ലണ്ടൻ- സ്വന്തം ഗ്രൗണ്ടായ സ്റ്റാംഫോഡ് ബ്രിഡ്ജിൽ ടോട്ടനമിനോട് ചെൽസിക്ക് 31 ന്റെ കനത്ത തോൽവി. രണ്ടാം പകുതിയിൽ ഡെയ്ൽ അല്ലിയുടെ ഇരട്ട ഗോളുകളാണ് 28 വർഷത്തിനു ശേഷം സ്റ്റാംഫോഡ് ബ്രിഡ്ജിൽ വിജയം നേടാൻ ടോട്ടനമിന് അവസരമൊരുക്കിയത്. ഇതോടെ നിലവിലെ ഇംഗ്ലീഷ് പ്രിമിയർ ലീഗ് ചാമ്പ്യൻമാർക്ക് അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷയും അസ്തമിക്കുകയാണ്.
നിലവിൽ അഞ്ചാം സ്ഥാനത്തുള്ള ചെൽസിയെക്കാൾ എട്ട് പോയന്റിന്റെ ലീഡുണ്ട് നാലാം സ്ഥാനത്തുള്ള ടോട്ടനമിന്. ഈ മാർജിൻ മറികടക്കുക വരുന്ന മത്സരങ്ങളിൽ ചെൽസിയെ സംബന്ധിച്ചിടത്തോളം അസാധ്യമായിരിക്കും. ലീഗിലെ ആദ്യ നാല് സ്ഥാനക്കാർക്കാണ് യൂറോപ്യൻ ചാമ്പ്യൻസ് ലീഗിലേക്ക് നേരിട്ട് യോഗ്യത ലഭിക്കുക.
മുപ്പതാം മിനിറ്റിൽ യുവാൻ മൊറാട്ടയിലൂടെ ചെൽസി മുന്നിലെത്തിയെങ്കിലും ആദ്യ പകുതി അവസാനിക്കുന്നതിനുമുമ്പ് ക്രിസ്റ്റ്യൻ എറിക്‌സൺ ഗോൾ മടക്കി. 62, 66 മിനിറ്റുകളിലായിരുന്നു ചെൽസിയുടെ നെഞ്ച് പിളർന്ന അല്ലിയുടെ ഗോളുകൾ.
അവസാന 15 മിനിറ്റുകളിൽ നേടിയ മൂന്ന് ഗോളുകൾക്ക് ആഴ്‌സനൽ സ്റ്റോക്ക് സിറ്റിയെ തോൽപ്പിച്ചു. ഒബാമിയാങ് രണ്ട് ഗോൾ നേടി. ഗണ്ണേഴ്‌സ് ലീഗിൽ ആറാമതാണ്. സ്പാനിഷ് ലീഗിൽ പകരക്കാരനായി ഇറങ്ങിയ ലിയോണൽ മെസ്സി ബാഴ്‌സലോണയെ തോൽവിയിൽനിന്ന് രക്ഷിച്ചു. സെവിയയുമായി രണ്ട് ഗോളിന് പിന്നിൽനിന്ന ബാഴ്‌സ കളി തീരാൻ രണ്ട് മിനിറ്റുള്ളപ്പോഴാണ് മെസ്സിയുടെ ഗോളിലൂടെ സമനില നേടുന്നത്. ലുയി സുവാരസാണ് ബാഴ്‌സയുടെ ആദ്യ ഗോൾ നേടുന്നത്.
ഈ സീസണിൽ ഇതുവരെ പരാജയമറിഞ്ഞിട്ടില്ലാത്ത ബാഴ്‌സ ശരിക്കും തോൽവിയെ അഭിമുഖീകരിച്ച മത്സരമായിരുന്നു ശനിയാഴ്ച രാത്രി.