കാസർകോട്- കപ്പുമായി തിരിച്ചു വരുമെന്ന് പറഞ്ഞാണ് രാഹുൽ സന്തോഷ് ട്രോഫി ടീമിന്റെ പരിശീലന ക്യാമ്പിൽ പങ്കെടുക്കാൻ വണ്ടി കയറിയത്. രാഹുൽ സുഹൃത്തുക്കളോട് പറഞ്ഞ വാക്കുകൾ യാഥാർഥ്യമായിരിക്കുന്നു. പതിനാല് വർഷങ്ങൾക്ക് ശേഷം കേരളം കിരീടം ചൂടിയപ്പോൾ രാഹുലിന്റെ നാവ് പൊന്നായി മാറിയെന്നാണ് നാട്ടുകാർ പറഞ്ഞത്.
കാൽപന്തു കളിയിൽ കവിത രചിച്ച് ദേശീയ തലത്തിൽ ശ്രദ്ധ നേടിയ താരമാണ് പിലിക്കോട് കോതോളിയിലെ കെ.പി.രാഹുൽ (19). ഇല്ലായ്മയിൽനിന്ന് സ്വപ്രയത്‌നത്തിലൂടെ കളിച്ചു വളർന്ന താരമാണ് രാഹുൽ. കേരളം ആറാം തവണ സന്തോഷ് ട്രോഫി സ്വന്തമാക്കിയപ്പോൾ പിലിക്കോടിനും അഭിമാന നിമിഷം. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നാണ് കാൽപന്തു കളിയിലെ താരോദയം.
തള്ളിക്കൊടുക്കാനും കൊണ്ടാടാനും ആളില്ലാതിരുന്ന നാലാം ക്ലാസുകാരന് കൂടെ കളിച്ച കൂട്ടുകാർ തന്നെയായിരുന്നു പ്രോത്സാഹനം. ലക്കി സ്റ്റാർ ക്ലബ്ബിലൂടെ പിലിക്കോട് കരപ്പാത്തെ പാറ മൈതാനിയിൽ പന്ത് തട്ടിക്കളിച്ചായിരുന്നു തുടക്കം. ഫുട്‌ബോളിനെ നെഞ്ചേറ്റിയ കോതോളിയിലെ എ. ഭാസ്‌കരൻ ബാലപാഠങ്ങൾ അഭ്യസിപ്പിച്ചു. പിലിക്കോട് ഗവ. യു.പി. സ്‌കൂൾ വിദ്യാർഥിയായിരിക്കെ വിഷൻ ഇന്ത്യാ പ്രൊജക്ടിൽ ഉദിനൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പരിശീലനം. കായികാധ്യാപകനായിരുന്ന പരേതനായ ഉദിനൂരിലെ ടി.വി. കൃഷ്ണന്റെ ഉപദേശവും പ്രോത്സാഹനവും. ഹൈസ്‌കൂൾ പഠനം ഉദിനൂർ ഹയർ സെക്കൻഡറിയിലാക്കി.
അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ അണ്ടർ 13 വിഭാഗത്തിൽ ജില്ലാ ടീമിലെത്തിയ രാഹുൽ പിന്നീട് സംസ്ഥാന ടീമിലെത്തി. ഹയർ സെക്കൻഡറി പഠനം മലപ്പുറം എം.എസ്.പി. സ്‌പോർട്‌സ് ഹോസ്റ്റലിലായിരുന്നു. കോട്ടയം ബസേലിയസ് കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണിപ്പോൾ രാഹുൽ.
സുബ്രതോ കപ്പിന് വേണ്ടി ബ്രസീലുമായി മത്സരിച്ചു. ദൽഹിയിൽ നടന്ന മത്സരത്തിൽ സഡൻ ഡത്തിലൂടെ (1-0) ഇന്ത്യ റണ്ണേഴ്‌സ് അപ് ആവുകയായിരുന്നു. അണ്ടർ 19 വിഭാഗത്തിൽ സ്വീഡനിൽ നടന്ന മത്സരത്തിൽ ഡല്ലി ഡയനോമീസിന് വേണ്ടി രാഹുൽ ജഴ്‌സിയണിഞ്ഞു. സന്തോഷ് ട്രോഫി ഇത്തവണ കേരളത്തിന് സ്വന്തമാക്കാമെന്ന പ്രതീക്ഷ തുടക്കത്തിൽ തന്നെ രാഹുലിനുണ്ടായിരുന്നു. അതിന് പാകത്തിൽ ഒത്തിണങ്ങിയ ടീമാണ് കളിക്കളത്തിലിറിങ്ങിയത്.
ക്യാപ്റ്റൻ രാഹുൽ വി.രാജിലും വൈസ് ക്യാപ്റ്റൻ എസ്. സീസൺ, പരിശീലകൻ സതീവൻ ബാലൻ, ബിജേഷ് ബെൻ എന്നിവരിൽ പൂർണ വിശ്വാസമർപ്പിച്ചായിരുന്നു രാഹുലിന്റെ മുന്നേറ്റം. ലക്കി സ്റ്റാർ പാറ മൈതാനിയിൽ സംഘടിപ്പിച്ച ക്യാമ്പിൽ ഉദിനൂർ കെ.വി. ഗോപാലനിൽ നിന്നു ലഭിച്ച പരിശീലനം, ഉദിനൂർ ഹയർസെക്കൻഡറി സ്‌കൂൾ കായികാധ്യാപകൻ പി.പി. അശോകൻ, വിഷൻ ഇന്ത്യ പരിശീലകരായ പവിത്രൻ, ശ്രീകാന്ത്, ഐ.എഫ്.എ പരിശീലകൻ ചിത്രരാജ്, എം.എസ്.പി സ്‌പോർട്‌സ് ഹോസ്റ്റലിലെ വിനോയ് സി.ജെയിംസ്, കോട്ടയം ബസേലിയസ് കോളേജിലെ ബിനു ജോർജ,് ഇന്ത്യൻ ടീം പരിശീലകൻ സതീവൻ ബാലൻ എന്നിവരിൽനിന്നു ലഭിച്ച പരിശീലനവും ഉപദേശ നിർദേശങ്ങളുമാണ് രാഹുലിലെ കളിക്കാരനെ വളർത്തിയെടുത്ത്. ഏറെ കടപ്പെട്ടിരിക്കുന്നത് സെൻട്രൽ കരപ്പാത്തിലെ ഉണ്ണിയോടാണ് (രാഗേഷ് കൃഷ്ണൻ).
പിലിക്കോട് കോതോളിയിലെ കെ.പി.രമേശന്റെയും തങ്കമണിയുടേയും മകനാണ് രാഹുൽ. സഹോദരി രസ്‌ന ചീമേനി ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ്ടു വിദ്യാർഥിനി. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലാണ് കുടുംബം. രമേശൻ മരപ്പണിയെടുത്താണ് കുടുംബം പുലർത്തുന്നത്. പഠനം നിർത്തി അച്ഛന്റെ കൂടെ തൊഴിലിനിറങ്ങാൻ ആലോചിച്ച നാളുകളുണ്ട് രാഹുലിന്. പുലർ കാലത്തെഴന്നേറ്റ് പത്ര വിതരണം നടത്തിയ ശേഷം ഫുട്‌ബോൾ പരിശീലനത്തിന് പോയതാണ് രാഹുലിന്റെ കുട്ടിക്കാലം. സ്വന്തമായൊരു വീടെന്ന കുടുംബത്തിന്റെ സ്വപ്‌നം പൂർത്തിയായിട്ടില്ല. ചീമേനി മുണ്ടയിൽ മിച്ചഭൂമിയായി കിട്ടിയ സ്ഥലത്താണ് മൂന്നു വർഷമായി താമസം.
തുടങ്ങിവെച്ച വീട് പണി സാമ്പത്തിക പ്രയാസം കാരണം പാതി വഴിയിലാണ്. കാൽപന്ത് കളിയിൽ മികവ് പുലർത്തിയ രാഹുലിന് കെ.എസ്.ഇ.ബിയിൽ ജോലി കൊടുക്കാനുള്ള ആലോചന നടക്കുന്നു. പാതിവഴിയിലായ വീട് പണി പൂർത്തിയാക്കുകയെന്നതാണ് രാഹുലിന്റെ സ്വപ്‌നം.