ദുബായ്- പ്ലാസ്റ്റിക് കോഴിമുട്ടയെ കുറിച്ച് അഭ്യൂഹങ്ങള്‍ ശക്തമായതോടെ വിശദീകരണവുമായി ദുബായ് മുനിസിപാലിറ്റി രംഗത്തെത്തി. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പ്ലാസ്റ്റിക് കോഴിമുട്ടയെ കുറിച്ചുള്ള വീഡിയോ വ്യാജ പ്രചാരണമാണെന്നും ദുബായില്‍ വിപണിയില്‍ ഇത്തരം മുട്ടകള്‍ ലഭ്യമല്ലമെന്നും മുനിസിപ്പാലിറ്റി അധികാരികള്‍ വ്യക്തമാക്കി. വേവിക്കുന്ന മുട്ടയെ ഒരു പ്ലാസ്റ്റിക് ആവരണം പൊതിയുന്നതായാണ് വീഡിയോയില്‍ പറയുന്നത്. എന്നാല്‍ ഇതു സത്യമല്ലെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യക്തമാക്കി. പഴകിയ മുട്ട ഉപയോഗിച്ച് ഫ്രൈ ചെയ്യുന്നതാകാം വീഡിയോയില്‍ കാണുന്ന പ്രതിഭാസത്തിനു കാരണം. വ്യത്യസ്ത താപനിലയ്ക്കനുസരിച്ചും മുട്ടയുടെ വെള്ളയില്‍ മാറ്റങ്ങള്‍ ഉണ്ടാകാം.
സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്കു മറുപടി നല്‍കുന്ന ദുബായ് മുനിസിപാലിറ്റി പോര്‍ട്ടലിലെ ഓതന്റിക് ന്യൂസ് വിഭാഗത്തിലാണ് പ്ലാസ്റ്റിക് മുട്ടയുടെ സത്യം അധികൃതര്‍ വെളിപ്പെടുത്തിയത്.
മാസങ്ങള്‍ക്കു മുമ്പ് കേരളത്തിലും പ്ലാസ്റ്റിക് മുട്ട വിവാദമുണ്ടായിരുന്നു. എന്നാല്‍ ഔദ്യോഗിക ലാബുകളില്‍ നടത്തിയ പരിശോധനയിലൊന്നും മുട്ടയിലെ പ്ലാസ്റ്റിക് കണ്ടെത്താനായില്ല.