- ഇന്ന് രാജീവ് ഗാന്ധിയുടെ 31ാം രക്തസാക്ഷിത്വ വാർഷികം
ഇന്ത്യയെ ശാസ്ത്രസാങ്കേതിക മികവുള്ള രാഷ്ട്രമായി കെട്ടിപ്പടുക്കുന്നതിന് അഹോരാത്രം പണിയെടുത്ത നേതാവായിരുന്നു രാജീവ് ഗാന്ധി. 1984 ഒക്‌ടോബറിൽ അമ്മ ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് പിന്നാലെ രാജ്യത്തിന്റെ പ്രധാനമന്ത്രിപദത്തിലെത്തിയ അദ്ദേഹം ഭാവി ഇന്ത്യ എങ്ങനെയായിരിക്കണമെന്ന വ്യക്തമായ ലക്ഷ്യബോധത്തോടെയാണ് രാജ്യത്തെ നയിച്ചത്. 1991 മെയ് 21ന് തമിഴ്‌നാട്ടിലെ ശ്രീപെരുംപുതൂരിൽ എൽ.ടി.ടി.ഇയുടെ ചാവേർ ആക്രമണത്തിൽ ചിതറിത്തെറിക്കുംവരെ രാജ്യത്തിന്റെ ഉന്നമനത്തിനുവേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം. തെളിയിക്കപ്പെടാത്ത അഴിമതി ആരോപണങ്ങളും, തെരഞ്ഞെടുപ്പ് പരാജയവും ഇക്കാലയളവിൽ അദ്ദേഹം നേരിട്ടു. എങ്കിലും രാജീവ് ഗാന്ധി രാജ്യത്തിന് നൽകിയ സംഭാവനകൾ എന്തെന്ന് ശാസ്ത്രസാങ്കേതിക രംഗം ഇത്രയേറെ വളർന്ന ഈ കാലഘട്ടത്തിലാണ് നാം ശരിക്കും തിരിച്ചറിയുന്നത്.
1944 ഓഗസ്റ്റ് 20നു ബോംബെയിൽ ജനിച്ച രാജീവ് മുത്തഛൻ ജവഹർലാൽ നെഹ്‌റുവിന്റെയോ, അഛൻ ഫിറോസ് ഗാന്ധിയുടെയോ, അമ്മ ഇന്ദിരയുടെയോ പാത പിന്തുടർന്ന് രാഷ്ട്രീയത്തലേക്ക് കടന്നുവരാനല്ല ചെറുപ്പകാലത്ത് ആഗ്രഹിച്ചത്. ഒരു വൈമാനികന്റെ തൊഴിൽ തെരഞ്ഞെടുക്കുകയും സ്വസ്ഥമായ കുടുംബ ജീവിതം ആഗ്രഹിക്കുകയും ചെയ്ത ചെറുപ്പക്കാരൻ. എന്നാൽ 1980ൽ അനുജൻ സഞ്ജയ് ഗാന്ധിയുടെ അപകട മരണത്തെത്തുടർന്ന് അമ്മയുടെ നിർബന്ധത്തിന് വഴങ്ങി അദ്ദേഹത്തിന് രാഷ്ട്രീയത്തിലേക്ക് ഇറങ്ങേണ്ടിവന്നു. നാല് വർഷത്തിനുശേഷം ഇന്ദിരാ ഗാന്ധി സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റു മരിച്ചപ്പോൾ കോൺഗ്രസ് നേതൃത്വവും പ്രവർത്തകരും രാജീവ് ഗാന്ധിയെ പ്രധാനമന്ത്രി പദത്തിലേക്ക് നിർബന്ധിച്ചാനയിച്ചു. നെഹ്‌റുവിന്റേയും ഇന്ദിരയുടേയും പ്രതിച്ഛായയിലുപരി രാജീവിന്റെ വ്യക്തിത്വം കൂടിയുണ്ടായിരുന്നു ഈ തെരഞ്ഞെടുപ്പിനു പിന്നിൽ, രാജീവിന് ഇന്ത്യയെ നയിക്കാനുള്ള കഴിവുണ്ടാവുമെന്ന് കോൺഗ്രസ് പ്രവർത്തകർ വിശ്വസിച്ചു. ഇന്ദിരയുടെ മരണത്തിനും സിഖ് കൂട്ടക്കൊലക്കും പിന്നാലെ ലോക്‌സഭയിൽ നാന്നൂറിലേറെ സീറ്റുകൾ നേടി ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നു.
