Sorry, you need to enable JavaScript to visit this website.

പന്നിക്കെണിയില്‍നിന്ന് ഷോക്കേറ്റ് വീണ്ടും മരണം, ഇത്തവണ വിതുരയില്‍

തിരുവനന്തപുരം- വിതുരയില്‍ കമ്പിവേലിയില്‍നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു. കാട്ടുപന്നിക്കായി ഒരുക്കിയ വൈദ്യുതി കെണിയില്‍ പെട്ടാണ് മധ്യവയസ്‌കന്‍ മരിച്ചത് എന്നാണ് വിവരം. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

ലക്ഷ്മി എസ്‌റ്റേറ്റിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ വിതുര മേഖലയിലായിരുന്നു സംഭവം. വീടിനോട് ചേര്‍ന്ന് കാട്ടുപന്നിയെ കൊല്ലാന്‍ വേണ്ടി കെട്ടിയ വൈദ്യുതി കമ്പിവേലിയില്‍ നിന്ന് ഷോക്കേറ്റതായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. അറുപത് വയസ് തോന്നിക്കുന്ന ആളുടെ മൃതദേഹം നഗ്‌നമായ രീതിയിലായിരുന്നു.

സമീപവാസികളോട് ഇയാളെക്കുറിച്ച് അന്വേഷിച്ചെങ്കിലും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കാലിന് താഴെയായി പൊള്ളലേറ്റ പാട് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് മരണം ഷോക്കേറ്റതാവാം എന്ന നിഗമനത്തില്‍ പോലീസ് എത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കേളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസം സമാന രീതിയില്‍ കാട്ടുപന്നിക്ക് ഒരുക്കിയ കെണിയില്‍ പെട്ട് മുട്ടിക്കുളങ്ങരയില്‍ രണ്ട് പോലീസുകാരെ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിലെ ഹവില്‍ദാര്‍മാരായ അശോകന്‍, മോഹന്‍ദാസ് എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ ക്യാമ്പിന് പിറകിലെ വയലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കാട്ടു പന്നിക്കായി ഒരുക്കിയ കെണിയില്‍ പെട്ടായിരുന്നു ഇരുവരും മരിച്ചത് എന്ന് പിന്നീട് പോലീസ് കണ്ടെത്തിയിരുന്നു, സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

 

Latest News