തൃശൂര്‍- പി.സി ജോര്‍ജിനെ ഒറ്റപ്പെടുത്താനും വേട്ടയാടാനുമാണ് തീരുമാനമെങ്കില്‍ അദ്ദേഹത്തിന് ബി.ജെ.പി എല്ലാ പിന്തുണയും നല്‍കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മതവിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് പി.സി ജോര്‍ജിനെ ഇപ്പോള്‍ വലിയ കുറ്റവാളിയായി മാറ്റിയിരിക്കയാണ് പി.സിയേക്കാള്‍ അപകടകരമായ പ്രസംഗം നടത്തിയ മുസ്ലിം മതപണ്ഡിതരേയും ഭീകരവാദസംഘടനാ നേതാക്കളെയും ഇപ്പോഴും അറസ്റ്റ് ചെയ്തിട്ടില്ല -സുരേന്ദ്രന്‍ പറഞ്ഞു.
എല്‍ഡിഎഫ് വിട്ട് തൃശൂര്‍, ഒല്ലൂര്‍ മണ്ഡലങ്ങളില്‍നിന്ന് ബി.ജെ.പിയില്‍ ചേര്‍ന്നവര്‍ക്ക് അംഗത്വം നല്‍കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിപ്പോഴെന്നും വര്‍ഗീയ ശക്തികളുടെ വെല്ലുവിളി ഇപ്പോള്‍ ബിജെപിക്കും ആര്‍എസ്എസിനും മാത്രമല്ല െ്രെകസ്തവ വിഭാഗത്തിനുമുണ്ടെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റേയും സി.പി.എമ്മിന്റെയും നിലപാടുകളാണ് സംസ്ഥാനത്ത് എസിഡിപിഐ പോലുള്ള ഭീകരവാദ സംഘടനകള്‍ വളരാന്‍ കാരണം. മയക്കു മരുന്ന് കച്ചവടം നടത്തിയാണ് ഭീകരവാദ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്. ഭീകരവാദികളുടെ വളര്‍ച്ച കേരളം നേരിടുന്ന വലിയ വെല്ലുവിളിയാണ്.
മനുഷ്യത്വരഹിതമായ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിട്ടും 30 ശതമാനം വാങ്ങുന്ന അധിക നികുതിയില്‍ നിന്ന് ഒരു പൈസപോലും കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പെട്രോള്‍, ഡീസല്‍ അധിക നികുതി സംസ്ഥാന സര്‍ക്കാര്‍ കുറച്ചില്ലെങ്കില്‍ ബിജെപി ശക്തമായ ബഹുജന പ്രക്ഷോഭം നടത്തും.
മറ്റു പാര്‍ട്ടികളില്‍ നിന്ന് നൂറുകണക്കിന് കുടുംബങ്ങളാണ് ബിജെപിയിലേക്ക് ചേരുന്നത്. രാജ്യത്തുണ്ടായിട്ടുള്ള അഭൂതപൂര്‍വ്വമായ മാറ്റത്തില്‍ നിന്ന് കേരളത്തില്‍ ഒഴിഞ്ഞുനില്‍ക്കാനാവില്ല. തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ ഉജ്വല വിജയം പിണറായി സര്‍ക്കാരിനെതിരായ ജനവികാരമാണ്. കേരളം ബിജെപിക്ക് ബാലികേറാ മലയല്ലെന്ന് തെളിയും. കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ 400ലധികം സ്ഥലങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ തൃശൂര്‍ ഉള്‍പ്പെടെ ബിജെപി ശക്തമായ മുന്നേറ്റം നടത്തും. പ്രതിപക്ഷധര്‍മ്മം എന്താണെന്ന് കോണ്‍ഗ്രസിന് അറിയില്ല. പിണറായി സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമ്പോള്‍ കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് സംരക്ഷിക്കുകയാണ്. പിണറായി സര്‍ക്കാരിനെതിരെ പ്രതികരിക്കാതെ മോഡിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെയാണ് എപ്പോഴും കോണ്‍ഗ്രസ് പ്രചരണം നടത്തുന്നത്. ഇതിന്റെ ഫലമാണ് അവരിപ്പോള്‍ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും രാജിയിലൂടെ അനുഭവിക്കുന്നത്. ജനങ്ങളെ ദ്രോഹിക്കുന്ന സര്‍ക്കാര്‍ ഇപ്പോള്‍ കെ-റെയില്‍ കുറ്റിയടിക്കല്‍ നിര്‍ത്തി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സര്‍ക്കാരിന് ഇനിയും നയം മാറ്റേണ്ടി വരും. കേരളം ഉറ്റുനോക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെ ബിജെപി വലിയ ആത്മവിശാസത്തോടെയാണ് നേരിടുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.