പെരിന്തല്‍മണ്ണ-പ്രവാസി യുവാവ് അഗളി സ്വദേശി അബ്്ദുള്‍ ജലീലിനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍കൂടി അറസ്റ്റില്‍. മുഖ്യപ്രതി കീഴാറ്റൂര്‍ ആക്കപ്പറമ്പ് സ്വദേശി യഹിയക്ക് രക്ഷപ്പെടാനും ഒളിവില്‍ കഴിയാനും സഹായംചെയ്തുകൊടുത്ത സുഹൃത്തുക്കള്‍ ഉള്‍പ്പടെയുള്ള മൂന്നു പേരെയാണ് ഇന്നലെ പോലിസ് അറസ്റ്റ് ചെയ്തത്. മേലാറ്റൂര്‍ കരുവാരക്കുണ്ട് കുട്ടത്തി സ്വദേശി പുത്തന്‍പീടികയില്‍ നബീല്‍(34),പാണ്ടിക്കാട് വളരാട് പാലപ്ര മരക്കാര്‍ (40),അങ്ങാടിപ്പുറം പിലാക്കലിലെ അജ്മല്‍ എന്ന റോഷന്‍ (23) എന്നിവരാണ് പിടിയിലായത്. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്നുപേരെയടക്കം അഞ്ചുപേരെ കഴിഞ്ഞദിവസം പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.മുഖ്യപ്രതി യഹിയയെ ഇനിയും കണ്ടെത്താനായിട്ടില്ല.
19ന് ജലീല്‍ കൊല്ലപ്പെട്ട ശേഷം യഹിയക്ക് പുതിയ സിംകാര്‍ഡും മൊബൈല്‍ഫോണും നല്‍കിയത് സുഹൃത്ത് നബീലായിരുന്നു.നബീലിന്റെ ഭാര്യാ സഹോദരനാണ് സിം കാര്‍ഡ് സ്വന്തം പേരില്‍ എടുത്തുകൊടുത്തത്. പാണ്ടിക്കാട് വളരാട് രഹസ്യകേന്ദ്രത്തില്‍ ഒളിത്താവളമൊരുക്കിക്കൊടുത്തതിനും പാര്‍പ്പിച്ചതിനുമാണ് മരക്കാറിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ പാണ്ടിക്കാട് സ്റ്റേഷനില്‍ പോക്‌സോകേസില്‍ പ്രതിയായി ജയില്‍ ശിക്ഷയനുഭവിച്ച് ജാമ്യത്തിലിറങ്ങിയയാളാണ്.മുഖ്യപ്രതി യഹിയ ഉള്‍പ്പടെ പിടിയിലാവാനുള്ള സാഹചര്യത്തില്‍ പ്രതികളെ സംരക്ഷിക്കുന്നവര്‍ക്കും സഹായം ചെയ്തു കൊടുക്കുന്നവര്‍ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രത്യേക അന്വേഷണസംഘത്തലവന്‍ കൂടിയായ ജില്ലാ പൊലിസ് മേധാവി എസ്. സുജിത്ത് ദാസ് അറിയിച്ചു. പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം. സന്തോഷ് കുമാര്‍, മേലാറ്റൂര്‍ സി.ഐ.ഷാരോണ്‍ എന്നിവരടങ്ങുന്ന അന്വേഷണസംഘം ഇന്നലെ പ്രതികളുമായി തെളിവെടുപ്പ് നടത്തി.കൊല്ലപ്പെട്ട ജലീലിനെ ആശുപത്രിയിലെത്തിക്കാന്‍ യഹ്യ ഉപയോഗിച്ചെന്നുകരുതുന്ന വാഹനം ഇതിനിടെ പോലിസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. അതേസമയം, കേസില്‍ നേരത്തെ അറസ്റ്റുചെയ്ത അഞ്ചുപേരെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലിസ് നാളെ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.