Sorry, you need to enable JavaScript to visit this website.

ബന്ധു കൈവിട്ടു; ജീവനൊടുക്കിയ പ്രവാസിയുടെ മൃതദേഹം  നവയുഗം പ്രവർത്തകർ നാട്ടിലെത്തിച്ചു

രാജേന്ദ്രൻ

ദമാം- ബന്ധു ഉപേക്ഷിച്ചു പോയ പ്രവാസിയുടെ മൃതദേഹം നവയുഗം പ്രവർത്തകർ നാട്ടിലെത്തിച്ചു. തമിഴ്‌നാട് കന്യാകുമാരി തിക്കണംകോട്  സ്വദേശി മരിയ രാജേന്ദ്രൻ (50) ഏഴു വർഷം മുൻപാണ് റിയാദിൽ ഒരു കമ്പനിയിൽ ജോലിക്കാരനായി എത്തിയത്. 
ജോലി സാഹചര്യങ്ങളിൽ  അസന്തുഷ്ടനായ രാജേന്ദ്രൻ, എട്ടു മാസം മുമ്പ് ഒളിച്ചോടി അൽഹസയിൽ എത്തി, അവിടെയുണ്ടായിരുന്ന ഭാര്യാസഹോദരനായ കഌറ്റസിനൊപ്പം സൂപ്പർവൈസർ ജോലി ചെയ്തു വരികയായിരുന്നു. 
ആദ്യമൊക്കെ കുഴപ്പം ഇല്ലായിരുന്നെങ്കിലും, പോലീസ് പരിശോധനയൊക്കെ കർശനമായതോടെ രാജേന്ദ്രന്റെ ജീവിതം ഏറെ ബുദ്ധിമുട്ടിലായി. നാട്ടിലെ സാമ്പത്തികാവസ്ഥയും കുടുംബ പ്രശ്‌നങ്ങളും കാരണം ഏറെ മാനസിക സമ്മർദ്ദത്തിലായ രാജേന്ദ്രൻ, 2018 ഫെബ്രുവരി എട്ടാം തീയതി താമസസ്ഥലത്ത് തൂങ്ങി മരിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നവയുഗം ജീവകാരുണ്യ പ്രവർത്തകനായ ഹുസൈൻ കുന്നിക്കോട്, രാജേന്ദ്രന്റെ  ഭാര്യാസഹോദരനായ കഌറ്റസിനെ നേരിട്ട് ബന്ധപ്പെട്ട് സംസാരിച്ചു. 
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ നിയമ നടപടികൾക്കായി കഌറ്റസിന്റെ പേരിൽ അനുമതിപത്രം നാട്ടിൽ നിന്നും വരുത്താൻ ശ്രമം തുടങ്ങി. എന്നാൽ തനിക്ക് എന്തെങ്കിലും നിയമ നടപടികൾ നേരിടേണ്ടി വരുമോ എന്ന് ഭയന്ന്, മൃതദേഹത്തിന്റെ കാര്യം ഉപേക്ഷിച്ച്, കഌറ്റസ് ആരുമറിയാതെ ഫൈനൽ എക്‌സിറ്റിൽ നാട്ടിലേക്ക് മുങ്ങുകയായിരുന്നു. രാജേന്ദ്രന്റെ നാട്ടിലെ കുടുംബത്തിന്റെ അഡ്രസ്സ്, ഫോൺ നമ്പർ എന്നിങ്ങനെ ഒരു വിവരവും ഇല്ലാത്തതിനാൽ, മൃതദേഹം നാട്ടിലേക്ക് അയക്കുന്ന നടപടിക്ക് തടസ്സമായി. ഹുസ്സൈൻ കുന്നിക്കോട് പോലീസിന്റെ സഹായത്തോടെ, രാജേന്ദ്രൻ ജോലി ചെയ്തിരുന്ന റിയാദിലെ കമ്പനിയുടെ അഡ്രസ്സ് എടുത്ത് അവരെ വിളിക്കുകയും രാജേന്ദ്രന്റെ നാട്ടിലെ അഡ്രസ്സും, കുടുംബത്തിന്റെ ഫോൺ നമ്പറും ലഭിച്ചു. 
ഭാര്യ കലയും, രണ്ട് ആൺമക്കളും അടങ്ങുന്നതായിരുന്നു രാജേന്ദ്രന്റെ കുടുംബം. അവരുമായി ഫോണിൽ ബന്ധപ്പെട്ട് ഹുസ്സൈൻ കുന്നിക്കോടിന്റെ പേരിൽ അനുമതിപത്രം നാട്ടിൽ നിന്നും വരുത്തി. ഇന്ത്യൻ എംബസിയുമായും വിവിധ സൗദി വകുപ്പുകളുമായും ഏകോപിപ്പിച്ചു നിയമ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി, മൃതദേഹം  നാട്ടിലേക്ക് അയച്ചു.
 

Latest News