കൊച്ചി- രാഷ്ട്രീയ പാര്‍ട്ടികളുടെ റാലികളില്‍ കുട്ടികളെ ഒഴിവാക്കണമെന്ന് ഹൈക്കോടതി. കുട്ടികളെ രാഷ്ട്രീയ പാര്‍ട്ടികളുടെ റാലികളില്‍ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കുകയാണെന്ന് ജസ്റ്റിസ് പി. ഗോപിനാഥ് നിരീക്ഷിച്ചു. പോക്‌സോ കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം. കഴിഞ്ഞദിവസം ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ പരാമര്‍ശം.
സംഘടനകള്‍ വിദ്വേഷ മുദ്രാവാക്യങ്ങള്‍ വിളിപ്പിച്ച് ശ്രദ്ധ നേടാന്‍ ശ്രമിക്കുന്നതായും കോടതി നിരീക്ഷിച്ചു. പുതിയ തലമുറയുടെ തലയില്‍ മതവിദ്വേഷം കുത്തിവയ്ക്കാനല്ല ഇത്തരക്കാര്‍ ശ്രമിക്കേണ്ടതെന്നും ജസ്റ്റിസ് ഗോപിനാഥ് പറഞ്ഞു.
അതേസമയം, പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പ്രകോപന മുദ്രാവാക്യം ഉയര്‍ന്ന സംഭവത്തില്‍ പോലീസ് കേസെടുത്തു. ആലപ്പുഴ സൗത്ത് പോലീസ് ആണ് കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമമെന്ന് പോലീസിന്റെ എഫ്.ഐ.ആര്‍ വ്യക്തമാക്കുന്നു. കുട്ടിയുടെ രക്ഷിതാക്കള്‍ക്കെതിരെയാണ് കേസെടുത്തത്. ഐ.പി.സി 153 എ പ്രകാരമാണ് രക്ഷിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. പരിപാടിയില്‍ കുട്ടിയെ പങ്കെടുപ്പിച്ച സംഘാടകര്‍ക്കെതിരെയും ഇതേ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. സംഭവത്തിനെതിരെ വ്യാപകമായ വിമര്‍ശം ഉയര്‍ന്ന സാഹചര്യത്തിലാണ് പോലീസ് കേസെടുത്തത്.