Sorry, you need to enable JavaScript to visit this website.

പാർട്ടികളുടെ 'ചിക്കൻ സാൻഡ്‌വിച്ചു'കൾ

ഏതു രൂപത്തിലായാലും ഈ സർക്കാർ അധികാരമേറ്റ ശേഷം 35 പ്രമുഖ കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ടു മറ്റു കേന്ദ്രങ്ങളിൽ ചേക്കേറിയെന്നാണ് കണക്ക്. 'പ്രമുഖ'നല്ലെങ്കിൽ സാധാരണ മുഖമെങ്കിലുമുള്ള കൊച്ചിയിലെ ഡി.സി.സി സെക്രട്ടറി മുരളീധരൻ വരെ 'റ്റാറ്റാ' പറഞ്ഞു കഴിഞ്ഞു. എന്തായിരുന്നു പ്രകോപനമെന്ന വിഷയത്തിൽ രണ്ടഭിപ്രായം റെഡി. അദ്ദേഹത്തിനും 'വികസന'രോഗം പിടിപെട്ടിരിക്കുന്നു. കുമ്പളങ്ങിയിൽ നിന്നായിരിക്കാം. മറ്റൊരഭിപ്രായം, അങ്ങോർക്ക് പി.ടി. തോമസ് ജീവിച്ചിരുന്നപ്പോഴേ പകയുണ്ടായിരുന്നുവെന്നതാണ്. ആ പകയ്ക്ക് അടുത്ത അവകാശി ഉമാ തോമസായി മാറി. അത്രയേയുള്ളൂ (വാർത്ത പ്രചരിക്കുന്നതിനിടയിലും കൊച്ചിയിൽ വഴിനീളെ മഴവെള്ളം കയറുകയാണ്. ചെളിവെള്ളത്തിൽ ചവുട്ടി നിന്നു വോട്ടു ചോദിക്കുന്ന സ്ഥാനാർഥികളെ കണ്ടാൽ ഇറങ്ങിപ്പോകുന്നതൊന്നുമല്ല മഴവെള്ളം). ജയിച്ചു കഴിഞ്ഞാൽ കണ്ണുകാണാത്ത നേതാക്കളെക്കൊണ്ടു പാർട്ടികൾ നിറഞ്ഞുകവിഞ്ഞ്, നിന്നുതിരിയാൻ സ്ഥലമില്ലാത്ത ഈ വേളയിലാണ് ആശാകിരണങ്ങൾ ഇന്ത്യയൊട്ടാകെ കോൺഗ്രസിൽ കണ്ടുതുടങ്ങിയത്. കൊച്ചിയിൽ മുരളീധരനെങ്കിൽ, പഞ്ചാബിൽ സുനിൽ ജാക്കർ, ഗുജറാത്തിൽ വർക്കിംഗ് പ്രസിഡന്റ് ഹാർദിക് പട്ടേൽ. വർക്കു ചെയ്യാത്ത പ്രസിഡന്റുമാർ കൂട്ടംകൂടി നിൽക്കുന്നതാണ് പട്ടേലിന്റെ  പ്രകോപനം. സംസ്ഥാനങ്ങളിലും ദില്ലിയിലും അത്യുന്നതങ്ങളിൽനിന്നു ഹൈക്കമാന്റ് എത്തുമ്പോൾ 'ചിക്കൻ സാൻഡ്‌വിച്ച്' എത്തിക്കുകയാണ് നേതാക്കളുടെ ജോലി എന്ന് പട്ടേൽ തുറന്നടിച്ചു. 28 വയസ്സേയുള്ളൂ. 70 കഴിഞ്ഞിട്ടും ഒന്നും പഠിക്കാത്ത നേതാക്കൾക്ക് നേരംപോക്കിനു സാൻഡ്‌വിച്ചിനെയോ യഥാർഥ ചിക്കനെയോ ആശ്രയിക്കാതെ ഒന്നും ചെയ്യാനില്ല. ഈ പ്രായത്തിൽ ബി.ജെ.പിയിൽ ചേർന്നാൽ എന്തുകിട്ടുമെന്ന് അദ്ദേഹം കണക്കുകൂട്ടുന്നു. സമാന്തരമായി, സി.പി.എമ്മിൽ കയറിക്കൂടിയാൽ കിടയ്ക്കാനുള്ളതിന്റെ കണക്കു നോക്കുകയാണ് കൊച്ചിയിലെ എം.ബി. മുരളീധരൻ. കുമ്പളങ്ങി മാഷ് കോൺഗ്രസിൽനിന്നും 'ഔട്ടാ'യതിന്റെ കാരണം 'സത്യം' പോലെ വെളിവായിരിക്കുന്നു. പാൽപ്പായസമായാലും എന്നും കഴിച്ചാൽ മടുക്കും. തിരുത മത്സ്യത്തിന്റെ ചേരുവകളുമായി മാഷ് നടന്നു. മറ്റു സംസ്ഥാന നേതാക്കൾ അന്നേരം കോഴിയിറച്ചിയുടെ വിവിധ 'റെസിപ്പി'കൾ പരീക്ഷിക്കുകയായിരുന്നു. ഇനി ദിവസേന കോവിഡ് കണക്ക് പ്രസിദ്ധീകരിക്കുന്നതുപോലെ, കോൺഗ്രസ് വിട്ടവരുടെ പട്ടികയും പുറത്തുവരും. 

