ജിദ്ദ- ഈശ്വരാ, ഉറങ്ങുക, ഒന്നുമറിയാതെ. ജന്മത്തിൽ നിന്ന് ജന്മത്തിലേക്ക് തല ചായ്ച്ച്.. മലയാള സാഹിത്യം ഖസാക്കിനു മുൻപും ഖസാക്കിനു ശേഷവും എന്ന വിഭജനത്തിലൂടെ ഭാഷയെ മഹാശൃംഗത്തിലേക്കുയർത്തിയ ഒ.വി വിജയൻ. ആ മഹായശസ്വിയുടെ എഴുത്തിനേയും വരയേയും ദർശനത്തേയും ഓർമകളിലേക്ക് പുനരാനയിച്ച ജിദ്ദയിലെ സഹൃദയർ അദ്ദേഹത്തിന്റെ ശ്രാദ്ധ ദിനത്തിൽ സർഗദീപ്തമായ ശ്രദ്ധാഞ്ജലി അർപ്പിച്ചു. ഒ.വി. വിജയന്റെ 'ഇത്തിരി നേരമ്പോക്ക്, ഇത്തിരി ദർശനം' എന്ന കാർട്ടൂൺ പരമ്പരയിൽ നിന്ന് തെരഞ്ഞെടുത്ത കാർട്ടൂണുകളുടെ പ്രദർശനത്തിനും പ്രവാസ ഭാവുകത്വത്തിന് ഏഴാണ്ടിന്റെ നിറപുണ്യമായി മാറിയ സമീക്ഷ സാഹിത്യവേദി അരങ്ങൊരുക്കി. കാർട്ടൂണിസ്റ്റ്, കോളമിസ്റ്റ്, എഴുത്തുകാരൻ എന്നീ നിലകളിലുള്ള എഴുപത്തഞ്ച് വർഷത്തെ വിജയന്റെ സംഭാവനകളെ സമഗ്രമായി വിലയിരുത്തുന്ന ചടങ്ങിൽ ഗോപി നെടുങ്ങാടി അധ്യക്ഷത വഹിച്ചു.
ഷറഫിയ വില്ലേജ് റസ്റ്റോറന്റിൽ നടന്ന പരിപാടി മുസാഫിർ (മലയാളം ന്യൂസ്) ഉദ്ഘാടനം ചെയ്തു. ഷെരീഫ് കാവുങ്ങലാണ് വിജയന്റെ കാർട്ടൂണുകൾ സമാഹരിച്ച് പ്രദർശനത്തിനെത്തിച്ചത്.
ഈയിടെ അന്തരിച്ച സ്റ്റീഫൻ ഹോക്കിംഗിനേയും പ്രസിദ്ധ കഥാകൃത്ത് എം. സുകുമാരനേയും അനുസ്മരിച്ചുകൊണ്ടാണ് വിജയൻ ഓർമയുടെ ഇതൾ വിടർന്നത്. ക്ഷുഭിത യൗവനങ്ങളുടെ സർഗാഭിരുചികളെ പ്രദീപ്തമാക്കിയ സുകുമാരന്റെ വേറിട്ട രചനകളെക്കുറിച്ചും ഏകാന്തവും അതേ സമയം വിപ്ലവാത്മകവുമായ ആ ജീവിതത്തെക്കുറിച്ചും ഫൈസു മമ്പാട് വിലയിരുത്തി.
അബു ഇരിങ്ങാട്ടിരി വിജയൻ അനുസ്മരണ പ്രഭാഷണം നടത്തി. ഗുരുസാഗരം എന്ന നോവൽ പഠനം ഷിബു തിരുവനന്തപുരം നിർവഹിച്ചു. കുഞ്ഞുണ്ണി എന്ന പത്രപ്രവർത്തകന്റെ ജീവിത വഴികളും അന്ത്യകാലത്ത് ആധ്യാത്മികതയിലേക്കുള്ള മടക്കവും മറ്റും സന്ദേഹിയായ വിജയന്റെ വ്യക്തി ജീവിതവുമായി പരോക്ഷമായി ബന്ധപ്പെട്ട് കിടക്കുന്നുവെന്ന് ഷിബു അഭിപ്രായപ്പെട്ടു.
