Sorry, you need to enable JavaScript to visit this website.

ടീമിന് കേരളത്തിന്റെ അഭിനന്ദനം; ആറിന് വിജയ ദിനം

തിരുവനന്തപുരം- സന്തോഷ് ട്രോഫി നേടിയ കേരള ടീമിന് സംസ്ഥാനത്തിന്റെ അഭിനന്ദനം.ഗവർണർ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ തുടങ്ങിയവരെല്ലാം ടീമിനെ അനുമോദിച്ചു. അഹ്ലാദ പ്രകടനത്തിന്റെ ഭാഗമായി ഏപ്രിൽ 6ന് വിജയ ദിവസമായി ആചരിക്കാനും തീരുമാനിച്ചു. ക്യാപ്റ്റൻ രാഹുൽ വി.രാജിനെയും കോച്ച് സതീവൻ ബാലനെയും ഫോണിൽ വിളിച്ച് മുഖ്യമന്ത്രി അഭിനന്ദിച്ചു.
14 വർഷത്തിനു ശേഷം കേരളം കിരീടമുയർത്തിയത് ആവേശവും അഭിമാനവും നൽകുന്നതാണെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിൽ കുറിച്ചു. 14 വർഷത്തിനു ശേഷം സന്തോഷ് ട്രോഫി സ്വന്തമാക്കിയ കേരള ടീമിനെ അഭിനന്ദിക്കുന്നു. ടീമംഗങ്ങൾക്കും പരിശീലകർക്കും അഭിനന്ദനങ്ങൾ. ആവേശകരമായ മത്സരത്തിലൂടെ പെനൽറ്റി ഷൂട്ടൗട്ടിൽ ബംഗാളിനെ തോൽപിച്ചു നേടിയ ഈ കീരിട നേട്ടം കേരളത്തിന് അഭിമാനവും ആവേശവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 
സന്തോഷ് ട്രോഫി വിജയത്തിലൂടെ ഇന്ത്യൻ ഫുട്‌ബോൾ രംഗത്ത് കേരളത്തിന്റെ ആധിപത്യം  പുനഃസ്ഥാപിക്കാനായെന്ന് ഗവർണർ അനുമോദന സന്ദേശത്തിൽ പറഞ്ഞു. കായിക മന്ത്രി എ.സി. മൊയ്തീൻ ടീമംഗങ്ങളേയും പരിശീലകരേയും ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ചു. ഗ്രൂപ്പ് മത്സരങ്ങളിലടക്കം തോൽക്കാതെ കേരളം ചാമ്പ്യ ൻമാരായത് ഏറെ അഭിമാനകരമാണ്. 14 വർഷത്തിനു ശേഷം ആറാമത്തെ തവണ നേടിയ ഈ ചാമ്പ്യൻ പട്ടം കായിക കേരളത്തിന് ആവേശകരമാണ്. ഈ വിജയത്തിനു പിന്നിൽ പ്രവർത്തിച്ച കളിക്കാരെയും പരിശീലകരെയും മാനേജരെയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. 
വിജയ ദിനമായ ഏപ്രിൽ ആറിന് സംസ്ഥാന സർക്കാറിന്റെ ആഭിമുഖ്യത്തിൽ കേരളാ ടീമിന് സ്വീകരണം നൽകാനും തീരുമാനിച്ചിട്ടുണ്ട്. വൈകുന്നേരം നാലിനു തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണു സ്വീകരണം.
 

Latest News