കണ്ണൂരില്‍ പങ്കെടുത്ത ഒരു ചടങ്ങ് അത്യധികം ആഹ്ലാദവും വിസ്മയവുമുണ്ടാക്കിയെന്ന് മുസ്്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. കണ്ണൂര്‍ ചാലാട് മുസ്ലിം യൂത്ത് ലീഗ് നിര്‍മിച്ച ബൈത്തുറഹ്്മ താക്കാല്‍ദാനമായിരുന്നു ചടങ്ങ്. ക്ഷേത്രക്കമ്മിറ്റി നല്‍കിയ സ്വീകരണവും ഘോഷയാത്രയും മുനവ്വറലി തങ്ങള്‍ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ വിവരിക്കുന്നു.
ഫെയ്‌സ് ബുക്ക് പോസ്റ്റ് വായിക്കാം.
ഇന്ന് കണ്ണൂര്‍ ചാലാട് ശാഖ മുസ്ലിം യൂത്ത് ലീഗ് നിര്‍മിച്ച ബൈത്തു റഹ്മയുടെ താക്കോല്‍ദാനം നിര്‍വ്വഹിക്കാനായി കണ്ണൂരിലെത്തി. ആ ചടങ്ങ് വിസ്മയവും ആഹ്ലാദവും ഒരുമിച്ചുണ്ടാക്കി. സ്ഥലമെത്തുന്നതിന് ഒരു കിലോമീറ്റര്‍ മുമ്പ് തന്നെ അവിടത്തെ ക്ഷേത്ര കമ്മിറ്റിയാണ് എന്നെ മാലയിട്ട് ഊഷ്മളമായി സ്വീകരിച്ചത്. തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികളും വിശ്വാസികളുമടക്കം മതഭേദമെന്യേ നൂറ് കണക്കിനാളുകള്‍ ചേര്‍ന്ന ഒരു ഘോഷയാത്രയുടെ അകമ്പടിയോടെ താക്കോല്‍ദാനം നിര്‍വഹിക്കേണ്ട വീട്ടിലേക്ക് എന്നെ എത്തിച്ചു. രാജ ലക്ഷ്മി എന്ന സ്ത്രീക്ക്, അവരുടെ മകളും പേരമകളുമടങ്ങിയ മൂന്നംഗ കുടുംബത്തിന് വേണ്ടി യൂത്ത് ലീഗ് നിര്‍മിച്ച വീടിന്റെ താക്കോല്‍ദാന കര്‍മമാണ് നിര്‍വ്വഹിക്കാനുണ്ടായിരുന്നത്.
ഇത്തരം മനോഹരമായ നന്മകളാണ് കേരളത്തിന്റെ സൗന്ദര്യം. ആ നന്മകളെ വാനോളമുയര്‍ത്തിയ പ്രവര്‍ത്തനങ്ങളാണ് എന്നും എക്കാലത്തും മുസ്ലിം ലീഗ് നടത്തിയിട്ടുള്ളത്. ഈയവസരത്തില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ പോലും വര്‍ഗ്ഗീയതയുടെ കരിവാരി തേക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ എന്ത് മാത്രം വികലമായ മനോഭാവമാണ് സമൂഹത്തിലേക്കെത്തിക്കുന്നതെന്ന് ചിന്തിച്ച് പോവുകയാണ്.
നമ്മുടെ പാതയും പൈതൃകവും എന്നും മതേതരത്വത്തിന്റേതാണ്. നഷ്ടങ്ങള്‍ സഹിച്ചും അതിനു വേണ്ടിയാണ് നിലകൊണ്ടത്. ആരെന്തൊക്കെ വ്യാജ പ്രചാരണങ്ങള്‍ നടത്തിയാലും മാനുഷിക സൗഹാര്‍ദത്തിന് വേണ്ടി ജീവിക്കുന്ന കാലത്തോളം നിലകൊള്ളും! തിന്മയുടെ പ്രചാരകര്‍ക്ക് ദൈവം സദ്ബുദ്ധി നല്‍കട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു!