ദുബായ്- യു.എ.ഇ ബിസിനസുകാരനെ വസ്ത്രമില്ലാതെ ഡച്ച് വനിതയുടെ കിടപ്പറയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിചാരണ തുടങ്ങി. മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന ഇയാള്‍ ആന്റി നാര്‍ക്കോട്ടിക്‌സ് പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തുവെന്നാണ് മുഖ്യ ആരോപണം.
കഴിഞ്ഞ ജനുവരിയില്‍ 37 കാരനായ ബിസിനസുകാരന്‍ അല്‍ ബറാഹയിലെ ഫ് ളാറ്റില്‍ പ്രശ്‌നമുണ്ടാക്കുന്നുവെന്ന് പറഞ്ഞ് ഡച്ച് വനിത പോലീസിനെ വിളിക്കുകയായിരുന്നു. ഉദ്യോഗസ്ഥരെത്തി ഫ് ളാറ്റില്‍ പ്രവേശിച്ചപ്പോള്‍ ഇയാള്‍ പൂര്‍ണ നഗ്നനായി ഡച്ച് വനിതയുടെ കിടക്കയിലായിരുന്നു. അറസ്റ്റ് ചെയ്യാനുള്ള ശ്രമം തടഞ്ഞ ഇയാള്‍ മൂന്ന് പോലീസുകാരെ കയ്യേറ്റം ചെയ്തു. കൈയില്‍ ആമം വെക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ പിടിച്ചു തള്ളുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് കേസ് രേഖകളിലുള്ളത്.
മയക്കുമരുന്ന് ഉപയോഗിച്ച പ്രതി അറസ്റ്റ് തടസ്സപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞെന്നും കയ്യേറ്റം ചെയ്തുവെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതി കുറ്റം നിഷേധിച്ചു. പോലീസുകാരെ അസഭ്യം പറഞ്ഞിട്ടില്ലെന്നും അവര്‍ ആമം വെച്ചാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും അറസ്റ്റ് തടഞ്ഞിട്ടില്ലെന്നും പ്രതി വാദിച്ചു. ചുമലില്‍ പരിക്കുള്ള തനിക്ക് എങ്ങനെ അറസ്റ്റ് തടയാന്‍ സാധിക്കുമെന്ന് ചോദിച്ച ഇയാള്‍ ഡോക്ടറുടെ നിര്‍ദേശമനുസരിച്ചാണ് മയക്കു ഗുളിക കഴിച്ചതെന്നും വാദം ഉന്നയിച്ചു. അജ്മാനിലെ ആശുപത്രിയില്‍നിന്നാണ് ട്രാമഡോള്‍ ഗുളിക വാങ്ങിയതെന്നും കുറ്റവിമുക്തനാക്കണമെന്നും ജഡ്ജി ഫഹദ് അല്‍ ശംസി മുമ്പാകെ ഇയാള്‍ ബോധിപ്പിച്ചു.
തന്റെ ഫ് ളാറ്റിലെത്തി കുഴപ്പമുണ്ടാക്കുന്നുവെന്നാണ് ഡച്ച് വനിത പോലീസിനോട് പറഞ്ഞതെന്നും ഫ് ളാറ്റ് റെയ്ഡ് ചെയ്തപ്പോള്‍ വനിതയുടെ കിടക്കയില്‍ നഗ്നനായി ഉറങ്ങുന്നതാണ് കണ്ടതെന്നും ആന്റി നാര്‍ക്കോട്ടിക്‌സ് പോലീസ് ലഫ്റ്റനന്റ് മൊഴി നല്‍കി. കേസില്‍ ഈ മാസം 22-ന് കോടതി വിധി പറയും.