Sorry, you need to enable JavaScript to visit this website.

'മലപ്പുറത്തിലലിയാൻ' കാമ്പയിന്  ദോഹയിൽ തുടക്കമായി 

'മലപ്പുറത്തിലലിയാൻ' ജില്ലാ കാമ്പയിൻ പ്രഖ്യാപനം കൾച്ചറൽ ഫോറം സംസ്ഥാന സെക്രട്ടറി അലവിക്കുട്ടി നിർവഹിക്കുന്നു.

ദോഹ- 'മലപ്പുറത്തിലലിയാൻ' എന്ന തലക്കെട്ടിൽ കൾച്ചറൽ ഫോറം മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കാമ്പയിനിന്റെ പ്രഖ്യാപനം സംസ്ഥാന സെക്രട്ടറി അലവിക്കുട്ടി നിർവഹിച്ചു. സഹവർത്തിത്വത്തിന്റെയും സ്‌നേഹത്തിന്റെയും മലപ്പുറം മാതൃകകൾ ഉദ്‌ഘോഷിക്കുക എന്നതിനു വലിയ കാലിക  പ്രാധാന്യമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 
കൾച്ചറൽ ഫോറം സംസ്ഥാന ജനറൽ കൗൺസിൽ അംഗം ഹമീദ് എടവണ്ണ വിഷയാവതരണം നടത്തി. മലപ്പുറത്തിന്റെ സമ്പന്നമായ ചരിത്ര സാംസ്‌കാരിക സാഹിത്യ പാരമ്പര്യത്തെ പ്രവാസികൾക്കിടയിൽ പുനരവതരിപ്പിക്കാനുള്ള എളിയ ശ്രമമാണ് കാമ്പയിനിലൂടെ ശ്രമിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. 
മലപ്പുറത്തിന്റെ വളർച്ചയിലും വികസനത്തിലും പ്രവാസികളുടെ പങ്ക് അടയാളപ്പെത്തുകയും ചർച്ചക്ക് വെക്കുകയും മലപ്പുറം ജില്ല ഇപ്പോഴും അനുഭവിക്കുന്ന വിവേചനത്തെക്കുറിച്ചും പിന്നോക്കാവസ്ഥയെയും കുറിച്ചും ബോധവൽക്കരിക്കാനും കാമ്പയിൻ ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കാലിഗ്രഫി കലാകാരൻ കരീം കക്കോവിനെ സംഗമത്തിൽ ആദരിച്ചു. ജില്ലാ പ്രസിഡന്റ് റഷീദലി അധ്യക്ഷത വഹിച്ചു. 
വൈസ് പ്രസിഡന്റ് അമീൻ അന്നാര കാമ്പയിൻ പരിപാടികൾ വിശദീകരിച്ചു. ചരിത്ര സംവാദം, വിവിധ സംഘടന കൂട്ടായ്മ, നേതാക്കൾക്കായി സൗഹൃദ പമഗിരി, വനിത സഭ, ഇശൽ പോരിശ, കവിയരങ്ങ്, പാട്ട് വണ്ടി, ലെ ടാകീസ്, വാട്ട്‌സപ് മത്സരങ്ങൾ, സെവൻസ് ഫുട്‌ബോൾ, വടംവലി, ജനസമ്പർക്ക സദസ്സുകൾ, സമാപന സമ്മേളനം തുടങ്ങി വിവിധ പരിപാടികൾ കാമ്പയിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഏപ്രിൽ ഒന്ന് മുതൽ 30 വരെയാണ് കാമ്പയിൻ പരിപാടികൾ. 
കാമ്പയിൻ കൺവീനർ ആരിഫ് അഹമ്മദ് സ്വാഗതവും ജില്ലാ സെക്രട്ടറി മുഹമ്മദ് ഷെരീഫ് ചിറക്കൽ നന്ദിയും രേഖപ്പെടുത്തി.

 

Latest News