മലപ്പുറം-കരുളായി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍നിന്ന് ഒരാള്‍ക്ക് ഒരേ ദിവസം രണ്ട് തവണ കോവിഡ് വാക്‌സിന്‍ നല്‍കിയതായി മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണത്തില്‍ തെളിഞ്ഞു. താത്കാലിക ജീവനക്കാര്‍ക്ക് സംഭവിച്ച പിഴവു മൂലമാണ് ഇത് സംഭവിച്ചതെന്ന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത തങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവുമെന്ന ഡി.എം.ഒ യുടെ അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് കേസ് തീര്‍പ്പാക്കി.
2021 ഓഗസ്റ്റ് 29നാണ് സംഭവം. മൈലാടം പാറ സ്വദേശി കാസിം എന്നയാള്‍ക്കാണ് ഒരേ സമയം രണ്ട് ഡോസ് വാക്‌സിന്‍ നല്‍കിയത്. പഞ്ചായത്ത് നിയമിച്ച താത്കാലിക ജീവനക്കാരാണ് വാക്‌സിന്‍ നല്‍കിയത്. സംഭവം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് താല്‍കാലിക ജീവനക്കാരെ ഒഴിവാക്കിയിരുന്നെന്ന് മെഡിക്കല്‍ ഓഫിസര്‍ കമ്മിഷനെ അറിയിച്ചു.
കാസിമിനെ രണ്ടു ദിവസങ്ങള്‍ക്ക് ശേഷം മെഡിക്കല്‍ ഓഫിസര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി പരിശോധിച്ച് മറ്റ് ബുദ്ധിമുട്ടുകള്‍ ഇല്ലെന്ന് ഉറപ്പാക്കിയതായും അറിയിച്ചു. ഒരു ഡോസ് വാക്‌സിന്‍ എടുത്ത ശേഷം വിശ്രമിക്കുകയായിരുന്ന കാസിമിനെ രണ്ടാമതെത്തിയ നേഴ്‌സ് കുത്തി വെക്കുകയായിരുന്നു.
സംഭവത്തില്‍ കോവിഡ് നോഡല്‍ ഓഫിസര്‍ അന്വേഷണം നടത്തി. ഭാവിയില്‍ ഇത്തരം അബദ്ധങ്ങള്‍ സംഭവിക്കാതിരിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
താത്കാലിക ജീവനക്കാരെ ഭാവിയില്‍ വാക്‌സിന്‍ സെന്ററില്‍ നിയമിക്കരുത്. നിയമിക്കപ്പെടുന്ന ജീവനകാര്‍ക്ക് പരിശീലനം നല്‍കണം. സൂപ്പര്‍വൈസറി തസ്തികയിലുള്ള ജീവനകാര്‍ക്ക് ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിര്‍ദ്ദേശം നല്‍കണം. വാക്‌സിനേഷന്‍ മുറിയില്‍ ഒരാള്‍ക്ക് മാത്രം ഒരു സമയത്ത് വാക്‌സിന്‍ നല്‍കണം.കാസിമിന് പരാതിയില്ലെന്ന് പറഞ്ഞ് ഇത്തരം സംഭവങ്ങളെ അവഗണിക്കരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഡി.എം.ഒ അറിയിച്ചു. പൊതുപ്രവര്‍ത്തകനായ അഡ്വ.ദേവദാസ് ഈ വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു.