കണ്ണൂര്‍- കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ 'തുടലു പൊട്ടിച്ച നായ' പ്രയോഗം, രാഷ്ട്രീയ വിവാദത്തിനപ്പുറം നിയമയുദ്ധമാവുന്നു. കൊച്ചിയില്‍ കെ. സുധാകരനെതിരെ കേസെടുത്തതിന് പിന്നാലെ, കണ്ണൂരില്‍, സുധാകരനെതിരെ സമാന പരാമര്‍ശം നടത്തിയ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജനെതിരെ യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കെ. സുധാകരന്‍ വിവാദ പരാമര്‍ശം നടത്തിയത്. തുടലുപൊട്ടിയ പട്ടിയെ പോലെ മുഖ്യമന്ത്രി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തില്‍ അലഞ്ഞു നടക്കുന്നുവെന്നായിരുന്നു സുധാകരന്റെ പരാമര്‍ശം. ഇത് വിവാദമായതോടെ സുധാകരന്‍ തിരുത്തുകയും ചെയ്തു. താന്‍ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചിട്ടില്ലെന്നും, ഇത് മലബാറിലെ ഒരു നാടന്‍ പ്രയോഗമാണെന്നും തന്നെക്കുറിച്ച് തന്നെ ഇത് താന്‍ പറയാറുണ്ടെന്നും പരാമര്‍ശത്തില്‍ വിഷമമുണ്ടെങ്കില്‍ പിന്‍വലിക്കുന്നുവെന്നുമായിരുന്നു സുധാകരന്റെ വിശദീകരണം. ഇതില്‍ കേസെടുത്ത് ജയിലിലടച്ചാല്‍ അതിനെ അതേ രീതിയില്‍ നേരിടുമെന്നും സുധാകരന്‍ വ്യക്തമാക്കിയിരുന്നു. വിവാദം കെട്ടടങ്ങുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും വീണ ജോര്‍ജ് മുതല്‍ എം.എം. മണി വരെയുള്ളവര്‍ ഫേസ് ബുക്കില്‍ സുധാകരനെതിരെ കടുത്ത വിമര്‍ശമുയര്‍ത്തുകയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കെ.സുധാകരന്റെ കോലം കത്തിക്കുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് കണ്ണൂരില്‍ സുധാകരന്റെ തട്ടകത്തില്‍ രൂക്ഷ വിമര്‍ശവുമായി എം.വി. ജയരാജന്‍ രംഗത്തെത്തിയത്. 'പന്തീരാണ്ട് കാലം സുധാകരനെ കുഴലിലിട്ടാലും നേരെയാകില്ലെന്നും, കാഞ്ഞിരക്കുരുവില്‍ നിന്നും മധുരം പ്രതീക്ഷിക്കാനാവില്ലെന്നും, ഇതിലും കൂടുതല്‍ പ്രയോഗമാണ് സുധാകരനില്‍ നിന്നും വരാനിരിക്കുന്നതെന്നുമായിരുന്നു എം.വി. ജയരാജന്റെ വിമര്‍ശം. എം.വി ജയരാജന്‍ രൂക്ഷ വിമര്‍ശമുയര്‍ത്തിയപ്പോള്‍ കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍ നിലപാട് മയപ്പെടുത്തിയാണ് പ്രതികരിച്ചത്. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ എന്തും പറയാനുള്ള ലൈസന്‍സാണോ ചിന്തന്‍ ശിബിര്‍ നേതാക്കള്‍ക്ക് നല്‍കിയതെന്നും മുഖ്യമന്ത്രിയെ അധിക്ഷേപിച്ച സുധാകരനെതിരെ നടപടിയെടുക്കുമോ എന്നുമായിരുന്നു ഇ.പി. ജയരാജന്റെ പ്രതികരണം.
വിവാദ പ്രതികരണത്തിന്റെ പേരില്‍ കെ. സുധാകരനെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തതിന് പിന്നാലെ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിന് ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് സുദീപ് ജെയിംസ്, എം.വി. ജയരാജനെതിരെ പോലീസില്‍ പരാതി നല്‍കിയത്. കെ. സുധാകരനെ, എം.വി.ജയരാജന്‍ പട്ടിയുടെ വാലിനോട് ഉപമിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. 'പന്തീരാണ്ട് കാലം സുധാകരനെ കുഴലിലിട്ടാലും നേരെയാകില്ല' എന്നായിരുന്നു എം.വി. ജയരാജന്റെ പ്രസ്താവന.
കെ. സുധാകരനെതിരെ ഡി.വൈ.എഫ്.ഐ നേതാവിന്റെ പരാതിയില്‍ കേസെടുത്ത പിണറായിയുടെ പോലീസ്, യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പരാതിയില്‍ എം.വി. ജയരാജനെതിരെ കേസെടുക്കുമോ എന്ന് കാത്തിരിക്കയാണ് കോണ്‍ഗ്രസ്. കേസെടുക്കാന്‍ തയാറായില്ലെങ്കില്‍ കോടതിയെ സമീപിക്കാനും ഈ വിഷയം തൃക്കാക്കര തെരഞ്ഞെടുപ്പില്‍ പ്രചാരണായുധമാക്കാനുമാണ് നീക്കം. കേസെടുത്താലും ഇല്ലെങ്കിലും ഈ വിഷയം സി.പി.എമ്മും കോണ്‍ഗ്രസും തമ്മില്‍ കണ്ണൂരില്‍ പുതിയ പോര്‍മുഖം തുറക്കുകയാണ്.