കാലാതിശായിയായ ഖസാക്കിന്റെ ഇതിഹാസത്തിന്റെ ഭൂമികയിലൂടെ ആസ്വാദകരെ പിൻനടത്തിച്ച പ്രൊഫ. ഇസ്മായിൽ മരിതേരി, ഖസാക്കിലെ ഭാഷ, കഥാപാത്രങ്ങൾ, അവരുടെ ആത്മസംഘർഷങ്ങൾ, നോവലിലെ രതിപ്രതീകങ്ങൾ എന്നിവയെക്കുറിച്ചും മറ്റും സരസമായി പ്രതിപാദിച്ചു. കൽപ വൃക്ഷത്തിന്റെ തൊണ്ട്, പനംതത്തകളുടെ ധനുസ്സ്, അനാദിയായ വെയിൽ, വയൽ വരമ്പിലെ ഈരച്ചൂട്ടുകൾ, ജലത്തിന്റെ വില്ലീസ് പടുത തുടങ്ങി മലയാളം അന്നോളം കേട്ടിട്ടില്ലാത്ത ഭാഷാചാരുതയുടെ സഞ്ചയമാണ് ഖസാക്കിന്റെ ഇതിഹാസമെന്ന് പ്രൊഫ. ഇസ്മായിൽ സമർഥിച്ചു. തിയറി ഓഫ് മ്യൂട്ടേഷൻ എന്ന സിദ്ധാന്തത്തിന്റെ സാക്ഷാൽക്കാരമായ അരിമ്പാറ എന്ന പ്രസിദ്ധമായ കഥയെക്കുറിച്ചാണ് ഷെൽനാ വിജയ് ആസ്വാദനം നടത്തിയത്. മലയാള ഭാവുകത്വത്തിന്റെ ചരിത്രത്തെ തകിടം മറിച്ച കഥകളിൽ ഏറെ പ്രശസ്തമാണ് വിജയന്റെ അരിമ്പാറയെന്ന് ഷെൽന അഭിപ്രായപ്പെട്ടു. ചെങ്ങന്നൂർ വണ്ടിയെന്ന കഥയുടെ ആസ്വാദനം ബഷീർ ചാവക്കാട് നിർവഹിച്ചു. തിന്മയുടേയും മാലിന്യത്തിന്റേയും ജുഗുപ്‌സാവഹമായ ദൃശ്യവൽക്കരണത്തിലൂടെ മനുഷ്യ ജീവിതത്തിന്റെ വൃത്തിഹീനമായ വെളിമ്പുറങ്ങളിലേക്ക് കൂടി വെളിച്ചം വീശുന്ന, അടിയന്തരാവസ്ഥയുടെ നൃശംസതകളെ ധീരമായി തുറന്നുകാട്ടിയ ധർമപുരാണം എന്ന നോവലിന്റെ സംക്ഷിപ്ത പഠനത്തിലൂടെ ഏകാധിപത്യത്തിന്റെ ആശ്‌ളേഷത്തിൽ നിന്ന് ജനാധിപത്യ ഇന്ത്യ എങ്ങനെ വെളിച്ചത്തിന്റെ തുറസ്സുകളിലേക്ക് കുതറിമാറിയെന്നതിന് വിജയനും കാലവും സാക്ഷിനിന്ന ചരിത്രമാണ് ഗോപി നെടുങ്ങാടി അനാവരണം ചെയ്തത്. അച്ഛൻ സുബേദാർ ഊട്ടുപുലാക്കൽ വേലുക്കുട്ടിയോടൊപ്പം അരീക്കോട് എം.എസ്.പി ക്യാമ്പിൽ ചെലവിട്ട ഏറനാടൻ ബാല്യത്തെക്കുറിച്ച് വിജയൻ പറഞ്ഞു കേട്ട നിരവധി കഥകളുണ്ട്. അവയിൽ ചിലത് വിജയന്റെ സഹപാഠിയും അരീക്കോട്ടുകാരിയുമായ തന്റെ ഉമ്മയോടും പറഞ്ഞിരുന്നുവെന്ന് ചില കഥകൾ ഓർമിച്ചെടുത്ത് അഷ്‌റഫ് നീലാമ്പ്ര സദസ്സിൽ അവതരിപ്പിച്ചതും രസകരമായി.

പ്രവാസത്തിനു വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രസിദ്ധ കലാകാരിയും നർത്തകിയും എഴുത്തുകാരിയുമായ ഷെൽനാ വിജയ്, ഉപരിപഠനാർഥം നാട്ടിലേക്ക് പോകുന്ന നിദാ അബ്ദുറഹ്മാൻ, റിദാ അബ്ദുറഹ്മാൻ എന്നിവർക്കും സമീക്ഷ സാഹിത്യവേദി യാത്രയയപ്പ് നൽകി. കിസ്മത്ത് മമ്പാട് ഉപഹാരം നൽകി. പ്രസിദ്ധ നാടക രചയിതാവും എഴുത്തുകാരനും നടനുമായ കാളിദാസ് പുതുമനയുടെ മകളാണ് ഷെൽന. പ്രമുഖ മാർക്‌സിസ്റ്റ് സൈദ്ധാന്തികനും മികച്ച വായനക്കാരനുമായിരുന്ന പി. ഗോവിന്ദപിള്ളയുടെ പേരിൽ ഏഴു വർഷം മുമ്പ് രൂപം കൊണ്ട സമീക്ഷയിൽ ഇതിനകം ആയിരത്തോളം പുസ്തകങ്ങൾ ആസ്വാദനത്തിനു വിധേയമായതായി ആമുഖ ഭാഷണത്തിൽ സേതുമാധവൻ മൂത്തേടത്ത് വ്യക്തമാക്കി. കിസ്മത്ത് മമ്പാട് നന്ദി പറഞ്ഞു.