കോട്ടയം- ആലപ്പുഴയിൽ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ഈരാറ്റുപേട്ട സ്വദേശി അന്‍സാര്‍ നജീബിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രകടനത്തില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ചുകൊടുത്ത കുട്ടിയെ അന്‍സാറും തോളിലേറ്റിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. അറസ്റ്റില്‍ പ്രതിഷേധിച്ച് ഈരാറ്റുപേട്ടയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രകടനം നടത്തി.
കഴിഞ്ഞ ശനിയാഴ്ച പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ നഗരത്തില്‍ നടത്തിയ റാലിയിലാണ് ചെറിയകുട്ടി മുദ്രാവാക്യം വിളിച്ചുകൊടുത്തത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെയാണ് ആലപ്പുഴ സൗത്ത് പൊലീസ് അന്വേഷണം തുടങ്ങിയത്.
'അരിയും മലരും വാങ്ങിച്ച് വീട്ടില്‍ കാത്തു വെച്ചോളൂ.... കുന്തിരിക്കം വാങ്ങിച്ച് വെച്ചോളൂ.... വരുന്നുണ്ടെടാ വരുന്നുണ്ടെടാ.. നിന്റെയൊക്കെ കാലന്മാര്‍' എന്നിങ്ങനെ തുടങ്ങുന്ന മുദ്രാവാക്യമാണ് കുട്ടി വിളിക്കുന്നത്. വീഡിയോ ദൃശ്യം വിശദമായി പരിശോധിക്കുമെന്നും കുട്ടിയെക്കൊണ്ട് ആരെങ്കിലും വിളിപ്പിക്കുന്നതാണോ എന്നും അന്വേഷിക്കുമെന്ന് സൗത്ത് പോലീസ് പറഞ്ഞു.