Sorry, you need to enable JavaScript to visit this website.

നാട്ടുവൈദ്യനെ കൊന്ന കേസില്‍ പ്രതിയെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചു, കേസ് ജയിക്കുമെന്ന് പ്രതി ഷൈബിന്‍

നിലമ്പൂര്‍-മൈസുരൂവിലെ നാട്ടുവൈദ്യന്‍ ഷാബാഷെരീഫ് കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിനെ കൊലപാതകം നടന്ന നിലമ്പൂര്‍ മുക്കട്ടയിലെ വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. രാവിലെ പത്തരയോടെ നിലമ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി. വിഷ്ണുവിന്റെ നേതൃത്വത്തിലാണ് ഷൈബിന്‍ അഷ്‌റഫിനെ എത്തിച്ചത്. വീടിനുള്ളിലും വീട്ടുവളപ്പിലുമായി 20 മിനിറ്റിലേറെ തെളിവെടുപ്പ് നടന്നു. കൊല നടന്ന മുറി, മൃതദേഹം വെട്ടി നുറുക്കിയ ശുചിമുറി, വീടിന്റെ ചുറ്റുഭാഗങ്ങളിലുമായിട്ടായിരുന്നു തെളിവെടുപ്പ്. കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പോലീസിനു ഷൈബിന്‍ നല്‍കിയതായാണ് സൂചന.

തെളിവെടുപ്പിനിടയില്‍ കാര്യമായി ഒന്നുമില്ലെന്നും കേസില്‍ നമ്മള്‍ ജയിച്ചു വരുമെന്നും പോലീസ് ജീപ്പിലേക്കു കയറ്റുന്നതിനിടയില്‍ ഷൈബിന്‍ അഷ്‌റഫ് പറഞ്ഞു. ചന്തക്കുന്നിലെ ഒരു ബേക്കറിയിലും തെളിവെടുപ്പിന്റെ ഭാഗമായി ഷൈബിനെ പോലീസെത്തിച്ചു. മൃതദേഹം ചാലിയാര്‍ പുഴയില്‍ തള്ളിയ ശേഷം പ്രതികള്‍ വിശ്രമിച്ച ലോഡ്ജിലും കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. മൃതദേഹ അവശിഷ്ടത്തിനായി ചാലിയാര്‍ പുഴയുടെ എടവണ്ണ സീതിഹാജി പാലത്തിന് താഴെ നാവികസേനയുടെ തെരച്ചില്‍ രണ്ടാം ദിവസം അവസാനിപ്പിച്ചു.
കൊച്ചിയില്‍ നിന്നുള്ള നാവികസേനയുടെ കമാന്‍ഡ് ക്ലിയറന്‍സ് ഡൈവിംഗ് ടീമിലെ അഞ്ചു പേരടങ്ങുന്ന സംഘമാണ് എടവണ്ണ സീതിഹാജി പാലത്തിനു താഴെ ചാലിയാര്‍ പുഴയില്‍ തെരച്ചില്‍ നടത്തിയിരുന്നത്. പരിശോധനയില്‍ കാര്യമായൊന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഒരു ദിവസത്തേക്കാണ് നാവികസേനയുടെ സേവനം ആവശ്യപ്പെട്ടിരുന്നത്. ശനിയാഴ്ച പകല്‍ മുഴുവന്‍ തെരച്ചില്‍ നടത്തിയതിയനു പുറമെ ഇന്നലെ ഉച്ചവരെ കൂടി
തെരച്ചില്‍ നടത്തിയിരുന്നു. ആവശ്യമെങ്കില്‍ കൂടുതല്‍ ദിവസം തെരച്ചില്‍ നടത്താനുള്ള അനുമതി നാവികസേനയില്‍ നിന്ന് വാങ്ങുമെന്നു കഴിഞ്ഞ ദിവസം മലപ്പുറം പോലീസ് മേധാവി സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ പറഞ്ഞിരുന്നു.

 

Latest News