****                                         ****                                          ****


ഭാഷാ സൗകുമാര്യം വാമൊഴി വഴക്കത്തിലൂടെ മലയാളികളെ കേൾപ്പിച്ച്, ആനന്ദത്തിൽ ആറാടിക്കുകയും പിന്നെ കരയ്ക്കുകയറ്റി പ്രാണരക്ഷാർഥം ഓടിക്കുകയും ചെയ്ത നേതാക്കൾ അനവധിയുണ്ട്. അതിൽ പ്രിയപ്പെട്ടവരുടെ പേരുകൂടി ചേർത്ത് '... ഈ വീടിന്റെ ഐശ്വര്യം' എന്ന് വീട്ടു വാതിലിനും പാർട്ടി ഓഫീസിന്റെ കട്ടിളപ്പടിയിലുമൊക്കെ ഒട്ടിച്ചു വയ്ക്കുന്നത് നല്ലതാണ്. നികൃഷ്ട ജീവിയെയും പരനാറിയെയും കുലംകുത്തിയെയുമൊക്കെ തൂത്തുവാരിക്കളഞ്ഞാണ് പിണറായി സഖാവ് കേരളം പിടിച്ചടക്കിയത്. 'കൊടുത്താൽ കൊല്ലത്തുംകിട്ടും' എന്നു പറഞ്ഞതു പോലെ, സ്വന്തം നാട്ടിൽനിന്നു തന്നെയുളള ഒരു അതുല്യ പ്രതിഭയെയാണ് ഇപ്പോൾ നിത്യവും നേരിടുന്നത്. അമേരിക്കൻ ഐക്യനാടുകളിൽ സന്ദർശനം കഴിഞ്ഞു മടങ്ങിയ മുഖ്യന് കാലിൽ നീരുണ്ടെന്ന് കണ്ടുപിടിച്ചത് തലസ്ഥാന മേയർ ആര്യാ രാജേന്ദ്രൻ സഖാവാണ്. സ്ഥിരമായി ദന്തനിര മൊത്തം കാട്ടി ചിരിക്കുന്ന സഖാവ് പിണറായി കടുത്ത വേദന സഹിച്ചാണ് കുട്ടികളുടെ ചടങ്ങിനെത്തിയതെന്നും വെളിപ്പെടുത്തി. തിരക്കിനിടയിൽ പാഞ്ഞെത്തിയ മുഖ്യനെ ഒന്നു കണേണ്ടതു തന്നെ.
കേരളത്തിന്റെ ആ രക്ഷകനെ നോക്കി (മേയറുടെ അഭിപ്രായമാണേ!) സുധാകര ഗുരുക്കൾ വളരെ നിന്ദ്യമായാണ് കമന്റടിച്ചത്. ഇതിന് കെ.പി.സി.സി ബാധ്യത ഏറ്റെടുക്കണമെന്ന് എൽ.ഡി.എഫിന് അഭിപ്രായമുണ്ട്. അങ്ങനെ കോൺഗ്രസിനെ തകർക്കാനുള്ള പരിപാടി തിരിച്ചറിഞ്ഞാണ് സതീശനാശാൻ പഴയ പുരാണങ്ങൾ പൊടി തട്ടിയെടുത്തത്. പക്ഷേ അഖിലേന്ത്യാ യാത്ര നടത്താൻ രാഹുൽ ഗാന്ധിയും സംസ്ഥാന ജില്ലാ ചിന്തൻ ശിബിരങ്ങൾക്കു കോൺഗ്രസും തയാറെടുക്കുന്ന ശുഭമുഹൂർത്തമാണ് അടുത്ത മാസം. അതുകഴിഞ്ഞ് ആരെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ സുധാകര ഗുരുവിന്റെ കേസ് ഏറ്റെടുത്താൽ പോരേ?
തൃപ്പുണിത്തുറയിൽ ഭൂരിപക്ഷം നഷ്ടമായാൽ അതിന്റെ അർഥം ജനപിന്തുണ ഏറി എന്നാണോ? കണക്കിൽ പല സമവാക്യങ്ങളും മാറാം. മുഖ്യമന്ത്രിയുടെ നോട്ടത്തിൽ ആകെ 42ൽ 24 സീറ്റുകളിൽ ജയിച്ച് ഇടതുപക്ഷം ജനപിന്തുണ വീണ്ടും നേടിയിരിക്കുന്നു. ഇനി സിൽവർ ലൈനിന് സ്പീഡ് കൂടും. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലും നേടും. ഒരു സീറ്റിന്റെ കുറവ് പരിഹരിക്കാൻ പുറത്തുനിന്ന് ആളെ കൊണ്ടുവരാൻ കഴിയുമോ? 'ആപത്തിൽ സഹായിക്കുന്നവനാണ് യഥാർഥ മിത്രം' എന്നാണ് ചൊല്ല്. തിരുവൻവണ്ടൂരിൽ പല തവണ മോഡിയുടെ പാർട്ടി പിണറായിയുടെ പാർട്ടിയെ സഹായിച്ചിട്ടുണ്ട്. സഹികെട്ടപ്പോൾ അവിശ്വാസമായി, വഴക്കും വക്കാണവുമായി. അതങ്ങനെയാണ്. അവിഹിത ബന്ധങ്ങൾ അടികലശലിൽ അവസാനിക്കുമെന്നത് ലോക നിയമം. തൃപ്പൂണിത്തുറയിൽ അത് എന്ന് ആരംഭിക്കുമെന്നറിയാൻ കാത്തിരിക്കാം.

