ജിദ്ദ- രണ്ടര പതിറ്റാണ്ട് പ്രവാസ ജീവിതം ധന്യമാക്കി ജിദ്ദയിലെ കലാ സംസ്‌കാരിക, സമൂഹിക മേഖലയിലെ നിറസാന്നിധ്യമായ നിസാര്‍ ഇരിട്ടി നാട്ടിലേക്ക് മടങ്ങുന്നു. 27 വര്‍ഷം മുമ്പ് ദമാമിലെത്തി പ്രവാസ ജീവതം ആരംഭിച്ച തനിക്ക് എല്ലാം നല്‍കിയത് സൗദി അറേബ്യയുടെ മണ്ണാണെന്ന് കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ നിസാര്‍ മലയാളം ന്യൂസിനോട് പറഞ്ഞു.
ബഖാലയിലെ ഡെലിവറി ബോയി ആയാണ് ജോലിയില്‍ പ്രവേശിച്ചതെങ്കിലും സ്ഥിരോത്സാഹത്തിന്റേയും കഠിന പ്രയത്‌നത്തിന്റേയും ഫലമായി സൗദി അറേബ്യയിലെ പ്രമുഖ കമ്പനിയിലെ റിസ്‌ക് ഓഫീസര്‍ പദവിയില്‍നിന്നാണ് നാട്ടിലേക്ക് മടങ്ങുന്നത്.
ലഭിച്ച ജോലിയില്‍തന്നെ പിടിച്ചുനില്‍ക്കാതെ ഉയര്‍ച്ചയുടെ പടവുകള്‍ തേടണമെന്നാണ് പലര്‍ക്കും ഗൈഡന്‍സും കൗണ്‍സലിംഗും നല്‍കിയ നിസാറിന് പ്രവാസി യുവാക്കളോട് പറയാനുള്ളത്. നാട്ടില്‍നിന്ന് മടങ്ങുമ്പോള്‍ ചിപ്‌സും മുറുക്കും കൊണ്ടുവരുന്നതോടൊപ്പം പുസ്തകങ്ങളും കൊണ്ടവരാന്‍ ശ്രമിക്കണമെന്നാണ് നാട്ടിലേക്ക് മടങ്ങുന്ന വേളയില്‍ ആയിരത്തോളം പുസ്തകങ്ങള്‍ ബാക്കിയുള്ള നിസാറിന്റെ ഉപദേശം.
ഓഫീസ് സെക്രട്ടറി, ജൂനിയര്‍ അക്കൗണ്ടന്റ്, സീനയര്‍ അക്കൗണ്ടന്റ് ,ഓഫീസ് മാനജേര്‍ തുടങ്ങിയ ജോലികള്‍ നിര്‍വഹിച്ച ശേഷമാണ് ബിന്‍ മഹ്ഫൂസ് കമ്പനിയിലെ റിസ്‌ക് ഓഫീസര്‍ ചുമതലയിലെത്തിയത്.
ജോലിത്തിരക്കിലും ജിദ്ദയിലെ സാമൂഹിക, സാസ്‌കാരിക മേഖലകളില്‍ കൈയൊപ്പ് ചാര്‍ത്താനും വിപുലമായ സൗഹൃദവലയം സൃഷ്ടിക്കാനും നിസാറിനു കഴിഞ്ഞു. കോവിഡ് കാലത്ത് അത്യാവശ്യക്കാര്‍ക്ക് അവശ്യ മരുന്നുകളും മറ്റുമെത്തിച്ച് ചെയ്ത സേവനങ്ങള്‍ പലരും എടുത്തു പറയുന്നു. കോവിഡ് കാലത്തെ വിശിഷ്ട സേവനത്തിനുള്ള മീഡിയ വണ്‍ ബ്രേവ് ഹാര്‍ട്ട് അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു.
പ്രാവസി സംസ്‌കാരിക വേദി, തനിമ സംസ്‌കാരികവേദി, സിജി, മലര്‍വാടി റിസോഴ്‌സ്, കണ്ണൂര്‍ ജില്ലാ അസോസിയേഷന്‍ തുടങ്ങി നിരവധി വേദികളില്‍ സജീവ പങ്കുവഹിച്ചു. യു.എ.ഇ, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ച നിസാര്‍ സൗദി അറേബ്യയിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള ടൂര്‍ സംഘങ്ങള്‍ക്ക് നേതൃത്വം നല്‍കി. നാട്ടിലും വിദേശത്തുമായി നിരവധി മോട്ടിവേഷന്‍ ക്ലാസുകളും കൗണ്‍സലിംഗും നടത്തിയിട്ടുണ്ട്. മലയാളം ന്യൂസ് സര്‍ഗവീഥിയിലും മറ്റു ആനുകാലികങ്ങളിലും കവിതകള്‍ എഴുതാറുള്ള നിസര്‍ വിവിധ വേദികളില്‍ അവ ചൊല്ലിയും സദസ്യരുടെ പ്രശംസ പിടിച്ചുപറ്റാറുണ്ട്.
നാട്ടിലെത്തിയാലും സമൂഹിക, സാംസ്‌കാരിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ തുടരണമെന്ന ആഗ്രഹത്തോടെയാണ് മടങ്ങുന്നതെന്ന് നിസാര്‍ പറഞ്ഞു. സാബിറ ഭാര്യയും നസീഫ്, നബീല്‍ എന്നിവര്‍ മക്കളുമാണ്.
അടുത്ത മാസം നാട്ടിലേക്ക് മടങ്ങുന്ന നിസാറുമായി 0502315283 നമ്പറില്‍ ബന്ധപ്പെടാം.