിലാളിയുടെ ഭാഗത്തുണ്ടായത് ഒറ്റപ്പെട്ട സംഭവമാണെന്നും ഹെര്‍ഫി കമ്പനി മുഴുവന്‍ മേഖലകളിലും പാലിക്കുന്ന മുന്‍കരുതല്‍ നടപടികളെയും ശുചീകരണ, സേവന നിലവാരത്തെയും ഇത് ഒരുനിലക്കും പ്രതിനിധീകരിക്കുന്നില്ലെന്നും കമ്പനി പറഞ്ഞു.