****                                             ****                                   ****

എൻ.സി.പി ഒരു ചെറിയ പാർട്ടിയല്ല; പി.സി. ചാക്കോ ചെറിയ നേതാവുമല്ല; ചുരുങ്ങിയപക്ഷം അദ്ദേഹത്തിനെങ്കിലും. കുറച്ചുകാലമായി ചാക്കോച്ചൻ 'ബാക്ക് സീറ്റ് ഡ്രൈവിംഗി'നു പഠിക്കുന്നു. 'ക്ലച്ച്' പിടിക്കുന്നില്ല എന്നു നാടൻ പ്രയോഗം നടത്താതെ നിർവഹമില്ല. ശശീന്ദ്രൻ വഴങ്ങാഞ്ഞിട്ടാണോ, പവാർജി മുംബൈ സിറ്റിയിൽ ഇരുന്നു കനിയാഞ്ഞിട്ടാണോ എന്ന് കവടി നിരത്തി പരിശോധിക്കുന്നത് നന്ന്. 'കേന്ദ്ര നേതൃത്വം' എന്ന കനമുള്ള വാക്ക് പ്രയോഗിക്കാൻ തക്കവണ്ണമൊന്നും വലുപ്പമില്ലെങ്കിലും, പവാർജി ഒരു സിംഹമാണ്; സട കൊഴിഞ്ഞുപോയി. ചാക്കോച്ചന് ഇഷ്ടമല്ലാത്തവരുടെയും പവാർജിക്ക് അപ്രിയക്കാരായവരുടെയും തലകൾ പോസ്റ്ററുകളിൽ നിന്നു നീക്കം ചെയ്യുന്ന വിനോദത്തിലാണ് ഇരുവരും. നേരംപോക്കാൻ ഇതിനെക്കാൾ വലിയ കളി ഇനി ഇന്ത്യൻ രാഷ്ട്രീയത്തിൽ വേറേ കണ്ടുപിടിക്കണം. പക്ഷേ ഒരു കാര്യം ചാക്കോച്ചൻ, ഒരു പുത്തൻ വിശാല മുന്നണി ജന്മമെടുക്കുകയും ഇന്ത്യൻ പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ് വന്നെത്തുകയും ചെയ്താൽ.... ചെയ്താൽ മറ്റൊന്നുമില്ല, ശരത് പവാർജിയും ഒരു സ്ഥാനാർഥി ആയെന്നു വരും. വെറുതെ, ഉള്ള കഞ്ഞിയിൽ പാറ്റയിടാതെ നോക്കുന്നതാണ് ബുദ്ധി, ചാക്കോച്ചാ!
 

Latest News