Sorry, you need to enable JavaScript to visit this website.

മഴ മാറിനിന്നു, പൂരം വെടിക്കെട്ട് ഗംഭീരമായി

തൃശൂര്‍-  മഴ മാറി നിന്ന ഒമ്പതാം നാളില്‍ മാറ്റിവെച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ഗംഭീരമായി നടത്തി. ഇന്നലെ ഉച്ചക്ക് രണ്ടരക്ക് ശേഷം പൊട്ടിക്കും എന്ന് ആദ്യം അറിയിപ്പ് ഉണ്ടായിരുന്നുവെങ്കിലും മൂന്ന് മണിയോടെ മഴയെത്തും എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ  മുന്നറിയിപ്പ് വന്നതോടെ പൂരം വെടിക്കെട്ട് ഉച്ചയ്ക്ക് ഒരു മണിക്ക് നടത്താന്‍ അടിയന്തരമായി മന്ത്രി ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് 12 മണിയോടെ നഗരത്തിലെ വഴികളെല്ലാം അടച്ചു. രാവിലെ വെയില്‍ കണ്ടതോടെ വെടിക്കെട്ട് സെറ്റ് ചെയ്യുന്ന പ്രവൃത്തികള്‍ ഇരുവിഭാഗവും ആരംഭിച്ചിരുന്നു. ഗുണ്ടും ഓലപ്പടക്കങ്ങളും  പ്ലാസ്റ്റിക് കവറുകള്‍ കൊണ്ട് മൂടിയാണ് വെടിക്കെട്ടിന് സജ്ജമാക്കിയത്.
മഴ കൊള്ളാതിരിക്കാന്‍ പൂരം വെടിക്കെട്ട് ചരിത്രത്തില്‍ ഇതാദ്യമായാണ് വെടിക്കെട്ടു സാമഗ്രികള്‍ പ്ലാസ്റ്റിക് കവര്‍ കൊണ്ട് മൂടുന്നത്.
ഉച്ചക്ക് ഒരു മണിയോടെ വെടിക്കെട്ട് നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും പാറമേക്കാവ് വിഭാഗം പരിശോധനകളും മറ്റും പൂര്‍ത്തിയാക്കി ഉച്ചക്ക് രണ്ടു മണി കഴിഞ്ഞ് അഞ്ചു മിനിറ്റ്  ആയപ്പോഴാണ്   വെടിക്കെട്ടിന് ആദ്യം തീകൊളുത്തിയത്.
ഗുണ്ടുകളും കുഴിമിന്നികളും അമിട്ടു കളും ഇടകലര്‍ത്തി താളാത്മകമായി വെടിക്കെട്ട് പൊട്ടിച്ച് പാറമേക്കാവിന്റെ  വെടിക്കെട്ട് കരാറുകാരന്‍  വര്‍ഗീസ് കാഴ്ചക്കാരുടെ കയ്യടി നേടി. പാറമേക്കാവിന്റെ കൂട്ടപ്പൊരിച്ചിലില്‍ നഗരം പ്രകമ്പനംകൊണ്ടു.
ഏതാനും മിനിറ്റുകള്‍ക്ക് ശേഷം തിരുവമ്പാടി വിഭാഗം വെടിക്കെട്ടിന് ഒരുങ്ങുമ്പോള്‍ മഴ മേഘങ്ങള്‍ നഗരത്തിനു മുകളില്‍ എത്തി. ഇതോടെ തിരുവമ്പാടിയുടെ വെടിക്കെട്ട് മുടങ്ങുമോ എന്ന ആശങ്ക വരെ നഗരത്തില്‍ ഉയര്‍ന്നു. ഒട്ടും സമയം കളയാതെ തിരുവമ്പാടിയും വെടിക്കെട്ടിന് തിരികൊളുത്തി. ഓലപ്പടക്കങ്ങളില്‍നിന്ന് തുടങ്ങി ഗുണ്ടുകളിലേക്കും  കുഴിമിന്നിയിലേക്കും അമിട്ടുകളിലേക്കും വെടിക്കെട്ട് പടര്‍ന്നതോടെ പൂരം വെടിക്കെട്ട് ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാ ലൈസന്‍സി നടത്തുന്ന വെടിക്കെട്ട് അതിഗംഭീരമായി കൂട്ടപ്പൊരിച്ചിലില്‍ എത്തി.
തിരുവമ്പാടിയുടെ വെടിക്കെട്ട് കഴിഞ്ഞ ഉടന്‍  തൃശൂര്‍ നഗരത്തില്‍ മഴപെയ്തു.
സാധാരണ പൂരം വെടിക്കെട്ടിന് ഉണ്ടാകാറുള്ള തിരക്ക് നഗരത്തില്‍ അനുഭവപ്പെട്ടില്ല. പ്രവൃത്തി ദിവസം ആയതിനാലും പറഞ്ഞതിലും നേരത്തെ വെടിക്കെട്ട് പൊട്ടിക്കാന്‍ തീരുമാനിച്ചതിനാലും  വെടിക്കെട്ട് കാണാന്‍ ആളുകള്‍ കുറവായിരുന്നു. എന്നാല്‍ പെസോയുടെ നിയമ നിയന്ത്രണ പ്രകാരം കാഴ്ചക്കാരെ വെടിക്കെട്ട് കാണാന്‍ സ്വരാജ് റൗണ്ടില്‍ അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല.

 

Latest News