ഭരണ രംഗത്ത് രാജീവ് ഗാന്ധിയുടെ പല നടപടികളും ഇന്ദിരയുടെ പാതയിൽനിന്നു ഭിന്നമായിരുന്നു. രാജീവ് അമേരിക്കയുമായുള്ള ബന്ധം ഊഷ്മളമാക്കി. ഇന്ദിരയുടെ കാലത്ത് റഷ്യയുമായുള്ള ചങ്ങാത്തവും, സോഷ്യലിസ്റ്റ് ഭരണരീതികളും കാരണമായി ഇന്ത്യയും അമേരിക്കയുമായുള്ള ബന്ധം ഒട്ടുംതന്നെ സൗഹാർദ്ദപരമായിരുന്നില്ല. 1985 ജൂൺ 11 മുതൽ 15 വരെ രാജീവ് ഗാന്ധി അമേരിക്ക സന്ദർശിച്ചു. ആസൂത്രിത തീവ്രവാദത്തിനെതിരേ ഒരുമിച്ചു പടപൊരുതാനുള്ള കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു, കൂടാതെ ശാസ്ത്ര സാങ്കേതിക വിദ്യയിൽ ഉഭയകക്ഷി സഹകരണവും ധാരണയായി. ഇന്ത്യയിൽ വർധിച്ചു വരുന്ന പകർച്ചവ്യാധികൾക്കെതിരേ പുതിയ ഒരു വാക്‌സിൻ വികസിപ്പിച്ച്, ഇന്ത്യക്കു നൽകാനും ഈ കരാറിലൂടെ തീരുമാനമായി. ഇന്ത്യയുടെ താൽപ്പര്യങ്ങളെ ഹനിക്കാതെ തന്നെ അമേരിക്കയുമായി നല്ല നയതന്ത്ര ബന്ധം കെട്ടിപ്പടുക്കുന്നതിൽ രാജീവ് വിജയിച്ചു. നെഹ്‌റുവിനു ശേഷം ചൈന സന്ദർശിച്ച ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധി ഇന്ത്യ-ചൈന ബന്ധത്തിലെ സംശയങ്ങളും വിശ്വാസമില്ലായ്മയും ഒരളവുവരെ പരിഹരിച്ചു. രാജ്യത്തിന്റെ ദീർഘകാലമായി നിലനിൽക്കുന്ന പല പ്രശ്‌നങ്ങളും പരിഹരിക്കുവാൻ രാജീവ് ശ്രമിച്ചു. മീസോ കരാർ, അസം കരാർ, പഞ്ചാബ് കരാർ എന്നിവ രാജീവ് ഗാന്ധി ഒപ്പുവെച്ചു.
ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക വികസനരംഗത്തായിരുന്നു രാജീവിന്റെ ഏറ്റവും വലിയ സംഭാവനകൾ. കംപ്യൂട്ടറുകൾ, വിമാനങ്ങൾ, പ്രതിരോധ വാർത്താവിനിമയ ഉപകരണങ്ങൾ എന്നിവയ്ക്ക് ഉൾപ്പെടെ സാങ്കേതിക വ്യവസായങ്ങൾക്കുള്ള ഇറക്കുമതി ചുങ്കം രാജീവ് ഗണ്യമായി കുറച്ചു. ഇന്ത്യയിൽ വളർന്നുവരുന്ന പുതിയ തലമുറ യാഥാസ്ഥിതികമായ പഠന, അറിവുസമ്പാദന രീതികളിൽ നിന്നും മാറി ലോകോത്തര നിലവാരമുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കണമെന്ന് രാജീവ് ആഗ്രഹിച്ചു. ഇതിന്റെ ഭാഗമായി ആശയവിനിമയ സാങ്കേതിക വിദ്യ സാധാരണ ജനങ്ങളിലേക്കെത്തിക്കുന്നതിന് തുടക്കമിട്ടു. സിഡോട്ട് എന്ന സ്ഥാപനത്തെ സർക്കാരിന്റെ കെട്ടുപാടുകളിൽ നിന്നും സ്വതന്ത്രമാക്കി. സിഡോട്ടിനെ സ്വന്തമായി ലക്ഷ്യങ്ങൾ നിർവചിക്കാനും, അത് നേടിയെടുക്കാനും തക്ക കഴിവുള്ള ഒരു ഗവേഷണ വികസന സ്ഥാപനമാക്കുകയായിരുന്നു രാജീവിന്റെ ലക്ഷ്യം. ഇന്ത്യയിൽ ആശയവിനിമയരംഗത്ത് ഒരു നവ ആശയമായിരുന്ന പബ്ലിക് കോൾ ഓഫീസുകൾ നടപ്പിലാക്കിയത് സാങ്കേതികവിദ്യ സാധാരണ ജനങ്ങളിലേക്കെത്തിക്കുക എന്ന രാജീവിന്റെ ഇച്ഛാശക്തിയായിരുന്നു.
