കൊച്ചി- ആലപ്പുഴയിലെ വര്‍ഗീയ മുദ്രാവാക്യത്തില്‍ സര്‍ക്കാരിനെതിരെ കെ.സി.ബി.സി. മത വര്‍ഗീയ സംഘടനകളെ പ്രീണിപ്പിക്കുന്ന സര്‍ക്കാര്‍ നിലപാട് അപകടകരമാണെന്നും അതീവ ഗുരുതരമായ വിഷയത്തില്‍പോലും നടപടിയെടുക്കാന്‍ സര്‍ക്കാര്‍ മടിച്ചു നില്‍ക്കുകയാണെന്നും കെ.സി.ബി.സി കുറ്റപ്പെടുത്തി.
പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴയില്‍ നടത്തിയ റാലിയിലാണ് കൊച്ചുകുട്ടി പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയത്. ഇത് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആവുകയും വളരെയേറെ വിമര്‍ശം വിവിധ കോണുകളില്‍നിന്ന് ഉയരുകയും ചെയ്തിരുന്നു. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലുള്ള മുദ്രാവാക്യങ്ങള്‍ ആയിരുന്നിട്ടും നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നിരുന്നില്ല.
കേരളസമൂഹത്തില്‍ ചില തീവ്രവാദ സംഘടനകളുടെ സാന്നിധ്യമുണ്ടെന്നും അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്നും നിരവധി മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടുള്ളതാണ്. സമീപകാലത്തെ ചില സംഭവങ്ങളില്‍നിന്ന് ഇത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ടെന്നും വ്യക്തമായിട്ടുണ്ട്. കഴിഞ്ഞയിടെ കേരള ഹൈക്കോടതി തന്നെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചില സംഘടനകളെക്കുറിച്ച് പരാമര്‍ശിക്കുകയുണ്ടായിരുന്നു. ഇത്തരമൊരു സാഹചര്യത്തിലും ശരിയായ വിധത്തില്‍ ഇടപെടലുകള്‍ നടത്താന്‍ സര്‍ക്കാര്‍ തയാറാകാത്തത് ദുരൂഹമാണ്- കെ.സി.ബി.സി കുറ്റപ്പെടുത്തി.