റിയാദ് - വനിതാ ശാക്തീകരണ മേഖലയില്‍ ഉറച്ചകാല്‍വെപ്പുകളോടെ അതിവേഗം മുന്നോട്ടു കുതിക്കുന്ന സൗദി അറേബ്യയില്‍ പൈലറ്റുമാരും ഫ്‌ളൈറ്റ് എന്‍ജിനീയര്‍മാരും എയര്‍ ഹോസ്റ്റസുമാരും അടക്കം മുഴുവന്‍ കാബിന്‍ ജീവനക്കാരുമായി വനിതകളെ മാത്രം ഉപയോഗിച്ച് വിമാന സര്‍വീസ് നടത്തി ഫ്‌ളൈ അദീല്‍ രാജ്യത്തിന്റെ സ്ത്രീശാക്തീകരണ പ്രയാണത്തില്‍ നവചരിത്രം കുറിച്ചു. ദേശീയ വിമാന കമ്പനിയായ സൗദിയക്കു കീഴിലെ ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ അദീല്‍ റിയാദില്‍ നിന്ന് ജിദ്ദയിലേക്കാണ് വനിതാ ജീവനക്കാരെ മാത്രം ഉപയോഗിച്ച് കഴിഞ്ഞ ദിവസം സര്‍വീസ് നടത്തിയത്. എയര്‍ബസ് എ-320 ഇനത്തില്‍ പെട്ട വിമാനമാണ് റിയാദ്-ജിദ്ദ 117ാം നമ്പര്‍ സര്‍വീസിന് ഫ്‌ളൈ അദീല്‍ ഉപയോഗിച്ചത്. ജീവനക്കാരില്‍ ഭൂരിഭാഗവം സൗദി യുവതികളായിരുന്നെന്ന് കമ്പനി പറഞ്ഞു.
സമീപ കാലത്തായി സൗദിയില്‍ എയര്‍ ഹോസ്റ്റസുമാരായും കോ-പൈലറ്റുമാരായും എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരായും സ്വദേശി വനിതകളെ നിയമിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ദീര്‍ഘകാലം പുരുഷാധിപത്യം നിലനിന്നിരുന്ന നിരവധി തൊഴില്‍ മേഖലകളില്‍ സൗദി വനിതകള്‍ കഴിവുകള്‍ തെളിയിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഏഴു വനിതാ ജീവനക്കാരോടെയാണ് ഫ്‌ളൈ അദീല്‍ 117-ാം നമ്പര്‍ സര്‍വീസ് നടത്തിയത്. സൗദിയിലെ ഏറ്റവും പ്രായംകുറഞ്ഞ വനിതാ പൈലറ്റ് ആയ യാര ജാന്‍ (23) ആയിരുന്നു വിമാനത്തിലെ കോ-പൈലറ്റ്.
ഇത്തരമൊരു ചരിത്ര മുഹൂര്‍ത്തത്തില്‍ പങ്കാളിത്തം വഹിക്കാന്‍ സാധിച്ചതില്‍ താന്‍ അങ്ങേയറ്റം അഭിമാനിക്കുന്നതായി യാര ജാന്‍ പറഞ്ഞു. ഒരു സൗദി വനിത എന്ന നിലയില്‍ അഭിമാനകരമായ ചുവടുവെപ്പിലൂടെ എന്റെ രാജ്യത്തെ നയിക്കാന്‍ ശ്രമിക്കുന്നത് അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും നിമിഷമായിരുന്നു. നാവിഗേഷന്‍, ചെക്ക്‌ലിസ്റ്റുകള്‍ പരിശോധിക്കല്‍ പോലെ നിരവധി ചുമതലകളില്‍ പൈലറ്റിനെ സഹായിക്കലാണ് കോ-പൈലറ്റിന്റെ ചുമതല.