1986ൽ രാജീവ് ഗാന്ധി രാജ്യത്ത് ശാസ്ത്ര സാങ്കേതിക ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുവാനായി പുതിയ ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചു. വേഗത്തിൽ പ്രവർത്തിക്കുന്ന സർക്കാർ ആയിരുന്നു രാജീവിന്റെ മനസ്സിൽ. അത് പ്രാവർത്തികമാക്കാനുള്ള ഇച്ഛാശക്തിയും യുവാവായ അദ്ദേഹത്തിനുണ്ടായിരുന്നു. പുതിയ വ്യവസായങ്ങൾക്ക് വിലങ്ങുതടിയാവുന്ന ലൈസൻസ് രാജിന് ഒരുപരിധിവരെ അന്ത്യം കുറിച്ചു. ഏഴാം പഞ്ചവത്സര പദ്ധതിയിൽ സാമ്പത്തിക വളർച്ച 5.6 ശതമാനമായി ഉയർന്നു. വ്യാവസായിക വളർച്ച 8 ശതമാനമായിരുന്നു. ദാരിദ്ര്യരേഖാ ശതമാനം 38 ൽനിന്നും 28 ലേക്കു താഴ്ന്നു. സമ്പദ് വ്യവസ്ഥയിൽ ഒരു ഉണർവ് പ്രകടമായി.
ഇന്ത്യയിൽ നവോദയ വിദ്യാലയങ്ങൾ ആരംഭിച്ചത് 1986 ൽ രാജീവ് ഗാന്ധിയാണ്. ഗ്രാമങ്ങളിലെ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിനായുള്ള സർക്കാർ പദ്ധതിയാണ് നവോദയ വിദ്യാലയ. 1985 ലാണ് ആദ്യത്തെ നവോദയ രൂപംകൊണ്ടത്.
രാജീവിന്റെ ഭരണത്തിലെ ഏറ്റവും വിവാദമായ തീരുമാനം ശ്രീലങ്കയിലേക്ക് ഇന്ത്യൻ സൈന്യത്തെ അയച്ചതായിരുന്നു. അദ്ദേഹത്തിന്റെ അന്ത്യത്തിനു തന്നെ കാരണമായതും അതാണ്. ശ്രീലങ്കൻ പ്രസിഡന്റ് ജയവർധനെയുമായി ഒപ്പുവെച്ച കരാർ പ്രകാരമാണ് ഇന്ത്യൻ സമാധാന സേനയെ രാജീവ് ശ്രീലങ്കയിലേക്ക് അയച്ചത്. എന്നാൽ അതൊടുവിൽ ഇന്ത്യൻ സൈന്യവും എൽ.ടി.ടി.ഇയും തമ്മിൽ തുറന്ന യുദ്ധത്തിലെത്തുകയായിരുന്നു. ഇന്ത്യൻ സേന എൽ.ടി.ടി.ഇയിൽ നിന്ന് പല പ്രദേശങ്ങളും തിരിച്ചുപിടിക്കുകയും എൽ.ടി.ടി.ഇയുടെ നിയന്ത്രണത്തിലുള്ള പ്രദേശം ജാഫ്‌നയിലെ വളരെ ചുരുക്കം ഭാഗങ്ങളായി ചുരുങ്ങുകയും ചെയ്തു. ഇതിന് പ്രതികാരമായാണ് രാജീവിനെ വകവരുത്താൻ എൽ.ടി.ടി.ഇ പദ്ധതിയിട്ടത്.
