കോഴിക്കോട്- വില്ലേജ് ഓഫീസിന്റെ പൂട്ടുപൊളിച്ചു പണം മോഷ്ടിച്ച കേസില്‍ പ്രതി മണിക്കൂറുകള്‍ക്കകം പോലീസ് പിടിയില്‍. തിരുവനന്തപുരം പൊഴിയൂര്‍ കൊളത്തൂര്‍ പല്ലൂര്‍ അഖിന്‍ (23) ആണ് അറസ്റ്റിലായത്. തെളിവെടുപ്പിനുശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ബേപ്പൂര്‍ വില്ലേജ് ഓഫീസിന്റെ മുന്‍വശത്തെ പൂട്ടു പൊളിച്ചു മേശവലിപ്പില്‍ നിന്നു 5,264 രൂപ മോഷ്ടിച്ചത്. വില്ലേജ് ഓഫീസിനു സമീപമുള്ള ജ്വല്ലറിയിലെ സിസിടിവി പരിശോധിച്ചപ്പോള്‍ പ്രതിയുടെ ദൃശ്യം ലഭിച്ചിരുന്നു. ഇതു കേന്ദ്രീകരിച്ച് ബേപ്പൂര്‍ മേഖലയില്‍ 10 സിസിടിവികള്‍ കൂടി പരിശോധിച്ചപ്പോള്‍ പ്രതി ഫറോക്ക് ഭാഗത്തേക്കു പോയതായി കണ്ടെത്തി. ഉച്ചക്ക് ഫറോക്ക് റെയില്‍വേ സ്‌റ്റേഷനു സമീപത്തുവച്ചാണ് ബേപ്പൂര്‍ ഇന്‍സ്‌പെക്ടര്‍ വി. സിജിത്ത് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.
തിരുവനന്തപുരം പൊഴിയൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഒമ്പതു കളവു കേസുകളിലും പാലക്കാട് 10 കിലോ കഞ്ചാവ് കടത്തിയ കേസിലും പ്രതിയായ അഖിന്‍ തിരുവനന്തപുരത്തുനിന്നു മോഷ്ടിച്ച ബൈക്കില്‍ എത്തി ബേപ്പൂരില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു. 3 മാസം മുന്‍പ് പിതാവിനൊപ്പം മത്സ്യബന്ധന ഹാര്‍ബറില്‍ ജോലിക്കെത്തിയ പരിചയത്തിലാണ് ഇയാള്‍ വീണ്ടും ബേപ്പൂരില്‍ എത്തിയതെന്നു പോലീസ് അറിയിച്ചു