റാസല്‍ഖൈമ- ജനവാസ മേഖലയില്‍ കിണര്‍ കുഴിക്കുന്നതിനിടെ ഇടിഞ്ഞു വീണ മണ്ണിനടിയില്‍പ്പെട്ട് ഏഷ്യക്കാരായ രണ്ട് തൊഴിലാളികള്‍ മരിച്ചു. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ജോലി നടക്കുന്നതിനിടെ വന്‍തോതില്‍ മണ്ണിടിച്ചിലുണ്ടാകുകയായിരുന്നു. രണ്ടു ജീവനക്കാരും ജീവനോടെ മണ്ണിനടിയില്‍ കുടുങ്ങി. പത്തരയോടെയാണ് വിവരം ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. റാല്‍സര്‍ഖൈമ പോലീസും രക്ഷാ സേനയുമെത്തി തകര്‍ന്നടിഞ്ഞ കിണറ്റില്‍ നിന്നും മണ്ണു നീക്കി മൃതദേഹങ്ങള്‍ പുറത്തെടുത്തു. 25-ഉം 28-ഉം വയസ്സ് പ്രായമുള്ളവരാണ് മരിച്ചതെന്ന് അല്‍ മഅ്മൂറ പോലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ക്യാപ്റ്റന്‍ മുഹമ്മദ് അലി അല്‍ നുഐമി അറിയിച്ചു. അപകട കാരണമറിയാന്‍ അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം അറിയിച്ചു.
ഇത്തരം ജോലികള്‍ക്ക് നിര്‍ബന്ധമായും അധികൃതരുടെ അനുമതി വാങ്ങണമെന്നും മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും റാക് പോലീസ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഗാനിം അഹ്മദ് ഗാനിം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.