ഇതിനിടെ 1989ലെ തെരഞ്ഞെടുപ്പിൽ രാജീവ് ഗാന്ധിയും കോൺഗ്രസും പരാജയപ്പെട്ടു. പിന്നീട് വി.പി. സിംഗും അതുകഴിഞ്ഞ് ചന്ദ്രശേഖറും പ്രധാനമന്ത്രിമാരായി. 1991ലെ പൊതു തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തമിഴ്‌നാട്ടിലെത്തിയ രാജീവ് ശ്രീപെരുമ്പത്തൂരിൽ ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു. എൽ.ടി.ടി.ഇ അംഗമായ തേന്മൊഴി ഗായത്രി രാജരത്‌നം (തനു) എന്ന സ്ത്രീയാണ് ചാവേർ ബോംബറായി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയത്. ശിവരശൻ എന്ന എൽ.ടി.ടി.ഇ നേതാവ് ഈ കൊലപാതകത്തിന് സൂത്രധാരനായിരുന്നു. പ്രസംഗ വേദിക്കരികിലുള്ള ഇന്ദിരാ ഗാന്ധിയുടെ പ്രതിമയിൽ മാല അണിയിച്ചശേഷം വേദിക്കരികിലേക്കു നടക്കുന്ന വഴിയിലാണ് തനുവും കൂട്ടാളികളും കാത്തുനിന്നിരുന്നത്. രാജീവിനെ സ്വീകരിക്കാൻ സുരക്ഷാപരിശോധന കഴിഞ്ഞ ആളുകൾ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. എന്നാൽ തിരക്കിനിടയിൽ സുരക്ഷാ ഭടന്മാരുടെ കണ്ണുവെട്ടിച്ച്, തനു തന്റെ ശരീരത്തിൽ ചേർത്തു കെട്ടിയ ബോംബുമായി രാജീവിനരികിലേക്കെത്തുകയായിരുന്നു. തിരക്കിട്ട് രാജീവിനടുത്തേക്ക് വന്ന തനുവിനെ സുരക്ഷാ ഉദ്യോഗസ്ഥയായ അനസൂയ തള്ളിമാറ്റിയെങ്കിലും രാജീവ് കയ്യുയർത്തി അനസൂയയെ തടഞ്ഞു. സമയം രാത്രി 10.20. രാജീവിന്റെ കഴുത്തിൽ ഹാരം അണിയിച്ചശേഷം, കാലിൽ സ്പർശിക്കാനെന്ന വ്യാജേന കുമ്പിട്ട തനു തന്റെ ശരീരത്തിലുള്ള ബോംബിന്റെ ഡിറ്റണേറ്ററിൽ വിരലമർത്തി. ശക്തമായ സ്‌ഫോടനമായിരുന്നു പിന്നീട്. രാജീവും ചുറ്റും നിന്നിരുന്ന പതിനഞ്ചു പേരും കൊല്ലപ്പെട്ടു. മാംസം കരിഞ്ഞമണവും പുകയുമായിരുന്നു അവിടെ കുറേ നേരത്തേക്ക്. രാജീവ് സ്ഥിരമായി ധരിക്കാറുള്ള ലോട്ടോ ഷൂസാണ് അദ്ദേഹത്തിന്റെ മൃതദേഹം പെട്ടെന്നുതന്നെ തിരിച്ചറിയാനായി സഹായിച്ചത്.
1991 ഏപ്രിൽ 7ന് ഒരു പ്രധാന തെരഞ്ഞെടുപ്പ് യോഗത്തിൽ എൽ.ടി.ടി.ഇ ഭീകരർ രാജീവിനെ വധിക്കേണ്ട പദ്ധതിയുടെ പരിശീലനം നടത്തിയിരുന്നു. ഇത് ചിത്രങ്ങളിലാക്കി ശേഖരിച്ചുവെക്കാനായി ഹരിബാബു എന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫറേയും അവർ വാടകക്കെടുത്തു. ശ്രീപെരുംപുത്തൂരിൽ ഹരിബാബുവിന്റെ ക്യാമറയിൽ നിന്നും കിട്ടിയ ചിത്രങ്ങളാണ് കൊലപാതകികളെ തിരിച്ചറിയാൻ സഹായിച്ചത്. ഹരിബാബു ഈ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടുവെങ്കിലും അയാളുടെ ക്യാമറക്കോ അതിനുള്ളിലെ ഫിലിമുകൾക്കോ യാതൊരു കേടും പറ്റിയിരുന്നില്ല.
2006 വരെ എൽ.ടി.ടി.ഇ രാജീവിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തില്ല. 2006ൽ ഒരു അഭിമുഖത്തിൽ തമിഴ് പുലികളുടെ വക്താവായ ആന്റൺ ബാലശിങ്കം എൽ.ടി.ടി.ഇയുടെ പങ്ക് പരോക്ഷമായി സമ്മതിച്ചു. രാജീവിന്റെ മരണത്തിന് ഉത്തരവാദിയായി ശ്രീലങ്കൻ വംശജരായ എൽ.ടി.ടി.ഇ അംഗങ്ങളും തമിഴ്‌നാട്ടിൽ നിന്നുള്ള അവരുടെ സഹായികളും അടക്കം 26 പേരെ ഇന്ത്യൻ കോടതി കുറ്റക്കാരായി വിധിച്ചു. രാജീവ് ഗാന്ധിക്ക് മരണത്തിനുശേഷം രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്‌നം ലഭിച്ചു. വീർഭൂമി എന്ന സ്മാരകം ദൽഹിയിൽ രാജീവിന്റെ സമാധി സ്ഥലത്ത് നിർമിച്ചിട്ടുണ്ട്.